ശബരിമല സമരത്തിന് പിന്നില്‍ ഒരു രാജാവും ഒരു ചങ്ങനാശ്ശേരിയും തന്ത്രിയും: വെള്ളാപ്പള്ളി നടേശന്‍

Posted on: January 22, 2019 12:25 pm | Last updated: January 22, 2019 at 2:07 pm

കൊല്ലം: തിരുവനന്തപുരത്ത് സംഘടിപ്പിച്ച അയ്യപ്പ സംഗമത്തിനെതിരെ വീണ്ടും ആഞ്ഞടിച്ച് എസ്എന്‍ഡിപി നേതാവ് വെള്ളാപ്പള്ളി നടേശന്‍. വാര്‍ത്തസമ്മേളനത്തില്‍ കോണ്‍ഗ്രസിനേയും ബിജെപിയേയും കടന്നാക്രമിച്ച വെള്ളാപ്പള്ളി ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നടപടികളെ ശരിവെക്കുകയും ചെയ്തു.അയ്യപ്പ ഭക്ത സംഗമത്തിന് രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് ആരോപിച്ച വെള്ളാപ്പള്ളി പരിപാടി ബഹിഷ്‌കരിച്ച തന്റെ നിലപാട് ശരിയെന്ന് ആവര്‍ത്തിച്ചു.

ഒരു രാജാവും ഒരു ചങ്ങനാശ്ശേരിയും തന്ത്രിയുമാണ് ശബരിമല സമരത്തിന് പിന്നില്‍. ദേവസ്വം ബോര്‍ഡുകളിലും തൊണ്ണൂറ്റഞ്ച് ശതമാനം ക്ഷേത്രങ്ങളിലും സവര്‍ണാധിപത്യമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. തമ്പ്രാക്കന്‍മാരെന്ന് സ്വയം കരുതുന്നവരാണ് സമരത്തിന് പിന്നില്‍. കോണ്‍ഗ്രസിനും ബിജെപിക്കും ശബരിമല വിഷയത്തില്‍ നിലപാടില്ലെങ്കിലും ബിജെപിക്ക് നേട്ടമുണ്ടാകും. ഇടതുപക്ഷത്തിന് ഒരു ചുക്കും സംഭവിക്കില്ല. കോണ്‍ഗ്രസിന് സര്‍വനാശം സംഭവിക്കും. യുഡിഎഫിന്റെ വോട്ട് ബിജെപിക്ക് പോകും. പൊതുജനം കഴുതയാണെന്ന് ആരും കരുതരുതെന്നും വെള്ളാപ്പള്ളി പറഞ്ഞു.