Connect with us

International

അഫ്ഗാനില്‍ സൈനിക താവളത്തിനു നേരെ താലിബാന്‍ ആക്രമണം; 126 പേര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ വര്‍ധാക് പ്രവിശ്യയുടെ തലസ്ഥാനമായ മൈദാന്‍ ശഹറില്‍ സൈനികത്താവളത്തിനും പോലീസ് പരിശീലന കേന്ദ്രത്തിനും നേരെ താലിബാന്‍ നടത്തിയ ആക്രമണത്തില്‍ സുരക്ഷാ സേനയിലെ 126 പേര്‍ കൊല്ലപ്പെട്ടു. പരുക്കേറ്റ നിരവധി പേരെ പ്രവിശ്യാ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കൊല്ലപ്പെട്ടവരില്‍ എട്ടു പേര്‍ സ്‌പെഷ്യല്‍ കമാന്‍ഡോമാരാണെന്ന് കാബൂളിലെ പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

തിങ്കളാഴ്ച രാവിലെയാണ് നാഷണല്‍ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി പരിശീലന കേന്ദ്രത്തിനു നേരെ ആക്രമണം നടന്നത്. കാര്‍ ബോംബ് ഉപയോഗിച്ചു സ്‌ഫോടനം നടത്തുകയായിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ഡെപ്യൂട്ടി ഉദ്യോഗസ്ഥനായ നസ്‌റത് റാഹിമി വെളിപ്പെടുത്തി. സ്‌ഫോടനത്തിനു ശേഷമെത്തിയ രണ്ടു തീവ്രവാദികള്‍ സൈനികര്‍ക്കു നേരെ വെടിയുതിര്‍ത്തു. പിന്നീടു നടന്ന ഏറ്റുമുട്ടലില്‍ രണ്ടു തീവ്രവാദികളെയും വെടിവെച്ചു കൊന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്.

സംഭവത്തില്‍ അഫ്ഗാന്‍ പ്രസിഡന്റ് അശ്‌റഫ് ഗനി അപലപിച്ചു. വര്‍ധാകിന്റെ അയല്‍ പ്രവിശ്യയായ ലോഗാറില്‍ കഴിഞ്ഞ ദിവസമുണ്ടായ താലിബാന്‍ ആക്രമണത്തില്‍ എട്ട് സുരക്ഷാ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.

Latest