അബുദാബി നഗരസഭ 75 സേവനങ്ങളുടെ ഫീസ് ഒഴിവാക്കി

Posted on: January 21, 2019 5:09 pm | Last updated: January 21, 2019 at 5:09 pm

അബുദാബി: വിവിധങ്ങളായ 75 സേവനങ്ങളുടെ ഫീസ് ഒഴിവാക്കിയതായി അബുദാബി നഗരസഭാ അധികൃതര്‍ പ്രഖ്യാപിച്ചു.
അബുദാബി എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റെ തീരുമാനപ്രകാരമാണിത്. ഇതിനു പുറമേ മറ്റു ചില സേവനങ്ങളുടെ ഫീസ് നിരക്കുകളിലും ഇളവുകളും അധികൃതര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

അബുദാബി എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റെ 2018ലെ 336ാം തീരുമാന പ്രകാരമാണ് സേവനങ്ങളുടെ ഫീസുകള്‍ പൂര്‍ണമായും ഒഴിവാക്കുന്നതും ഇളവുകള്‍ പ്രഖ്യാപിക്കുന്നതുമെന്ന് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ഡോ. അഹ്മദ് മുബാറക് അല്‍ മസ്‌റൂഈ വ്യക്തമാക്കി.
അബുദാബി നഗരസഭയുടെ വിവിധ വകുപ്പുകള്‍ നല്‍കിക്കൊണ്ടിരിക്കുന്ന 98 വ്യത്യസ്ത സേവനങ്ങള്‍ക്കാണ് തീരുമാനം ബാധകമാവുക. ഇതില്‍ 75 സേവനങ്ങളുടെ ഫീസ് പൂര്‍ണമായും ഒഴിവാക്കുന്നുണ്ട്. ബാക്കിയുള്ളവയുടെ ഫീസ് നിരക്കുകളിലാണ് ഇളവ് ബാധകമാവുക.

വിവിധ റിയല്‍എസ്റ്റേറ്റ് സേവനങ്ങള്‍, കെട്ടിട നിര്‍മാണ പെര്‍മിറ്റുകള്‍, കോണ്‍ട്രാക്ട് റജിസ്‌ട്രേഷന്‍, എന്‍ജിനിയേഴ്‌സ് രജിസ്‌ട്രേഷന്‍ തുടങ്ങിയ സുപ്രധാന സേവനങ്ങള്‍ക്ക് ഫീസ് ഒഴിവാക്കിയിരിക്കുന്നത്. ഇതില്‍ ചില സേവനങ്ങള്‍ക്ക് 10,000 മുതല്‍ 50,000 വരെ നിലവില്‍ ഫീസ് അടക്കേണ്ടവയാണ്. 23 സേവനങ്ങളുടെ ഫീസുകളിലാണ് നിരക്കിളവ് ബാധകമാവുക. നിരക്കിളവ് പ്രഖ്യാപിക്കപ്പെട്ട സേവനങ്ങളിലധികവും റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട മേഖലയാണ്. 10 മുതല്‍ 50 ശതമാനം വരെയാണ് ഇളവ് പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്. വാടകക്കാരന്‍ രജിസ്‌ട്രേഷന്‍ നിരക്കിളവ് പ്രഖ്യാപിക്കപ്പെട്ടവയില്‍ ഉള്‍പെടും.

എമിറേറ്റില്‍ ആരംഭിക്കുന്ന പുതിയ വ്യാപാര സംരംഭങ്ങളുടെ ലൈസന്‍സ് ഫീസ് ഒഴിവാക്കിയതായും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ തീരുമാനമെടുത്തിരുന്നു. കൗണ്‍സിലിന്റെ 2018ലെ 337ാം തീരുമാനമായിരുന്നു ഇത്. പുതിയ ലൈസന്‍സുകള്‍ക്കാവശ്യമായ എംഒഎ (മെമ്മോറാണ്ടം ഓഫ് അസോസിയേഷന്‍) ഓതന്റിക്കേഷന്‍ ഫീസ് ഉള്‍പെടെയുള്ള പുതിയ ലൈസന്‍സുമായി ബന്ധപ്പെട്ട മുഴുവന്‍ ഫീസുകളും കൗണ്‍സില്‍ തീരുമാനപ്രകാരം ഒഴിവാക്കപ്പെടും.