Connect with us

Editorial

ഉദ്യോഗസ്ഥരിലെ യജമാന മനോഭാവം

Published

|

Last Updated

രാജ്യത്തെ നാണം കെടുത്തുന്നതാണ് ഇന്ത്യയിലെ ഏറ്റവും മികച്ച മൂന്ന് പോലീസ് സ്‌റ്റേഷനുകളിലൊന്നായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം തിരഞ്ഞെടുത്ത ഉത്തര്‍പ്രദേശിലെ ഗുടുംബ സ്‌റ്റേഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പുറത്തു വന്ന വാര്‍ത്തയും വീഡിയോയും. ഒരു പ്ലൈവുഡ് കമ്പനി തൊഴിലാളിയായ ആകാശ് യാദവ് എന്ന ഇരുപതുകാരന്‍ ഈയടുത്ത് ജോലിക്കിടെ യന്ത്രത്തില്‍ കുരുങ്ങി മരണപ്പെട്ടിരുന്നു. മരണത്തില്‍ ദുരൂഹതയുളളതിനാല്‍ അന്വേഷണ വിധേയമാക്കണമെന്ന ആവശ്യവുമായി ആകാശിന്റെ കുടുംബം പലതവണ ഗുടുംബ പോലീസ് സ്റ്റേഷനില്‍ ചെന്നിട്ടും ഉദ്യോഗസ്ഥര്‍ നടപടി എടുക്കുകയോ കേസ് രജിസ്റ്റര്‍ ചെയ്യുകയോ ഉണ്ടായില്ല. ഒടുവില്‍ ആകാശിന്റെ മുത്തശ്ശി എഴുപത്തഞ്ചുകാരിയായ ബ്രഹ്മദേവി, സ്റ്റേഷനിലെത്തി സബ് ഇന്‍സ്‌പെക്ടര്‍ തേജ് പ്രകാശ് സിംഗിന്റെ കാലില്‍ വീണു കരഞ്ഞു കൊണ്ട് കേസ് പരിഗണിക്കാന്‍ ആവശ്യപ്പെടുന്നതാണ് വീഡിയോയിലെ ദൃശ്യം.

കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന്റെ മണ്ഡലത്തില്‍ ഉള്‍പ്പെട്ടതാണ് ഗുടുംബ സ്‌റ്റേഷന്‍. പോലീസുകാരുടെ മാതൃകാപരമായ പെരുമാറ്റരീതി കണക്കിലെടുത്താണത്രെ രാജ്യത്തെ മികച്ച സ്റ്റേഷനുകളിലൊന്നായി ഇതിനെ തിരഞ്ഞെടുത്തത്. അതിസൗഹാര്‍ദത്തോടെ പെരുമാറുന്ന ഉദ്യോഗസ്ഥരെന്നാണ് സ്റ്റേഷനിലെ പോലീസുകാരെക്കുറിച്ച് മന്ത്രാലയത്തിന്റെ പ്രശസ്തി പത്രത്തില്‍ വിശേഷിപ്പിക്കുന്നത്. എന്നാല്‍ അന്വേഷണം ആവശ്യപ്പെട്ട് കൈകൂപ്പി ബ്രഹ്മദേ വി അപേക്ഷിക്കുമ്പോള്‍ തേജ് പ്രകാശ് സിംഗ് യാതൊരു ഭാവഭേദവുമില്ലാതെ നിസ്സംഗനായി ഇ രിക്കുന്നതും തുടര്‍ന്ന് ബ്രഹ്മദേവി കാലില്‍ വീഴു ന്നതും വീഡിയോയില്‍ ദൃശ്യമാണെന്നിരിക്കെ ഇവരുടെ സ്വഭാവമഹിമ ഊഹിക്കാവുന്നതാണല്ലോ. ഈ രംഗം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ ആഭ്യന്തര വകുപ്പ് തേജ് പ്രകാശ് സിംഗിനെ മാറ്റിയതായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സംസ്ഥാനത്തിനും രാജ്യത്തിനു തന്നെയും ഉണ്ടാക്കിയ മാനക്കേട് അതുകൊണ്ട് മായ്ച്ചു കളയാനാകുമോ?

