മന്ത്രി കെടി ജലീല്‍ മുഖ്യമന്ത്രിയെ ബ്ലാക്ക്‌മെയില്‍ ചെയ്തു; വിവരങ്ങള്‍ ഉടന്‍ പുറത്തുവിടും: പികെ ഫിറോസ്

Posted on: January 21, 2019 3:37 pm | Last updated: January 21, 2019 at 3:50 pm

കോഴിക്കോട്: ബന്ധുനിയമന വിവാദത്തില്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ മടിക്കുന്നത് സിപിഎമ്മും മുഖ്യമന്ത്രിയും കെടി ജലീലിന്റെ ബ്ലാക് മെയിലിങ്ങില്‍ കുടുങ്ങിയത്‌കൊണ്ടാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. ബ്ലാക്‌മെയില്‍ ചെയ്തത് സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ യൂത്ത് ലീഗിന് ലഭിച്ചിട്ടുണ്ടെന്നും അത് ഉടന്‍ പുറത്തുവിടുമെന്നും ഫിറോസ് കോഴിക്കോട് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

ന്യൂനപക്ഷധനകാര്യ വികസന കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജറായി മന്ത്രി തന്റെ ബന്ധുവിനെ നിയമിച്ചത് വഴിവിട്ടാണെന്ന് യൂത്ത് ലീഗ് ആരോപിച്ചിരുന്നു. ഇത് സംബന്ധിച്ച് പരാതിയും നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ അന്വേഷണം പ്രഖ്യാപിക്കാത്ത സാഹചര്യത്തിലാണ് ഗുരുതര ആരോപണവുമായി യൂത്ത് ലീഗ് വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. വിഷയത്തില്‍ വിജിലന്‍സിന് പരാതി നല്‍കി മൂന്ന് മാസം കഴിഞ്ഞിട്ടും അന്വേഷണം പ്രഖ്യാപിക്കാത്ത സാഹചര്യത്തില്‍ ബന്ധുനിയമനം വീണ്ടും സജീവ ചര്‍ച്ചയാക്കാനാണ് യൂത്ത് ലീഗ് ശ്രമിക്കുന്നത്. ജലീല്‍ ബ്ലാക്ക്‌മെയില്‍ ചെയ്തിട്ടില്ലെങ്കില്‍ അക്കാര്യം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രിയും തുറന്ന് പറയാന്‍ തയ്യാറാകണമെന്നും ഫിറോസ് പറഞ്ഞു.