പരാജിത സമരത്തിന്റെ ബാക്കിപത്രം

പരാജയപ്പെട്ട സമരത്തിന് നേതൃത്വം നല്‍കിയവര്‍ സമരാനന്തരം സ്വാഭാവികമായും നേരിടേണ്ട പ്രത്യാഘാതങ്ങള്‍ രാഷ്ട്രീയമായും സംഘടനാപരമായും ബി ജെ പിയും സംഘ്പരിവാര്‍ സംഘടനകളും നേരിടേണ്ടി വരുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇതില്‍ ആദ്യത്തേത് പാര്‍ട്ടിയിലെ പടലപ്പിണക്കങ്ങള്‍ മറ നീക്കി പുറത്തുവന്നുവെന്നതാണ്. നേരത്തെ പാര്‍ട്ടിയില്‍ നിലനിന്നിരുന്ന കൃഷ്ണദാസ് പക്ഷവും വി മുരളീധരന്‍ പക്ഷവും തമ്മിലുണ്ടായ അസ്വാരസ്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായ സാഹചര്യത്തില്‍ ഇത് വരും നാളുകളില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളില്‍ പ്രകടമാകും. ഒപ്പം അക്രമ സമരങ്ങളില്‍ കേസുകള്‍ നേരിടുന്ന പ്രവര്‍ത്തകരും പാര്‍ട്ടിക്ക് തലവേദനയാകും. ഇങ്ങനെ നോക്കുമ്പോള്‍ പ്രത്യക്ഷ സമരങ്ങള്‍ ബി ജെ പിക്ക് സംഘടനാപരമായി വലിയ മുറിവാണ് ഏല്‍പ്പിച്ചിരിക്കുന്നത്.
Posted on: January 22, 2019 10:54 am | Last updated: January 22, 2019 at 1:32 pm

 രാജ്യത്തെ ഭരണഘടന നല്‍കുന്ന മൗലികാവകാശങ്ങള്‍ ചൂണ്ടിക്കാട്ടി ശബരിമല ക്ഷേത്രത്തില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനാനുമതി നല്‍കിക്കൊണ്ടുള്ള സുപ്രീം കോടതി വിധിയെ മറയാക്കി സംസ്ഥാനത്ത് കലാപ സമാനമായ പ്രതിഷേധം നടത്തി ഒടുവില്‍ സമ്പൂര്‍ണ പരാജയമായ ഒരു സമരത്തിന് കേരളത്തോടും കേരളത്തിന് ഇത്തരം സമരക്കാരോടും ചില കാര്യങ്ങള്‍ പറയാനുണ്ട്. ഈ രീതിയിലുള്ള സംഘ്പരിവാര്‍ രാഷ്ട്രീയത്തിന് കേരളം നല്‍കിയ ഏറ്റവും മികച്ച പ്രതികരണമാണ് ബി ജെ പിയുടെ അനിശ്ചിത കാല നിരാഹാര സമരത്തിന്റെ ദയനീയാവസ്ഥ.
മതത്തെയും വിശ്വാസാചാരങ്ങളെയും സമരായുധമാക്കി രാഷ്ട്രീയ നേട്ടം കൊയ്യാമെന്ന ഉത്തരേന്ത്യന്‍ രീതി ഇവിടെ നടപ്പാകില്ലെന്ന പാഠമാണ് ഈ സമരം സംഘ്പരിവാറിനെയും ഒപ്പം കേരളത്തെയും പഠിപ്പിച്ചത്. ഒപ്പം സംഘ്പരിവാര്‍ നീക്കങ്ങള്‍ക്ക് തെരുവില്‍ ഊര്‍ജം നല്‍കിയ ബി ജെ പിക്കുള്ളിലെ ഗ്രൂപ്പിസവും സമരം അനാവരണം ചെയ്തിരുന്നു. ഇതുവഴി സമൂഹത്തിനെതിരായ സമരങ്ങള്‍ക്കിറങ്ങുമ്പോള്‍ കുറഞ്ഞത് സമര കാലത്തേക്കെങ്കിലും അനൈക്യത്തിന് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന പാഠവും ബി ജെ പിക്ക് സമരം നല്‍കുന്നുണ്ട്.

