ശബരിമല: റിട്ട് ഹരജികളും സര്‍ക്കാറിന്റെ പരാതികളും ഫെബ്രുവരി എട്ടിനു പരിഗണിച്ചേക്കും

Posted on: January 22, 2019 12:03 am | Last updated: January 22, 2019 at 12:03 am

ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച ഭരണഘടനാ ബഞ്ചിന്റെ വിധിക്കെതിരായി സമര്‍പ്പിക്കപ്പെട്ട റിട്ട് ഹരജികളും സര്‍ക്കാറിന്റെ പരാതികളും സുപ്രീം കോടതി ഫെബ്രുവരി എട്ടിനു പരിഗണിക്കാന്‍ സാധ്യത. ഫെബ്രുവരി എട്ട് താത്കാലിക തീയതിയായി കോടതിയുടെ വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

പുനപ്പരിശോധന ഹരജികള്‍ക്കു ശേഷമേ റിട്ട് ഹരജികള്‍ പരിഗണിക്കുകയുള്ളൂവെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് നേരത്തെ വ്യക്തമാക്കിയിരുന്നു. ജനുവരി 22ന് പുനപ്പരിശോധന ഹരജികള്‍ എടുക്കാന്‍ കോടതി തീരുമാനിച്ചിരുന്നുവെങ്കിലും ഭരണഘടനാ ബഞ്ച് അംഗമായ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അവധിയിലാണെന്നതിനാല്‍ മാറ്റിവെക്കുകയായിരുന്നു. ഫെബ്രുവരി എട്ടിനു മുമ്പായി പുനപ്പരിശോധന ഹരജികള്‍ പരിഗണനക്കെടുത്തേക്കും.