യുഎസ് ഹാക്കറുടെ വെളിപ്പെടുത്തല്‍: അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് , കോണ്‍ഗ്രസ് പൊതുജനങ്ങളെ മണ്ടന്‍മാരാക്കുന്നുവെന്ന് ബിജെപി

Posted on: January 22, 2019 9:31 am | Last updated: January 22, 2019 at 10:54 am

ന്യൂഡല്‍ഹി: ഇന്ത്യയിലെ വിവിധ തിരഞ്ഞെടുപ്പുകളില്‍ വോട്ടിംഗ് യന്ത്രങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന ഹാക്കറുടെ വെളിപ്പെടുത്തലിന് പിറകെ കോണ്‍ഗ്രസ്-ബിജെപി നേതാക്കള്‍ ആരോപണ പ്രത്യാരോപണങ്ങളുമായി രംഗത്തെത്തി. ഹാക്കറുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ലണ്ടനിലെ ചടങ്ങില്‍ കപില്‍ സിബില്‍ പങ്കെടുത്തത് ഒരു മാധ്യമപ്രവര്‍ത്തകന്റെ ക്ഷണപ്രകാരമാണ് ചടങ്ങ് സംഘടിപ്പിച്ചതില്‍ കോണ്‍ഗ്രസിന് പങ്കില്ലെന്നും കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിങ് വി വ്യക്തമാക്കി. അതേ സമയം ഹാക്കറുടെ അവകാശ വാദം പെരും നുണയാണെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റിലി ആരോപിച്ചു.

കോണ്‍ഗ്രസിന്റേത് തരംതാണ രാഷ്ട്രീയമാണെന്നും ജെയ്റ്റിലി പറഞ്ഞു. യുപിഎ സര്‍ക്കാറിന്റെ ഭരണകാലത്ത് തിരഞ്ഞെടുപ്പ് കമ്മീഷനും ഉദ്യോഗസ്ഥരും ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിച്ചുവോയെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണം. ഇത്തരം വിഡ്ഢിത്തങ്ങള്‍ അംഗീകരിക്കാന്‍ പൊതുജനം മണ്ടന്‍മാരാണെന്ന് കോണ്‍ഗ്രസ് വിചാരിക്കുന്നതെന്നും ജെയ്റ്റ്‌ലി ട്വീറ്റില്‍ പറയുന്നുണ്ട്. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പിലും യുപി, ഗുജറാത്ത്,മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പുകളിലും വോട്ടിംഗ് യന്ത്രത്തില്‍ ക്രമക്കേടു നടന്നുവെന്നാണ് യു എസ് ഹാക്കര്‍ വ്യക്തമാക്കിയത്. ഈതിരഞ്ഞെടുപ്പുകളിലെല്ലാം ബിജെപിയാണ് ജയിച്ചത്.