ആരവങ്ങളുയരും മുമ്പേ പാലക്കാട്ട് തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ സജീവം

Posted on: January 21, 2019 1:02 pm | Last updated: January 21, 2019 at 1:02 pm

പാലക്കാട്: ലോക്‌സഭാ തിരെഞ്ഞടുപ്പിന് ആരവങ്ങള്‍ ഉയരുമുമ്പേ ജില്ലയില്‍ സ്ഥാനാര്‍ഥികളെ ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച തുടങ്ങി. നിലവിലെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ ലോക്‌സഭാ സീറ്റ് നിലനിര്‍ത്താനും പിടിച്ചെടുക്കാനും ഇടത്- വലത് മുന്നണികള്‍ക്കൊപ്പം ബി ജെ പിയും രംഗത്തുണ്ട്. പാലക്കാട് ലോകസഭാ തിരെഞ്ഞടുപ്പില്‍ സി പി എം സ്ഥാനാര്‍ഥിയായി എം ബി രാജേഷ് എം പി തന്നെ മത്സരിക്കുമോ എന്നതാണ് പ്രധാന ചര്‍ച്ച.

തുടര്‍ച്ചയായി രണ്ട് തവണ വിജയിച്ചവര്‍ മത്സരരംഗത്ത് നിന്ന് മാറി നില്‍ക്കണമെന്ന സംഘടനാ തീരുമാനം രാജേഷ് എം പിക്കും ബാധകമാക്കുമോ എന്നതാണ് മണ്ഡലത്തില്‍ ഉയരുന്ന പ്രധാന ചോദ്യം.

പാര്‍ലിമെന്റിലെ സീനിയോറിറ്റിയും പ്രകടനവും മണ്ഡലത്തിലെ പ്രവര്‍ത്തനവും കണക്കിലെടുത്ത് രാജേഷിന് പാര്‍ട്ടി ഇളവ് നല്‍കിയേക്കുമെന്ന നിഗവും മണ്ഡലത്തില്‍ പൊതുവേ ഉണ്ട്. വികസന നേട്ടങ്ങളും രാഷ്ട്രീയ നിലപാടുകളുമാണ് മണ്ഡലത്തില്‍ ഇടത് മുന്നണിയെ തുണക്കുകയെന്നാണ് രാജേഷിന്റെ അഭിപ്രായം. എന്നാല്‍, ദേശീയ നേതാക്കളെ ആരെയെങ്കിലും പാര്‍ലിമെന്ററി പാര്‍ട്ടി നേതൃത്വത്തില്‍ എത്തിക്കുന്നതിനായി സുരക്ഷിത മണ്ഡലമെന്ന നിലയില്‍ പാലക്കാട് ഉപയോഗിക്കുമെന്ന ചര്‍ച്ചയും സി പി എമ്മില്‍ നിന്ന് പുറത്തുവരുന്നുണ്ട്. ഘടക കക്ഷികള്‍ക്ക് വിട്ടു കൊടുക്കാതെ മത്സര രംഗത്തുണ്ടാകുമെന്ന് ഉറപ്പിച്ചു പറയുന്ന കോണ്‍ഗ്രസില്‍ ഡി സി സി അധ്യക്ഷന്‍ വി കെ ശ്രീകണ്ഠന്റെ പേരാണ് പ്രധാനമായും ഉയര്‍ന്ന് കേള്‍ക്കുന്നത്.

സംസ്ഥാന അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് പട്ടികയിലെ സാമുദായിക സമവാക്യങ്ങള്‍ ശ്രീകണ്ഠന് പ്രതികൂലമാണെന്നതിനാല്‍ ഒ ബി സി സെല്‍ അധ്യക്ഷന്‍ സുമേഷ് അച്യുതനും അവകാശവാദവുമായി രംഗത്തുണ്ട്. വിജയ സാധ്യതയുള്ള സ്ഥാനാര്‍ഥിയായി ശാഫി പറമ്പിലിന്റെ പേരും ഉയര്‍ന്നു കേള്‍ക്കുന്നുണ്ടെങ്കിലും നിയമസഭാ സീറ്റ് ബലികഴിച്ച് അങ്ങനെയൊരു പരീക്ഷണത്തിന് കോണ്‍ഗ്രസ് മുതിരാനിടയില്ല. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാടും മലമ്പുഴയിലും മികച്ച പോരാട്ടം നടത്തി രണ്ടാമതെത്തിയ ശോഭ സുരേന്ദ്രനും സി കൃഷ്ണകുമാറുമാണ് ബി ജെ പിയുടെ പരിഗണനയിലുള്ളത്.
പാലക്കാട് ലോക്‌സഭ തിരെഞ്ഞടുപ്പില്‍ മൂന്ന് മുന്നണികളും പ്രതീക്ഷ പുലര്‍ത്തുമ്പോള്‍ സി പി എമ്മിന്റെ ചെങ്കോട്ടയായ ആലത്തൂരിലേക്ക് സി പി എം ഒഴിച്ച് മറ്റുള്ള പാര്‍ട്ടികളിലെ സ്ഥാനാര്‍ഥികളെക്കുറിച്ചുള്ള ചര്‍ച്ച അത്ര സജീവമല്ല.