നടിയെ ആക്രമിച്ച കേസ്: സര്‍ക്കാര്‍ സത്യവാങ്മൂലത്തിന് മറുപടിക്ക് സാവാകാശം തേടി ദിലീപ് സുപ്രീം കോടതിയില്‍

Posted on: January 22, 2019 9:46 am | Last updated: January 22, 2019 at 1:16 pm

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാറിന്റെ സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ ഒരാഴ്ച സമയം ആവശ്യപ്പെട്ട് നടന്‍ ദിലീപ് സുപ്രീം കോടതിയില്‍. ഇതിനായി നാളെ പരിഗണിക്കാനിരിക്കുന്ന കേസ് ഒരാഴ്ചത്തേക്ക് നീട്ടിവെക്ക്ണമെന്ന് ദിലീപ് നല്‍കിയ ഹരജിയില്‍ പറയുന്നു. കേസിലെ പ്രധാന തെളിവായ മെമ്മറി കാര്‍ഡ് ദിലീപിന് നല്‍കാന്‍ കഴിയാത്തതിന്റെ കാരണങ്ങള്‍ വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഇതിനുള്ള മറുപടി നല്‍കാന്‍ ഒരാഴ്ച സമയംവേണമെന്നാണ് ദിലീപിന്റെ ആവശ്യം.

കേസിന്റെ തുടര്‍വാദം നാളെ തുടങ്ങാനിരിക്കെയാണ് കേസ് നീട്ടണമെന്ന് ദിലീപ് ആവശ്യപ്പെടുന്നത്. കേസില്‍ ദിലീപിന്റെ അഭിഭാഷകനായ മുകുള്‍ റോത്തഗിക്കും നാളെ കോടതിയില്‍ ഹാജരാകാന്‍ അസൗകര്യമുണ്ട്. ഈ സാഹചര്യത്തിലാണ് കേസ് നീട്ടിവെക്കാന്‍ ദിലീപ് അപേക്ഷ നല്‍കിയത്. അപേക്ഷ ബുധനാഴ്ച ജസ്റ്റിസ് എഎന്‍ ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. പ്രോസിക്യൂഷനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഹരീന്‍ പി റാവല്‍ ഹാജരാകും