Connect with us

Eranakulam

കൃഷിയിടം കൈയേറി നിരോധിത കീടനാശിനികള്‍

Published

|

Last Updated

നിരോധിത കീട- കളനാശിനികള്‍ വില്‍ക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കുമെന്ന മുന്നറിയിപ്പിനെ തീര്‍ത്തും അവഗണിച്ച് സംസ്ഥാനത്ത് നിരോധിത കീടനാശിനികളുടെ വില്‍പ്പന സജീവം. നിറവും പേരും മാറ്റി അയല്‍സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന കീടനാശിനികളാണ് പരക്കെ വില്‍ക്കപ്പെടുന്നത്. പ്രളയകാലത്തെ വലിയ കാര്‍ഷിക നഷ്ടങ്ങള്‍ക്കു ശേഷം ഉത്പാദനം പൊടുന്നനെ കൂട്ടുന്നതിനും കൃഷിക്ക് രോഗബാധ കൂടുമെന്നുള്‍പ്പെടെ പ്രചരിപ്പിച്ചുമാണ് അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് കീടനാശിനികള്‍ സംസ്ഥാനത്തേക്കെത്തുന്നത്. ഇത് മുന്‍കൂട്ടി കണ്ട് ഈ മാസം തുടക്കത്തില്‍ നിരോധിത കീടനാശിനികള്‍ കണ്ടെടുക്കുന്നതിന് സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയെങ്കിലും എവിടെ നിന്നാണിത് വിറ്റഴിക്കുന്നതെന്നോ എവിടെയാണ് കൃത്യമായ ഉറവിടെമെന്നോ കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കണ്ടെത്താനാകുന്നില്ല.

വിവിധ പേരുകളില്‍ പലവിധ ബോട്ടിലുകളിലായെത്തുന്ന കള- കീടനാശിനികള്‍ ചെറിയ വിലയ്്ക്ക് ലഭിക്കുമെന്നതിനാല്‍ ഇതേക്കുറിച്ച് കൃത്യമായ അറിവില്ലാത്ത കര്‍ഷകര്‍ വ്യാപകമായി ഇതു വാങ്ങി ഉപയോഗിക്കുന്നുണ്ടെന്നാണ് നിരീക്ഷണം. സീസണില്‍ നാനൂറ് കോടിയിലേറെ വിറ്റുവരവുള്ള ഉത്പന്നങ്ങളാണെന്നതിനാല്‍ നിരോധിതവും വീര്യം കൂടിയതുമായ കീടനാശിനികള്‍ കേരളത്തിലേക്കെത്തിച്ച് നേട്ടം കൊയ്യാന്‍ ഇതരസംസ്ഥാനങ്ങളിലെ മൊത്തക്കച്ചവടക്കാരും ഇടനിലക്കാരും ഒരുപോലെ മത്സരിക്കുകയാണ്. ജനുവരി മുതല്‍ സംസ്ഥാനത്ത് പച്ചക്കറി കൃഷിയുള്‍പ്പടെ വന്‍തോതില്‍ നടക്കുമെന്നതിനാല്‍ കീടനാശിനി വിതരണത്തിന് വന്‍തോതിലുള്ള തയ്യാറെടുപ്പുകളാണ് തമിഴ്‌നാട്ടില്‍ നിന്നുള്‍പ്പെടെയുള്ള ചില കേന്ദ്രങ്ങളില്‍ നടക്കുന്നതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

2011 മുതല്‍ സംസ്ഥാനത്ത് പതിനെട്ടിനം കള- കീടനാശിനികളുടെ ഉപയോഗമാണ് കൃഷി വകുപ്പ് നിരോധിച്ചിട്ടുള്ളത്. ഇവയുടെ ഉപയോഗത്തിനും വില്‍പ്പനക്കും രണ്ട് വര്‍ഷം വരെ തടവും പിഴയും ലഭിക്കാം. നിരോധിച്ച പേരിലുള്ള ഉത്പന്നങ്ങള്‍ പിടിച്ചാല്‍ മാത്രമാണ് നടപടി. ഈ സൗകര്യം മുതലെടുത്താണ് ലേബല്‍ മാറ്റിയും ശേഷി വര്‍ധിപ്പിച്ചും കീടനാശിനി വ്യാപാരം സജീവമാകുന്നത്. കേരളത്തില്‍ നിരോധിച്ച കീടനാശിനികള്‍ തമിഴ്‌നാട്ടില്‍ പെട്ടിക്കടകള്‍ പോലെയുള്ള വളം വില്‍പ്പനശാലകളില്‍ സുലഭമാണ്. തമിഴ്‌നാട്ടില്‍ നിന്നാണ് കീടനാശിനികള്‍ കേരളത്തിലേക്ക് കൂടുതല്‍ എത്തുന്നതെന്നാണ് കണ്ടെത്തിയിട്ടുള്ളത്. കള- കീടനാശിനി ഉത്പാദകരേറെയും വടക്കേ ഇന്ത്യന്‍ കമ്പനികളാണ്.
ഇടുക്കിയില്‍ ഏലത്തോട്ടങ്ങളിലുള്‍പ്പെടെ പലയിടത്തും നിരോധിക്കപ്പെട്ട ഫ്യൂറഡാന്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അടുത്തിടെ ഇടുക്കി വാഴത്തോപ്പില്‍ നടന്ന പരിശോധനയില്‍ നൂറ് കിലോ ഫ്യൂറഡാന്‍ പിടിച്ചെടുത്തിരുന്നു. കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനക്കെത്തുന്നതു മുന്‍കൂട്ടി അറിയുന്നതിനാല്‍ വലിയ തോതിലുള്ള നിരോധിത കീടനാശിനി ശേഖരം പലപ്പോഴും പിടിച്ചെടുക്കാനാകാറില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇടുക്കിയിലെ അതിര്‍ത്തി പ്രദേശങ്ങള്‍, പാലക്കാട് അതിര്‍ത്തിമേഖലയിലെ വേലന്താവളം, ഗോപാലപുരം, മീനാക്ഷിപുരം, ഒഴലപ്പതി, വാളയാര്‍ മേഖലകളില്‍ നിന്നെല്ലാം കീടനാശിനികള്‍ എത്തുന്നുണ്ടെന്നാണ് വിവരം. നിരോധിച്ച വീര്യം കൂടിയ മോണോക്രോട്ടോഫോസ് പോലുള്ളവ സൂക്ഷ്മ മൂലകങ്ങളുമായി ലയിപ്പിച്ച് തെങ്ങിലെ വെള്ളീച്ച ശല്യം, കുമിള്‍ രോഗം എന്നിവക്കെല്ലാമെതിരെ പലയിടത്തും പ്രയോഗിച്ചു വരുന്നതായും കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

