2014 തിരഞ്ഞെടുപ്പില്‍ വോട്ടിംഗ് യന്ത്രത്തില്‍ തിരിമറി നടന്നു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഹാക്കര്‍

Posted on: January 21, 2019 8:01 pm | Last updated: January 22, 2019 at 9:33 am

ലണ്ടന്‍: 2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ടിംഗ് യന്ത്രത്തില്‍ വന്‍ ക്രമക്കേട് നടന്നതായുള്ള വെളിപ്പെടുത്തലുമായി യു എസ് ഹാക്കര്‍.
ബി ജെ പിയുടെ നേതൃത്വത്തിലുള്ള എന്‍ ഡി എ മുന്നണി വന്‍ വിജയം കരസ്ഥമാക്കിയ 2014ലെ തിരഞ്ഞെടുപ്പിനു പുറമെ യു പി, ഗുജറാത്ത്, മഹാരാഷ്ട്ര നിയമസഭകളിലേക്കു നടന്ന തിരഞ്ഞെടുപ്പുകളിലും ക്രമക്കേടും അട്ടിമറിയും നടന്നതായാണ് ലണ്ടന്‍ ഹാക്കത്തണിലെ യു എസ് ഹാക്കര്‍ വ്യക്തമാക്കിയിട്ടുള്ളത്. ഈ സംസ്ഥാനങ്ങളിലും ബി ജെ പിയായിരുന്നു ജയിച്ചത്.

ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ ഗുരുതരമായ തിരിമറികള്‍ നടക്കുന്നതായി നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു. രാജ്യത്ത് വലിയ രാഷ്ട്രീയ വിവാദങ്ങളിലേക്കു വഴിതെളിക്കുന്ന കണ്ടെത്തലാണ് ഹാക്കര്‍ നടത്തിയിട്ടുള്ളത്. ബി ജെ പി നേതാവ് ഗോപിനാഥ് മുണ്ടെയ്ക്കും 2014ല്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന വി എസ് സമ്പത്തിനും ഹാക്കിംഗ് വിവരങ്ങള്‍ അറിയാമായിരുന്നുവെന്ന് ഹാക്കര്‍ ചൂണ്ടിക്കാട്ടുന്നു. വിവരങ്ങള്‍ വെളിപ്പെടുത്താനിരിക്കെയാണു മുണ്ടെ മരിച്ചത്.

ഹാക്കിംഗിനെക്കുറിച്ച് അറിയാവുന്നതിനാല്‍ ഗോപിനാഥ് മുണ്ടെയെ കൊലപ്പെടുത്തിയതാണെന്നും ഈ സൈബര്‍ വിദഗ്ധന്‍ ആരോപിച്ചിട്ടുണ്ട്. ഇന്ത്യയില്‍ തിരഞ്ഞെടുപ്പുകളില്‍ ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങള്‍ രൂപകല്‍പന ചെയ്തത് ഈ സൈബര്‍ വിദഗ്ധനാണെന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യന്‍ ജേണലിസ്റ്റ്‌സ് അസോസിയേഷന്‍ (യൂറോപ്) സംഘടിപ്പിച്ച ഹാക്കത്തണ്‍ പരിപാടിയില്‍ കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലും പങ്കെടുത്തിരുന്നു.