അഞ്ചാം തലമുറ സേവനങ്ങള്‍ക്ക് സജ്ജമെന്ന് ഇത്തിസലാത്ത്

Posted on: January 21, 2019 5:16 pm | Last updated: January 21, 2019 at 5:16 pm

ദുബൈ: ഡിജിറ്റല്‍ സേവനങ്ങള്‍ കീഴടക്കുന്ന ഭാവിതലമുറക്ക് നേതൃത്വം നല്‍കാന്‍ ഇത്തിസലാത്ത് പ്രാപ്തമെന്ന് അധികൃതര്‍.
ആശയവിനിമയത്തിന്റെ അഞ്ചാം തലമുറ സേവനങ്ങള്‍ അടുത്ത മാസങ്ങള്‍ക്കുള്ളില്‍ ലഭ്യമാക്കിത്തുടങ്ങുമെന്നും അധികൃതര്‍ വെളിപ്പെടുത്തി.
ഭാവിതലമുറക്ക് ഡിജിറ്റല്‍ രംഗത്തുള്‍പ്പെടെ മുഴുവന്‍ രംഗങ്ങളിലും നേതൃത്വം നല്‍കാന്‍ ഇത്തിസലാത്ത് സാങ്കേതികമായും അല്ലാതെയും സജ്ജമാണെന്ന് ഇത്തിസലാത്തിലെ മൊബൈല്‍ നെറ്റ്‌വര്‍ക്ക് വിഭാഗം സീനിയര്‍ വൈ. പ്രസിഡന്റ് എന്‍ജി സഈദ് അല്‍ സര്‍ഊനി വ്യക്തമാക്കി.
നടപ്പുവര്‍ഷം ഒന്നാം പകുതിയില്‍ തന്നെ അഞ്ചാം തലമുറ സേവനങ്ങള്‍ ലഭ്യമാക്കി തുടങ്ങുമെന്നും ഇതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 300 ടവറുകള്‍ തയ്യാറായതായും അല്‍ സര്‍ഊനി വെളിപ്പെടുത്തി.

ആദ്യഘട്ടം മൊബൈല്‍ ഉപഭോക്താക്കള്‍ക്കായിരിക്കും അഞ്ചാംതലമുറ സേവനങ്ങള്‍ ലഭ്യമാക്കുകയെന്നും അല്‍ സര്‍ഊനി കൂട്ടിച്ചേര്‍ത്തു.
അഞ്ചാം തലമുറ സേവനങ്ങള്‍ ആശയവിനിമയരംഗത്ത് ആധിപത്യം സ്ഥാപിക്കുന്നതോടെ ഈ രംഗത്ത് മുമ്പെങ്ങും കണ്ടിട്ടില്ലാത്ത മാറ്റങ്ങള്‍ക്കും മുന്നേറ്റങ്ങള്‍ക്കുമാണ് സാക്ഷിയാവുക. ആശയവിനിമയങ്ങള്‍ കൂടുതല്‍ എളുപ്പവും സൗകര്യപ്രദവുമാക്കുന്ന നിരവധി ആപ്പുകള്‍ പുതുതായി രംഗപ്രവേശനം ചെയ്യും. അപ്‌ലോഡിംഗ്, ഡൗണ്‍ലോഡിംഗ് ഉള്‍പെടെയുള്ള കാര്യങ്ങള്‍ ഞൊടിയിടകൊണ്ട് സാധ്യമാകുന്ന തരത്തിലേക്ക് സാഹചര്യങ്ങളെത്തും- അല്‍ സര്‍ഊനി വിശദീകരിച്ചു.

അഞ്ചാം തലമുറ നെറ്റ്വര്‍ക്കുകളുടെ സേവന വേഗത സെക്കന്റില്‍ 4.2 ജിബിയായിരിക്കും. നിലവില്‍ യു എ ഇയില്‍ ഉപയോഗിക്കപ്പെട്ടുകൊണ്ടിരിക്കുന്നത് നാലാംതലമുറ നെറ്റ്‌വര്‍ക്കാണ്.
സെക്കന്റില്‍ 600 എംബി മാത്രമാണ് സെക്കന്റിലെ ഇതിന്റെ വേഗത. ഇതില്‍നിന്ന് മാത്രം മനസ്സിലാക്കാം അഞ്ചാം തലമുറ നെറ്റ്വര്‍ക്ക് സേവനങ്ങള്‍ സമൂഹത്തില്‍ കൊണ്ടുവരുന്ന മാറ്റങ്ങള്‍ എന്തൊക്കെയായിരിക്കുമെന്ന് അല്‍ സര്‍ഊനി സൂചിപ്പിച്ചു.