പാലക്കാട്: മയക്കുമരുന്നുകള്‍ വില്‍ക്കുന്നതിന് മാഫിയ സംഘങ്ങള്‍ സ്ത്രീകളെ കരുവാക്കിയതോടെ നേരിടാനുറച്ച് എക്സൈസ്. വനിതകളെ രംഗത്തിറക്കിയാണ് എക്സൈസ് വകുപ്പ് വേട്ടക്കൊരുങ്ങുന്നത്. ഇതിനായി വനിതകള്‍ മാത്രമടങ്ങുന്ന സിവില്‍ പോലീസ് ഓഫീസര്‍മാരുടെ സ്ക്വാഡ് രൂപവത്കരണത്തിനുള്ള നടപടിക്ക് തുടക്കമായി. മിക്ക ജില്ലകളിലും നഗര- ഗ്രാമീണ മേഖലകള്‍ കേന്ദ്രീകരിച്ച് സ്ത്രീകളുടെ നേതൃത്വത്തില്‍ ലഹരി വില്‍പ്പന സജീവമാണ്.
കഞ്ചാവ് പോലുള്ള ലഹരിവസ്തുക്കള്‍ സ്ത്രീകളെ ഇടനിലക്കാരാക്കി ഇതര സംസ്ഥാനങ്ങളിലേക്ക് വ്യാപകമായി കടത്തുന്നുണ്ട്. കൊച്ചിയടക്കമുള്ള മെട്രോ നഗരങ്ങളില്‍ സിനിമാ രംഗത്തെ നടികള്‍ തന്നെയാണ് ലഹരിക്കടത്തിന് ചുക്കാന്‍ പിടിക്കുന്നത്.
കച്ചവടങ്ങളില്‍ നേതൃത്വം സ്ത്രീകള്‍ക്കായത് കൊണ്ടുതന്ന പുരുഷ ഓഫീസര്‍മാര്‍ നേതൃത്വം നല്കുന്ന പരിശോധനക്കും മറ്റും പരിമിതികളേറെയാണ്. ഇത്തര സ്ഥലങ്ങളില്‍ വനിതാ സംഘത്തിന് എളുപ്പം കടന്നെത്തി വിവരങ്ങള്‍ ശേഖരിക്കാനാകുമെന്ന തിരിച്ചറിവാണ് വനിതാ സ്ക്വാഡിന് എക്സൈസ് രൂപം നല്‍കുന്നത്. സ്കൂളുകളും ഗ്രാമീണ മേഖലകളുമടക്കമുള്ള ലഹരി വില്‍പ്പന കേന്ദ്രങ്ങളില്‍ നേരിട്ടെത്തി വനിതാ സ്ക്വാഡ് വിവരങ്ങള്‍ ശേഖരിക്കും. ആവശ്യമെങ്കില്‍ സേനയുടെ സഹായവും തേടും. 2014 മുതലാണ് എക്സൈസില്‍ വനിതകളെ നിയമിച്ച് തുടങ്ങിയത്. സംസ്ഥാനത്ത് 437 വനിതാ ഓഫീസര്‍മാരാണുള്ളത്.