ഒരു സമരത്തിനിറങ്ങുമ്പോള്‍ അതിനുള്ള കാരണങ്ങള്‍ ന്യായമാണെന്നും സമരത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ വ്യക്തമായ ആസൂത്രണവും വേണമെന്ന പാഠവുമുണ്ട്. പണംകൊണ്ടും ആള്‍ബലം കൊണ്ടും മാത്രം ഒരു സമരം വിജയിപ്പിച്ചെടുക്കാനാകില്ലെന്നും സംഘ്പരിവാര്‍ നേതാക്കള്‍ക്ക് മനസ്സിലായിക്കാണും. ഇതുകൊണ്ടാണ് വിശ്വാസ സംരക്ഷണത്തില്‍ പൂര്‍ണമായും വിജയിച്ചില്ലെന്നും ഭാഗികമായാണ് സമരം അവസാനിപ്പിക്കുന്നതെന്നും പോരാട്ടം തുടരുമെന്നും ബി ജെ പി അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളക്ക് പറയേണ്ടി വന്നത്.

ശബരിമല വിഷയത്തില്‍ വിവിധ സമര മുറകള്‍ പുറത്തെടുത്ത ബി ജെ പിക്കും സംഘ്പരിവാറിനും ഒന്നില്‍ പോലും വിജയിക്കാനായില്ലെന്നത് സമരത്തിന്റെ പിന്നിലെ ലക്ഷ്യങ്ങളെ പ്രകടമാക്കുന്നുണ്ട്. അവസാനമായി നടത്തിയ അനിശ്ചിതകാല നിരാഹാര സമരം പിന്നീട് റിലേ നിരാഹാരമായി മാറിയതും മുന്‍നിര നേതാക്കളില്‍ നിന്ന് ബാറ്റണ്‍ രണ്ടാം നിരയിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടതുമെല്ലാം സമര പരാജയം തുറന്നുകാട്ടുന്നതാണ്. അതേസമയം സമരം മറ്റൊരുവിധത്തില്‍ തുടരുമെന്ന് പറയുമ്പോഴും ഈ പശ്ചാത്തലത്തില്‍ അടുത്ത ഒരു സമരത്തില്‍ പാര്‍ട്ടിയിലെ നേതാക്കള്‍ക്ക് പോലും അത്ര ശുഭാപ്തിവിശ്വാസമില്ലെന്ന് വ്യക്തമാണ്.

നിരാഹാര സമരത്തിന് ഉന്നയിച്ച ആവശ്യങ്ങള്‍ പരിശോധിക്കുമ്പോള്‍ തന്നെ സമര പരാജയം ഏറെക്കുറെ വ്യക്തമാണ്. ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കുക, ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക, സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരായെടുത്ത കേസുകള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളായിരുന്നു ബി ജെ പി മുന്നോട്ടുവെച്ചിരുന്നത്. തികച്ചും ഭരണഘടനാവിരുദ്ധവും സര്‍ക്കാറിന് നടപടിയെടുക്കാന്‍ കഴിയാത്തതുമായ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള സമരങ്ങള്‍ക്ക് മറ്റൊരു ഗതിയുണ്ടാവാന്‍ സാധ്യതയില്ല തന്നെ.