നമ്മുടെ ഉദ്യോഗസ്ഥ തലങ്ങളില്‍ വിശിഷ്യാ പോലീസ് വിഭാഗത്തില്‍ ഇന്നും അള്ളിപ്പിടിച്ചിരിക്കുന്ന യജമാന-ദാസ്യ മനോഭാവത്തിലേക്കാണ് ഈ സംഭവം വിരല്‍ ചൂണ്ടുന്നത്. വിദേശഭരണത്തില്‍ നിന്ന് ഇന്ത്യ മോചിതമായെങ്കിലും കൊളോണിയല്‍ ഭരണം ബാക്കിവെച്ചുപോയ ചില അധമ ചിന്താഗതിയില്‍ നിന്നും സംസ്‌കാരത്തില്‍ നിന്നും പലരും ഇപ്പോഴും മോചിതരല്ല. പലതരം ഉച്ചനീചത്വങ്ങളെയും കാലം വലിച്ചെറിഞ്ഞെങ്കിലും അധികാരഗര്‍വും ഉദ്യോഗസ്ഥ മേല്‍ക്കോയ്മയും ഇന്നും രാജ്യത്ത് അവശേഷിക്കുന്നു. ഇത്തരം ശേഷിപ്പുകളോ ജന്മസിദ്ധമായി മനുഷ്യരില്‍ ചിലര്‍ക്ക് ഔന്നിത്വവും ചിലര്‍ക്ക് അധമത്വവുമുണ്ടെന്ന സവര്‍ണ ചിന്താധാരയോ ആണ്് തേജ് പ്രകാശ് സിംഗുമാരെ വളര്‍ത്തിയെടുക്കുന്നത്. ജനസേവകരും അവരുടെ സംരക്ഷകരുമാണ് പോലീസുകാര്‍.

നീതിനിഷേധത്തെക്കുറിച്ച് പരാതിയുമായി സ്റ്റേഷനിലെത്തുന്നവരെ മാന്യമായി സ്വീകരിക്കുകയും പരാതികള്‍ അനുഭാവപൂര്‍വം കേട്ടു പരിഹാരം കാണുകയും ചെയ്യേണ്ടത് അവരുടെ ഉത്തരവാദിത്വമാണ്. പകരം പരാതിയുമായി എത്തുന്നവരെ അടിമതുല്യം കണ്ട് അവര്‍ കാല്‍പിടിക്കാന്‍ ഇടവരുത്തുന്നവരും കാല്‍പിടിച്ചു കരഞ്ഞിട്ടും യാതൊരു ദയാവായ്പും പ്രകടിപ്പിക്കാത്തവരുമായ ഉദ്യോഗസ്ഥര്‍ ഈ നൂറ്റാണ്ടില്‍ ജീവിക്കേണ്ടവരല്ല. ഗൗരവസ്വഭാവത്തിലും ദാക്ഷിണ്യമില്ലാത്ത മുഖഭാവത്തിലുമല്ല ഉദ്യോഗസ്ഥന്റെ ഔന്നിത്വം. വിനയത്തിലും ജനങ്ങളോടുള്ള സൗമ്യമായ പെരുമാറ്റത്തിലൂടെയുമാണ് ഔന്നിത്യം പ്രകടമാകേണ്ടത്.
പോലീസുകാരില്‍ മാത്രമല്ല, മറ്റു ഉന്നത ഉദ്യോഗസ്ഥ തലങ്ങളിലും മന്ത്രിമാരിലുമുണ്ട് ഇത്തരം യജമാന ചിന്താഗതിക്കാര്‍. രണ്ട് മാസം മുമ്പ് കേന്ദ്ര പട്ടിക വര്‍ഗ ക്ഷേമമന്ത്രിയും ബിജെ പിയുടെ മുതിര്‍ന്ന നേതാവുമായ ജുവല്‍ ഒറാം ഒഡീഷയിലെ റാഗഡ ജില്ലയില്‍ പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ ചെരുപ്പു ചുമക്കുന്ന പണി സ്റ്റാഫ് അംഗത്തെ യാണല്ലോ ഏല്‍പ്പിച്ചിരുന്നത്. ചടങ്ങ് നടക്കുന്ന കമ്യൂണിറ്റി ഹാളിലേക്കു മന്ത്രി നീങ്ങുമ്പോള്‍ പിന്നില്‍ അദ്ദേഹത്തിന്റെ ചെരുപ്പും പിടിച്ചു നടന്നു വരുന്ന സ്റ്റാഫ് അംഗത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതാണ്. മഹാരാഷ്ട്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി പങ്കജ മുണ്ടെ പര്‍ഭാനി ജില്ലയിലെ വരള്‍ച്ചാബാധിത പ്രദേശ മായ സോണ്‍പെട്ട് സന്ദര്‍ശിക്കവെ ചെളി നിറ ഞ്ഞ റോഡിലൂടെ നടക്കേണ്ടി വന്നപ്പോള്‍ സ്റ്റാ ഫ് അംഗത്തെ കൊണ്ട് ചെരുപ്പ് ചുമപ്പിച്ചതും വിവാദമായതാണ്. “സാംസ്‌കാരിക കേരള”ത്തില്‍ ഇത്തരം ദാസ്യവേലകളും അടിമപ്പണികളുമില്ലെന്നായിരുന്നു വിശ്വസിക്കപ്പെട്ടിരുന്നത്.

