കര്‍ണാടക റിസോര്‍ട്ടിലെ തമ്മില്‍ത്തല്ല്: ക്രൂരമായി മര്‍ദിച്ചെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും എം എല്‍ എയുടെ പരാതി

Posted on: January 21, 2019 7:10 pm | Last updated: January 21, 2019 at 9:11 pm

ബംഗളൂരു: കര്‍ണാടകയിലെ റിസോര്‍ട്ടില്‍ കോണ്‍ഗ്രസ് എം എല്‍ എമാര്‍ തമ്മില്‍ത്തല്ലിയ സംഭവത്തില്‍ പരുക്കേറ്റ എം എല്‍ എ. ആനന്ദ് സിംഗ് പോലീസില്‍ പരാതി നല്‍കി. പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. കാംപ്ലി എം എല്‍ എ. ജെ എന്‍ ഗണേഷ് തന്നെ വടി കൊണ്ട് മര്‍ദിച്ചെന്നും രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയതായും ആനന്ദ് സിംഗിന്റെ പരാതിയില്‍ പറയുന്നു.

അടിയേറ്റു നിലത്തുവീണ എന്നെ ക്രൂരമായി ചവിട്ടുകയും മൂക്കിലും കണ്ണിലും ഇടിക്കുകയും ചെയ്തു. ഇതോടെ അബോധാവസ്ഥയിലായ എന്നെ രഘുമൂര്‍ത്തി, രാമപ്പ തന്‍വീര്‍ സേട്ട് തുടങ്ങിയവരാണ് രക്ഷപ്പെടുത്തിയത്. അല്ലായിരുന്നെങ്കില്‍ ജീവന്‍ തന്നെ നഷ്ടപ്പെടുമായിരുന്നു. ബോധം തിരിച്ചുകിട്ടിയ ശേഷമാണ് അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്- പരാതിയില്‍ വ്യക്തമാക്കി.

ജെ എന്‍ ഗണേഷിനെതിരെ നിയമ നടപടി സ്വീകരിക്കുകയും തനിക്കും കുടുംബത്തിനും സംരക്ഷണം നല്‍കണമെന്നും ആനന്ദ് സിംഗ് ആവശ്യപ്പെട്ടിട്ടുണ്ട്. കാല്‍ തെന്നി വീണാണ് ആനന്ദ് സിംഗിനു പരുക്കേറ്റതെന്നും മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്ത നല്‍കിയതാണെന്നുമായിരുന്നു നേരത്തെ ജെ എന്‍ ഗണേഷ് പറഞ്ഞിരുന്നത്.