പ്രളയത്തില്‍ കേടുവന്ന ധാന്യങ്ങള്‍ വിപണിയിലെത്താന്‍ സാധ്യത; ജാഗ്രത വേണമെന്ന് തമിഴ്‌നാടിനോട് മുഖ്യമന്ത്രി

Posted on: January 21, 2019 11:47 pm | Last updated: January 21, 2019 at 11:47 pm

തിരുവനന്തപുരം: പ്രളയത്തില്‍ നശിച്ച ധാന്യങ്ങള്‍ വിപണിയിലെത്താനുള്ള സാധ്യതയുണ്ടെന്നും അതു തടയാന്‍ നടപടി സ്വീകരിക്കണമെന്നും തമിഴ്‌നാട് സര്‍ക്കാറിനോട് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിക്ക് അയച്ച കത്തിലാണ് പിണറായി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.

പ്രളയത്തില്‍ നശിച്ച നെല്ലും അരിയും മറ്റും ഒഴിവാക്കുന്നതിന് സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ നടപടി സ്വീകരിച്ചിരുന്നുവെന്നും എറണാകുളം കാലടിയിലെ സൈറസ് ട്രേഡേഴ്‌സിന് ഇവ ലേലത്തില്‍ കൊടുത്തിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍, ഈ ധാന്യങ്ങള്‍ മറ്റൊരു കമ്പനിക്ക് ലേലം വഴി മറിച്ചുവിറ്റുവെന്നും ഇവ കോയമ്പത്തൂരിലേക്ക് ഉള്‍പ്പടെ കയറ്റിയയച്ചതായുമാണ് വാര്‍ത്തകള്‍ പുറത്തുവന്നത്.