ചട്ടങ്ങളില്‍ ഭേദഗതി വരുത്തും; കെഎഎസിന്റെ എല്ലാ സ്ട്രീമിലും സംവരണം ഏര്‍പ്പെടുത്തും: മന്ത്രി എകെ ബാലന്‍

Posted on: January 22, 2019 1:14 pm | Last updated: January 23, 2019 at 9:24 am

തിരുവനന്തപുരം: പിന്നാക്ക -പട്ടിക വിഭാഗങ്ങള്‍ക്ക് കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിന്റെ മൂന്ന് സ്ട്രീമിലും സംവരണം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി എകെ ബാലന്‍. സംവരണം ഉറപ്പ് വരുത്തുമെന്ന് മുഖ്യമന്ത്രി ചര്‍ച്ചയില്‍ പറഞ്ഞതായും വാര്‍ത്ത സമ്മേളനത്തില്‍ മന്ത്രി പറഞ്ഞു.

മൂന്ന് സ്ട്രീമുകളിലും സംവരണം ഉറപ്പു വരുത്താന്‍ ചട്ടങ്ങളില്‍ ഭേദഗതി വരുത്തും. മുന്നാക്ക വിഭാഗത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കും. പത്ത് ശതമാനംവരെയെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്. ഇത് എത്ര ശതമാനമെന്ന് നിജപ്പെടുത്തും. സംവരണ ഭേദഗതി ആക്ടില്‍ വരുമാന പരിധി നിശ്ചയിച്ചിട്ടില്ല. ഇതിലും വ്യക്തത വരുത്തി സംവരണം ഉറപ്പുവരുത്തുമെന്നും മന്ത്രി വ്യക്തമാക്കി. കെഎഎസിന്റെ ഒരു സ്ട്രീമില്‍ മാത്രം സംവരണം ഏര്‍പ്പെടുത്തിയത് വിവാദമായ പശ്ചാത്തലത്തിലാണ് ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ തയ്യാറായിരിക്കുന്നത്.