ശബരിമല: മുഖ്യമന്ത്രിക്കും ഡിജിപിക്കുമെതിരായ ഹരജി കോടതി ഫയലില്‍ സ്വീകരിച്ചു

Posted on: January 22, 2019 11:49 am | Last updated: January 22, 2019 at 1:17 pm

റാന്നി: ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍, ഡിജിപി ലോക്‌നാഥ് ബെഹ്‌റ എന്നിവരടക്കം ഏഴ് പേര്‍ക്കെതിരെ രാജ്യാന്തര ഹിന്ദു പരിഷത്ത് ദേശീയ സെക്രട്ടറി പ്രതീഷ് വിശ്വനാഥ് ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു. ഹരജി അടുത്ത മാസം 1ന് കോടതി വീണ്ടും പരിഗണിക്കും.

വിശ്വാസികളായ ഹിന്ദു സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി ലംഘിച്ച്് മുഖ്യമന്ത്രിയുടേയും പോലീസ് ഉദ്യോഗസ്ഥരുടേയും അറിവോടും സമ്മതത്തോടുമാണ് ശബരിമലയില്‍ യുവതീ പ്രവേശനം നടത്തിയതെന്നും ഇതില്‍ നിയമനടപടി സ്വീകരിക്കണമെന്നുമാണ് ഹരജിയില്‍ പറയുന്നത്.കോട്ടയം ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍, ബിന്ദു അമ്മിണി, കനകദുര്‍ഗ, രഹന ഫാത്തിമ, പേരാവൂര്‍ സ്‌റ്റേഷനിലെ സിപിഒ ഷിബു എന്നിവരാണ് ഹരജിയില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റുള്ളവര്‍.