ഇതിനിടെ സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രിയുടെ പേഴ്‌സനല്‍ സ്റ്റാഫില്‍ നിന്നു ഒഴിവാക്കപ്പെട്ട ഉഷയുടെ വെളിപ്പെടുത്തല്‍ സത്യമെങ്കില്‍ ഈ ധാരണ തിരുത്തേണ്ടി വരും. മന്ത്രിയുടെ മകളു ടെ ഭര്‍ത്താവിന്റെ ഷൂ കഴുകി തുടച്ച് പോളിഷ് ചെയ്യാനും മന്ത്രി ഭാര്യയുടെ കാല്‍ കഴുകിച്ച് എണ്ണയിടാനും മകളുടെ വീട്ടില്‍ ജോലി ചെയ്യാ നും തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നും ഇതി ല്‍ വിസമ്മതം രേഖപ്പെടുത്തിയതിന് കള്ള ക്കേസില്‍ കുടുക്കി ജോലിയില്‍ നിന്നു പിരിച്ചു വിടുകയായിരുന്നുവെന്നുമാണ് ഉഷ പറയുന്നത്. കേരള പോലീസിലെ ക്യാമ്പ് ഫോളോവേഴ്‌സി നെ ഉദ്യോഗസ്ഥ മേധാവികള്‍ സ്വന്തം വീട്ടു ജോലിക്ക് ഉപയോഗിക്കുന്ന കാര്യം ഇന്നൊരു രഹസ്യമല്ല. ചില ഉന്നത ഉദ്യോഗസ്ഥര്‍ മൂന്നും നാലും പേരെ വീതമാണത്രെ വീട്ടുജോലിക്ക് നി യോഗിച്ചിരിക്കുന്നത്. മുന്‍ കാലങ്ങളില്‍ ജാതി വേര്‍തിരിവിന്റെ അടിസ്ഥാനത്തിലായിരുന്നു സ മൂഹത്തിലെ യജമാന, ദാസ്യ വേര്‍തിരിവെങ്കില്‍ ഇപ്പോഴത് ഉദ്യോഗ, അധികാര പദവിയുടെ അടി സ്ഥാനത്തിലായിരിക്കുന്നുവെന്ന വ്യത്യാസമേയുള്ളൂ.

---- facebook comment plugin here -----

Latest