ചെന്നൈയില്‍ നാട്ടുകാര്‍ നോക്കിനില്‍ക്കെ മൂന്നുപേരെ എട്ടംഗ സംഘം കൊലപ്പെടുത്തി

Posted on: January 21, 2019 9:28 pm | Last updated: January 22, 2019 at 9:47 am

ചെന്നൈ: ചെന്നൈ ഗുമിഡിപൂണ്ടിയില്‍ നാടിനെ നടുക്കി അരുംകൊല. നാട്ടുകാര്‍ നോക്കിനില്‍ക്കെ മൂന്നു യുവാക്കളെയാണ് എട്ടംഗ സംഘം കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെയാണ് സംഭവം. ആകാശ് (18), എസ് വിമല്‍ (21), എസ് സതീഷ് (26) എന്നിവരാണ് കൊല്ലപ്പെട്ടത്.

ആകാശും വിമലും സതീഷും അവരവരുടെ വീടുകളിലേക്കു പോകുന്നതിനിടെ, മുഖംമൂടി ധരിച്ചെത്തിയ സംഘം കത്തിയും ഇരുമ്പുദണ്ഡുകളും മറ്റുമുപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു. മൂവരും ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്‍ന്ന് ആക്രമിച്ചതായി ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തി. പോലീസ് സംഭവസ്ഥലത്തെത്തി മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി പൊന്നേരി സര്‍ക്കാര്‍ ആശുപത്രിയിലേക്കു മാറ്റി. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചതായി പോലീസ് പറഞ്ഞു.

മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിനു പിന്നലെന്നാണ് സൂചന. വിമലും സതീഷും ഒരു വര്‍ഷം മുമ്പ് ഷാജഹാന്‍ എന്നയാളെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളാണ്. ഇതിനുള്ള പ്രതികാരമായാണ് എട്ടംഗ സംഘം കൃത്യം നിര്‍വഹിച്ചതെന്നാണ് പോലീസ് പറയുന്നത്.