പാഴ്‌വസ്തു ശേഖരിക്കുന്നവര്‍ക്ക് നഗരസഭയുടെ ആദരം

Posted on: January 22, 2019 1:41 pm | Last updated: January 22, 2019 at 1:41 pm
പാഴ്‌വസ്തു ശേഖരിക്കുന്ന മുകേഷ്-കന്യാകുമാരി ദമ്പതികളെ നഗരസഭാ ചെയര്‍മാന്‍ ആദരിക്കുന്നു

പെരിന്തല്‍മണ്ണ: നഗരസഭയില്‍ ജീവനം ശുചിത്വ പദ്ധതിയുടെ ഭാഗമായി നടക്കുന്ന ദ്വൈമാസ ശുചിത്വാവബോധ പ്രചരണത്തിന്റെ ഭാഗമായി നഗരത്തിലെ പാഴ്‌വസ്തു ശേഖരിക്കുന്നവരെയും പാഴ് വസ്തു വ്യാപാരികളെയും ആദരിച്ചു. നഗരത്തില്‍ വര്‍ഷങ്ങളായി പാഴ്‌വസ്തു വ്യാപാരം നടത്തുന്ന 15 പേരും തെരുവില്‍ നിന്നും പാഴ്‌വസ്തു ശേഖരിക്കുന്ന 12 പേരുമടക്കം 27 പേരെയാണ് നഗരസഭ ആദരിച്ചത്.

ഉപഭോഗ സംസ്‌കാരത്തിന്റെ ഭാഗമായി സമൂഹത്തില്‍ കുമിഞ്ഞുകൂടുന്ന പാഴ്‌വസ്തുക്കളില്‍ 50 ശതമാനം ശേഖരിച്ച് പുനരുപയോഗ യോഗ്യമാക്കുന്ന പ്രക്രിയയില്‍ ഇടപെട്ട് മാലിന്യം കുറക്കാന്‍ സഹായിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ഒരു വിഭാഗമെന്ന നിലയിലാണ് നഗരസഭ ഇവരെ ആദരിച്ചത്.
പാഴ്‌വസ്തു വ്യാപാരികളായി പട്ടണത്തിലുള്ള 15 ഓളം പേര്‍ സ്വന്തം നിലയിലും നഗരസഭ ജീവനം പദ്ധതിയുമായി സഹകരിച്ചും നഗരത്തിലെ ടണ്‍ കണക്കിന് പാഴ്‌വസ്തുകള്‍ പുനരുപയോഗ സാധ്യമാക്കുന്നുണ്ട്.
നഗരത്തില്‍ ദൈനംദിനമുണ്ടാകുന്ന പ്ലാസ്റ്റിക്കടക്കമുള്ള പാഴ്‌വസ്തുക്കള്‍ വേര്‍തിരിച്ച് പുനരുപയോഗ സാധ്യമാക്കാന്‍ ആവശ്യമായ മുഴുവന്‍ സഹായവും നഗരസഭക്ക് നല്‍കുമെന്ന് വ്യാപാരികള്‍ ഉറപ്പുനല്‍കി.

നഗരത്തില്‍ പാഴ്‌വസ്തു ശേഖരിക്കുന്ന മുകേഷ്-കന്യാകുമാരി ദമ്പതികളുടെ ജീവിതാവസ്ഥ കണ്ടറിഞ്ഞ് അനുയോജ്യമായ പുനരധിവാസം ഏര്‍പ്പാടാക്കാന്‍ നഗരസഭ പദ്ധതി തയ്യാറാക്കുന്നുണ്ട്. പാഴ്‌വസ്തു വ്യാപാരികള്‍ക്കും ശേഖരിക്കുന്നവര്‍ക്കും നഗരസഭയുടെ തിരിച്ചറിയല്‍ കാര്‍ഡും ഷീല്‍ഡും നല്‍കി.
നഗരസഭ ചെയര്‍മാന്‍ എം മുഹമ്മദ് സലീം ഉദ്ഘാടനം ചെയ്യ്തു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പത്തത്ത് ആരിഫ് അധ്യക്ഷത വഹിച്ചു.

പാഴ്‌വസ്തു ശേഖരിക്കുന്ന മുകേഷ്-കന്യാകുമാരി
ദമ്പതികളെ നഗരസഭാ ചെയര്‍മാന്‍ ആദരിക്കുന്നു