പരാജയപ്പെട്ട സമരത്തിന് നേതൃത്വം നല്‍കിയവര്‍ സമരാനന്തരം സ്വാഭാവികമായും നേരിടേണ്ട പ്രത്യാഘാതങ്ങള്‍ രാഷ്ട്രീയമായും സംഘടനാപരമായും ബി ജെ പിയും സംഘ്പരിവാര്‍ സംഘടനകളും നേരിടേണ്ടി വരുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇതില്‍ ആദ്യത്തേത് പാര്‍ട്ടിയിലെ പടലപ്പിണക്കങ്ങള്‍ മറ നീക്കി പുറത്തുവന്നുവെന്നതാണ്. നേരത്തെ പാര്‍ട്ടിയില്‍ നിലനിന്നിരുന്ന കൃഷ്ണദാസ് പക്ഷവും വി മുരളീധരന്‍ പക്ഷവും തമ്മിലുണ്ടായ അസ്വാരസ്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായ സാഹചര്യത്തില്‍ ഇത് വരും നാളുകൡ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളില്‍ പ്രകടമാകും. ഒപ്പം അക്രമ സമരങ്ങളില്‍ കേസുകള്‍ നേരിടുന്ന പ്രവര്‍ത്തകരും പാര്‍ട്ടിക്ക് തലവേദനയാകും. ഇങ്ങനെ നോക്കുമ്പോള്‍ പ്രത്യക്ഷ സമരങ്ങള്‍ ബി ജെ പിക്ക് സംഘടനാപരമായി വലിയ മുറിവാണ് ഏല്‍പ്പിച്ചിരിക്കുന്നത്.

അധ്യക്ഷനെ നിശ്ചയിക്കുന്നതില്‍ വലിയ തടസ്സം സൃഷ്ടിച്ച ഗ്രൂപ്പിസം ഇപ്പോള്‍ അതിനേക്കാള്‍ കൂടിയ അളവില്‍ തുടരുകയാണെന്നത് അടുത്ത തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. പാര്‍ട്ടിയില്‍ ഏറെ സ്വാധീനമുള്ള കൃഷ്ണദാസ് പക്ഷത്തിന് പക്ഷേ മുരളീധര വിഭാഗത്തെ മറികടന്ന് മുന്നോട്ടുപോകാന്‍ കഴിയാത്ത അവസ്ഥയാണ്. ഇതിനിടയില്‍ സമരത്തിന്റെ പരാജയ ഭാരം കാര്യങ്ങള്‍ കൂടിയാലോചിക്കാതെ തീരുമാനമെടുത്ത സംസ്ഥാന നേതാക്കള്‍ തന്നെ ഏറ്റെടുക്കണമെന്ന നിലപാടാണ് മുരളീധര വിഭാഗം സ്വീകരിച്ചിരിക്കുന്നത്. ഇത് സംസ്ഥാന അധ്യക്ഷനടങ്ങുന്ന വിഭാഗത്തിനുള്ള പരോക്ഷ മുന്നറിയിപ്പാണ്. വി മുരളീധരന്‍, കെ സുരേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വിഭാഗത്തെ അവഗണിച്ച് മുന്നോട്ടുപോകുകയെന്നത് ശ്രീധരന്‍ പിള്ളക്ക് ഏറെ ശ്രമകരമാകും.

സംഘ്പരിവാറും ബി ജെ പിയും സംഘടനാപരമായി നേരിടുന്ന പ്രശ്‌നങ്ങള്‍ക്കപ്പുറം ശബരിമല പ്രശ്‌നം സമൂഹത്തിന് നല്‍കുന്ന ഒട്ടേറെ പാഠങ്ങളുണ്ട്. മതത്തെയും വിശ്വാസത്തെയും മുന്‍ നിര്‍ത്തി ഏത് പരമാധികാരത്തെയും ചോദ്യം ചെയ്യാമെന്നും മതംപറഞ്ഞാല്‍ ഏത് അക്രമവും സാധൂകരിക്കാമെന്നുമുള്ള അപകടകരമായ ഒരു സന്ദേശം ശബരിമല വിഷയം സമൂഹത്തിന് നല്‍കുന്നുണ്ട്. ഒപ്പം ജാതി മത ശക്തികളുടെ വലിയ ഒരു സമൂഹം പിന്തുണക്കുന്ന വിഷയം ഭരണഘടനാവിരുദ്ധമായാല്‍പോലും രാജ്യത്തെ ഉത്തരവാദപ്പെട്ട രാഷ്ട്രീയ നേതൃത്വം ഭരണഘടനയെയും ജുഡീഷ്യറിയെയും മറികടന്ന് ജനക്കൂട്ടത്തെ പിന്തുണക്കാന്‍ സന്നദ്ധമാണെന്ന വസ്തുതയും സമരം പ്രകടമാക്കിത്തന്നു.

ഖാസിം എ ഖാദര്‍

[email protected]