Connect with us

Wayanad

കബനി റിവര്‍ വാലി പദ്ധതി: 3490 കര്‍ഷകരുടെ വായ്പ എഴുതിത്തള്ളി

Published

|

Last Updated

കല്‍പ്പറ്റ: കേന്ദ്രവിഷ്‌കൃത കബനി റിവര്‍ വാലി പദ്ധതിയില്‍ വയനാട്ടില്‍ 3, 490 കര്‍ഷകര്‍ക്ക് അനുവദിച്ച വായ്പ പലിശ സഹിതം എഴുതിത്തള്ളി സര്‍ക്കാര്‍ ഉത്തരവായി. 1,17,14,940 രൂപയാണ് എഴുതിത്തള്ളിയത്. ഇതില്‍ 85.47 ലക്ഷം രൂപ വായ്പയും ബാക്കി പലിശയുമാണ്.

ജില്ലയില്‍ കബനി നദിയുടെ വൃഷ്ടി പ്രദേശത്തുള്ള കര്‍ഷകരുടെ പുരയിടങ്ങളില്‍ മണ്ണ്, ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കും നദിയില്‍ അടിയുന്ന എക്കലിന്റെ അളവ് കുറക്കാനും നടപ്പാക്കിയതാണ് പദ്ധതി. 1998- 99ലായിരുന്നു തുടക്കം. കബനി റിവര്‍ വാലി പ്രൊജക്ടില്‍ 2,00,304 വരെ 50 ശതമാനം സബ്‌സിഡിയോടെയാണ് വായ്പ അനുവദിച്ചത്.
ആറ് ശതമാനം പലിശ സഹിതം 20 അര്‍ധ വാര്‍ഷിക ഗഡുക്കളായി കര്‍ഷകര്‍ അതത് വില്ലേജ് ഓഫീസുകളില്‍ തിരിച്ചട്ക്കണമെന്ന വ്യവസ്ഥയിലായിരുന്നു വായ്പാ വിതരണം.

2004ന് ശേഷം വായ്പാ വിഹിതം പൂര്‍ണമായി ഒഴിവാക്കി പദ്ധതിയുടെ സബ്‌സിഡി പാറ്റേണില്‍ മാറ്റം വരുത്തി.
2004 വരെ വായ്പ ലഭിച്ചവരില്‍ ആരും മുതലും പലിശയും തിരിച്ചടച്ചില്ല. ഇതു സംബന്ധിച്ചു കംണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റ് ജനറല്‍ നിര്‍ദേശിച്ചതനുസരിച്ച് തൃശൂര്‍ ഡപ്യൂട്ടി അക്കൗണ്ടന്റ് ജനറല്‍ ഓഫീസ് മണ്ണ് പര്യവേഷണമണ്ണു സംരക്ഷണ വകുപ്പില്‍ പരിശോധന നടത്തുകയും സംസ്ഥാന സര്‍ക്കാറിന്റെ വിശദീകരണം തേടുകയുമുണ്ടായി. ഗുണഭോക്താക്കളില്‍നിന്ന് വായ്പ തിരിച്ചുപിടിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ മണ്ണ് പര്യവേഷണമണ്ണ് സംരക്ഷണ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കുമെന്നായിരുന്നു സര്‍ക്കാറിന്റെ ഇടക്കാല മറുപടി. വൈകാതെ വായ്പ തിരിച്ചുപിടിക്കാന്‍ മണ്ണ് പര്യവേഷണ മണ്ണു സംരക്ഷണ ഡയറക്ടര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശവും നല്‍കി. ഇതേത്തുടര്‍ന്നു ഡയറക്ടര്‍ സര്‍ക്കാറിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് വായ്പകള്‍ പലിശ സഹിതം എഴുതിത്തള്ളുന്നതിനു സഹായകമായത്.
ഡയറക്ടറുടെ റിപ്പോര്‍ട്ടില്‍ കബനി റിവര്‍ വാലി പദ്ധതിയില്‍ വായ്പയെടുത്ത കര്‍ഷകരുടെ ദൈന്യം വിശദീകരിച്ചിരുന്നു.
വായ്പക്കാറില്‍ ഭൂരിഭാഗവും ദൈനംദിന ജീവിതത്തിനു പ്രയാസപ്പെടുന്ന ചെറുകിട കര്‍ഷകരാണെന്നും വരള്‍ച്ച മൂലമുള്ള കൃഷിനാശവും കാര്‍ഷിക പ്രതിസന്ധിയും കടക്കെണിയിലാക്കിയതാണ് വായ്പ തിരിച്ചടക്കാതിരിക്കാന്‍ കാരണമെന്നുമാണ് ഡയറക്ടര്‍ റിപ്പോര്‍ട്ട് ചെയ്തത്.

കര്‍ഷകരുടെ താത്പര്യവും ക്ഷേമവും കണക്കിലെടുത്ത് വായ്പയും പശിശയും എഴുതിത്തള്ളണമെന്നും ഡയറക്ടര്‍ അഭ്യര്‍ഥിച്ചു. ഇതു പരിശോധിച്ച സര്‍ക്കാര്‍ പ്രകൃതിക്ഷോഭം മൂലം കര്‍ഷകര്‍ ഇപ്പോള്‍ നേരിടുന്ന ദുരിതവും കണക്കിലെടുത്താണ് കബനി റിവര്‍ വാലി പ്രൊജക്ട് വായ്പകള്‍ പലിശ സഹിതം എഴുതിത്തള്ളിയത്.

Latest