നാഗേശ്വര റാവുവിന്റെ നിയമനം ചോദ്യം ചെയ്തുള്ള ഹരജി പരിഗണിക്കുന്നതില്‍ നിന്ന് ചീഫ് ജസ്റ്റിസ് പിന്മാറി

Posted on: January 21, 2019 1:08 pm | Last updated: January 21, 2019 at 4:24 pm

ന്യൂഡല്‍ഹി: സി ബി ഐ ഇടക്കാല ഡയറക്ടറായി എം നാഗേശ്വര റാവുവിനെ നിയമിച്ച നടപടിയെ ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട ഹരജി പരിഗണിക്കുന്നതില്‍ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് പിന്മാറി. സിബിഐ ഡയറക്ടറെ തിരഞ്ഞെടുക്കുന്നതിനുള്ള ഉന്നതാധികാര സമിതിയില്‍ അംഗമായതിനാലാണ് പിന്മാറ്റം. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസുമായ എല്‍ എന്‍ റാവു, എസ് കെ കൗള്‍ എന്നിവരുള്‍പ്പെട്ട ബഞ്ചാണ് ഹരജി പരിഗണിക്കാനിരുന്നത്.

ഈ മാസം 24ന് പുതിയ ബഞ്ച് ഹരജി പരിഗണിക്കും. ഉന്നതാധികാര സമിതിയുടെ അംഗീകാരമില്ലാതെ ഇടക്കാല ഡയറക്ടറെ നിയമിച്ചത് ചോദ്യം പ്രശാന്ത് ഭൂഷണാണ് ഹരജി നല്‍കിയത്. നാഗേശ്വര റാവുവിന്റെ നിയമനം ചോദ്യംചെയ്യുന്നതിന് പുറമേ സിബിഐ ഡയറക്ടറെ കണ്ടെത്തുന്നത് സംബന്ധിച്ച നടപടിക്രമങ്ങളില്‍ സുതാര്യത ഉറപ്പാക്കണമെന്ന ആവശ്യവും ഹരജിയില്‍ ഉന്നയിച്ചിരുന്നു.

ജനുവരി 10നാണ് നാഗേശ്വര റാവുവിനെ സിബിഐ ഡയറക്ടറായി നിയമിച്ചത്. അലോക് വര്‍മയെ തത്സ്ഥാനത്ത് നിന്ന് നീക്കിയാണ് നഗേശ്വര റാവുവിനെ നിയമിച്ചത്. പ്രധാനമന്ത്രി അധ്യക്ഷനായ ഉന്നതാധികാര സമിതി യോഗം ചേര്‍ന്നാണ് അലോക് വര്‍മയെ നീക്കിയത്.