സ്വപ്‌നങ്ങള്‍ക്ക് ചിറക് മുളപ്പിച്ച് ടീം സഫാരിയുടെ നിലമ്പൂര്‍ യാത്ര

Posted on: January 22, 2019 1:27 pm | Last updated: January 22, 2019 at 1:27 pm

ടീം സഫാരി അംഗങ്ങളും അതിഥികളായെത്തിയ ഭിന്നശേഷിക്കാരും തീവണ്ടി യാത്രക്ക് ശേഷം ഒത്തുകൂടിയപ്പോള്‍വണ്ടൂര്‍: സാമൂഹിക മാധ്യമ കൂട്ടായ്മയായ ‘ടീം സഫാരിയുടെ’ നേതൃത്വത്തില്‍ സംഘടിപ്പിച്ച നിലമ്പൂര്‍-ഷൊര്‍ണൂര്‍ തീവണ്ടി യാത്ര അവിസ്മരണീയമായി. ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി ഭിന്നശേഷിക്കാര്‍ തന്നെ സംഘ ടിപ്പിച്ച യാത്രയില്‍ കൈക്കുഞ്ഞ് മുതല്‍ പ്രായമായവര്‍ വരെയുള്ള എഴുപതോളം പേരാണ് പങ്കാളികളായത്. സമൂഹത്തില്‍ അവശതയനുഭവിക്കുന്നവരെക്കൂടി പങ്കെടുപ്പിച്ച് യാത്രകള്‍ സംഘടിപ്പിക്കുന്ന ടീം സഫാരിയുടെ 27ാമത്തെ പരിപാടിയാ യിരുന്നു ഇത്.

തീവണ്ടി യാത്രയെന്നത് വിദൂര സ്വപ്‌നമായി കാണുന്ന ഒരു ഡസന്‍ പേരുടെ സ്വപ്‌നമാണ് ടീം സഫാരി യാഥാര്‍ഥ്യമാക്കിയത്. പാതയുടെ മനോഹാരിത ആസ്വദിച്ചുള്ള യാത്ര ഇവര്‍ക്ക് നവ്യാനുഭവമായി. നിലമ്പൂരില്‍ തിരിച്ചെത്തിയ സംഘത്തെ സ്വീകരിക്കാന്‍ പ്രശസ്ത നടി നിലമ്പൂര്‍ ആഇശ റെയില്‍വേ സ്റ്റേഷനിലെത്തിയത് ഇവരുടെ ആവേശം ഇരട്ടിയാക്കി. ആദ്യമായി തീവണ്ടിയില്‍ യാത്ര ചെയ്തവരും തീവണ്ടി ആദ്യമായി കണ്ടവരും സന്തോഷം പങ്കുവെച്ചു.

പൂക്കോട്ടുംപാടം കതിര്‍ ഫാമില്‍ ഒത്തുകൂടി ഉച്ചഭക്ഷണത്തിന് ശേഷം അമരമ്പലം സംരക്ഷിത വനമേഖലയിലെ ടി കെ കോളനി കൂടി സന്ദര്‍ശിച്ച് രാത്രിയോടെയാണ് ഇവര്‍ മടങ്ങിയത്. ടീം സഫാരിയുടെ പിന്തുണയോടെ ഫേസ്ബുക്കിലൂടെയാണ് എഴുത്തുകാരിയായ ശബ്‌ന പൊന്നാട് യാത്ര ആസൂത്രണം ചെയ്തതും കോ-ഓര്‍ഡിനേറ്റ് ചെയ്തതും. ശബ്‌നയെക്കൂടാതെ ശാരീരിക വെല്ലിവിളികള്‍ നേരിടുന്ന ബിന്ദു ഒളവത്തൂര്‍, റസിയ പള്ളിപ്പുറായ, സാജിത അടൂര്‍പ്പറമ്പ്, ഖദീജ മുണ്ടക്കുളം, ഖദീജ കക്കോവ്, സുബൈദ വാവൂ ര്‍, സുഹ്‌റാബി അരീക്കോട്, സഫൂറ അരീക്കോട്, ആഇശ അരീക്കോട്, നൗശാദലി പാണ്ടിക്കാട്, നൗശാദ് അരീക്കോട്, നഫീസക്കുട്ടി എന്നിവരാണ് യാത്രയിലുണ്ടായിരുന്നത്.

ഇവര്‍ക്കെല്ലാവിധ പിന്തുണയും സഹായവുമായി ടീം സഫാരിയുടെ അമ്പതിലധികം വരുന്ന അംഗങ്ങളും യാത്രയില്‍ പങ്കാളികളായി. ഓരോ മാസവും ഓരോ യാത്രകളെങ്കിലും നടത്തുകയും ശാരീരിക വെല്ലുവിളികള്‍ അനുഭവിക്കുന്നവരെക്കൂടി യാത്രകളില്‍ ഉള്‍പ്പെടുത്തുകയുമാണ് സഫാരിയുടെ പ്രവര്‍ത്തനം. 18000ത്തിലധികം അംഗങ്ങളാണ് ഫേസ്ബുക്ക് ഗ്രൂപ്പി ല്‍ ടീം സഫാരിക്കുള്ളത്.

ഓരോ യാത്രകള്‍ക്കും എത്തുന്നവര്‍ ചെറിയ സംഖ്യ തുല്യമായി വീതിച്ചാണ് യാത്രാ ചെലവിനും ഭക്ഷണത്തിനുമുള്ള പണം കണ്ടെത്തുന്നത്. നിലമ്പൂര്‍ യാത്രക്ക് ശബ്‌ന, മുനീബ് ചെവിടിക്കുന്നന്‍, നാസര്‍ കൊണ്ടോട്ടി, പി സി ഷീജ നേതൃത്വം നല്‍കി.