വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്: ബന്ധുവിന് മൂന്ന് വര്‍ഷം കഠിനതടവ്

Posted on: January 21, 2019 1:05 pm | Last updated: January 21, 2019 at 1:05 pm

കാസര്‍കോട്: സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ കോടതി മൂന്ന് വര്‍ഷം കഠിനതടവിന് ശിക്ഷിച്ചു. കരിവേടകം പള്ളക്കാട്ടെ കുഞ്ഞിരാമന് (33) എതിരെയാണ് ജില്ലാ അഡീഷനല്‍ സെഷന്‍സ് (ഒന്ന്) കോടതി മൂന്ന് വര്‍ഷം കഠിന തടവും 15,000 രൂപ പിഴയും വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ രണ്ട് മാസം അധിക തടവ് അനുഭവിക്കാനും കോടതി വിധിച്ചു.

2017 നവംബര്‍ 19നാണ് കേസിനാസ്പദമായ സംഭവം. അന്ന് ഏഴാം തരത്തില്‍ പഠിച്ചിരുന്ന 13 കാരിയെ സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് വരുന്ന വഴിയില്‍ കുഞ്ഞിരാമന്‍ തടഞ്ഞു നിര്‍ത്തുകയും പീഡിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ബലമായി പിടിച്ചു കൊണ്ടു പോകാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് കേസ്. തന്റെ കൂടെ ജീവിക്കണമെന്ന് നിര്‍ബന്ധം പിടിച്ച് കുഞ്ഞിരാമന്‍ പെണ്‍കുട്ടിയെ നിരവധി തവണ പിറകെ നടന്ന് ശല്യം ചെയ്തിരുന്നതായും പരാതിയിലുണ്ടായിരുന്നു. പോക്‌സോ നിയമ പ്രകാരംമാണ് കുഞ്ഞിരാമനെതിരെ പോലീസ് കേസെടുത്തിരുന്നത്.