കൈമാറ്റ നീക്കത്തിനു തിരിച്ചടി; വായ്പാ തട്ടിപ്പുവീരന്‍ മെഹുല്‍ ചോക്‌സി ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു

Posted on: January 21, 2019 3:20 pm | Last updated: January 21, 2019 at 8:44 pm

ന്യൂഡല്‍ഹി: 13,500 കോടി രൂപയുടെ വായ്പാത്തട്ടിപ്പു നടത്തി കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഇന്ത്യയില്‍ നിന്നു മുങ്ങിയ വ്യവസായി മെഹുല്‍ ചോക്‌സി ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു. ആന്റിഗ്വെയിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തിലെത്തി ചോക്‌സി പാസ്‌പോര്‍ട്ട് കൈമാറുകയായിരുന്നു. ഇതോടെ ചോക്‌സിയുടെ ഇരട്ട പൗരത്വം ഇല്ലാതായി.

വായ്പാ തട്ടിപ്പു കേസില്‍ ചോദ്യം ചെയ്യുന്നതിനായി ചോക്‌സിയെ ഇന്ത്യയിലെത്തിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നതിനിടെയാണിത്. ചോക്‌സിയെ ഇന്ത്യക്കു വിട്ടുനല്‍കുന്ന കാര്യത്തില്‍ ആന്റിഗ്വെ കോടതിയില്‍ വാദം നടന്നുവരികയാണ്. ഇന്ത്യയിലെ നടപടികളില്‍ നിന്ന് രക്ഷപ്പെടാനുള്ള തന്ത്രപരമായ നീക്കത്തിന്റെ ഭാഗമായാണ് പൗരത്വം ഉപേക്ഷിച്ചത്. ഹൈക്കമ്മീഷനില്‍ ചോക്‌സി പുതിയ വിലാസം സമര്‍പ്പിച്ചതായും ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ജോളി ഹാര്‍ബര്‍ മാര്‍ക്‌സ്, ആന്റിഗ്വെ എന്നാണ് പുതിയ വിലാസമായി നല്‍കിയിട്ടുള്ളത്.

ചോക്‌സിക്കെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ത്യയും ആന്റിഗ്വെയും തമ്മില്‍ കുറ്റവാളികളെ വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ട് കരാറുകളൊന്നും രൂപപ്പെടുത്തിയിട്ടില്ല. ഈ സാഹചര്യത്തില്‍ ചോക്‌സിയെ വിട്ടുനല്‍കണമെന്ന് ഇന്ത്യ ഔദ്യോഗികമായി അഭ്യര്‍ഥിക്കുകയായിരുന്നു. തട്ടിപ്പു കേസിലെ മറ്റൊരു പ്രതി നീരവ് മോദിയും കുടുംബസമേതം ഇന്ത്യ വിട്ടിരുന്നു.