പ്രവാസി ഭാരതീയ ദിവസിന് വാരണാസിയില്‍ തുടക്കം

Posted on: January 21, 2019 4:23 pm | Last updated: January 21, 2019 at 5:02 pm

വാരണസി: കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പ്രവാസി ഭാരതീയ ദിവസിന്റെ ഭാഗമായി നടന്ന യുവ ഭാരതീയ ദിനാഘോഷം വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഉദ്ഘാടനം ചെയ്തു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അധ്യക്ഷത വഹിച്ചു.

മന്ത്രി കെ ടി ജലീല്‍, നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഇളങ്കോവന്‍, നോര്‍ക്ക വൈസ് ചെയര്‍മാന്‍ വരദരാജന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് ചടങ്ങില്‍ സംബന്ധിക്കാനെത്തിയതെന്ന് കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു. നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവാസി ദിവസ് ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പങ്കെടുക്കും.

ബനാറസ് ഹിന്ദു യൂനിവേഴ്‌സിറ്റിയുടെ വൈജ്ഞാനിക സുഗന്ധവും കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ ആത്മീയ സൗന്ദര്യവും ഉസ്താദ് ബിസ്മില്ലാ ഖാന്റെ ശബ്ദവീചികളുടെ മാധുര്യവും ഇഴകിച്ചേര്‍ന്ന ചരിത്ര പ്രസിദ്ധമായ വാരാണസിയില്‍ വെച്ചാണ്
പതിനഞ്ചാമത് ഭാരതീയ പ്രവാസി ദിനം ഈ വര്‍ഷം ആഘോഷിക്കുന്നത്. ഇന്ത്യയില്‍ നിന്ന് 3.1 കോടി ജനങ്ങളാണ് പ്രവാസികളെങ്കില്‍ അതില്‍ ഏതാണ്ട് നാല്‍പത് ലക്ഷം പേരും കേരളത്തില്‍ നിന്നുള്ളവരാണെന്നും മന്ത്രി കെ ടി ജലീല്‍ കൂട്ടിച്ചേര്‍ത്തു.