വാഴകളെ നശിപ്പിക്കുന്ന തണ്ടുതുരപ്പനെ തുരത്തുന്ന ഫ്യുറഡാന്‍ നിരോധിത കീടനാശിനികളുടെ പട്ടികയിലാണെങ്കിലും ഇപ്പോഴും വന്‍തോതില്‍ ഉപയോഗിക്കപ്പെടുന്നുണ്ട്. ഇത്തരം കീടനാശിനികളുടെ ഉപയോഗം തൊഴിലാളികളെ അര്‍ബുദം ഉള്‍പ്പടെയുള്ള മാരകരോഗങ്ങളിലേക്ക് എത്തിക്കാന്‍ കാരണമാകുമെന്നും കാര്‍ഷിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനു പുറമെ മാരക വിഭാഗത്തില്‍പ്പെട്ട ഫൊറേറ്റ് (ചുവപ്പ്), ട്രയാസോഫോസ് (മഞ്ഞ), കാര്‍ബോഫുറാന്‍ (ചുവപ്പ്), മീഥൈല്‍ പാരത്തിയോണ്‍ (ചുവപ്പ്), മിഥൈല്‍ ഡിമാറ്റണ്‍ (ചുവപ്പ്) എന്നിവയെല്ലാം അതിര്‍ത്തി കടന്ന് കേരളത്തിലേക്കെത്തുന്നുവെന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെ രഹസ്യമായി സമ്മതിക്കുന്നുണ്ട്.
നിയന്ത്രണം മറികടക്കാന്‍ ഓരോ സീസണിലും ഓരോ പേരുമായാണ് ഇവയുടെ വരവ്. പേരുപോലെതന്നെ ചേരുവയുടെ വീര്യവും ഓരോ ഇനത്തിലും വ്യത്യാസപ്പെട്ടിരിക്കുമെന്നും ഇവര്‍ പറയുന്നു.
ഉപയോഗം കുറക്കണമെന്ന് കൃഷി വകുപ്പ് നിര്‍ദേശിച്ചിട്ടും കുട്ടനാട്ടിലടക്കം നിരോധിച്ച കീടനാശിനി യഥേഷ്ടം ഉപയോഗിക്കുന്നുണ്ട്. വിതക്കും മുമ്പ് തുടങ്ങുന്ന വിഷമടിക്കല്‍ പലയിടത്തും നെല്ല് വിളയുന്നതുവരെ നീളുന്നതായി കര്‍ഷകരും തുറന്നു സമ്മതിക്കുന്നു.

കീടനാശിനി തളിക്കുന്നതിനിടെ മരണം:
വില്‍പ്പന കേന്ദ്രം അടച്ചുപൂട്ടി

രണ്ട് പേരുടെ മരണത്തിനിടയാക്കിയ കീടനാശിനി

ള്ള കൊടും വിഷം തളിക്കുന്നതിനിടെ രണ്ട് പേര്‍ മരിക്കാനിടയായ സംഭവത്തില്‍ കീടനാശിനി വില്‍പ്പന നടത്തിയ പത്തനംതിട്ട ജില്ലയിലെ ഡിപ്പോ അടച്ചുപൂട്ടി. സംഭവത്തിനിടയാക്കിയ “വിരാട്” കീടനാശിനിയുടെ വില്‍പ്പന സംസ്ഥാനത്താകെ നിര്‍ത്തിവെക്കാന്‍ കൃഷി വകുപ്പ് ഡയറക്ടര്‍ ഉത്തരവിട്ടു. ജില്ലയിലെ എല്ലാ കീടനാശിനി ഡിപ്പോകളും അടിയന്തരമായി പരിശോധിക്കണമെന്നും കൃഷി വകുപ്പ് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.
അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷനും ഉത്തരവിട്ടു. കമ്മീഷന്‍ അംഗം കെ മോഹന്‍ കുമാറാണ് ഉത്തരവിട്ടത്. കീടനാശിനിയുടെ അമിത ഉപയോഗം കാരണമായിരുന്നു മരണമെന്നാണ് നിഗമനം. അനുവദനീയമായ അളവിലും കൂടുതല്‍ കീടനാശിനി ഉപയോഗിച്ചതാണ് അപകടത്തിനിടയാക്കിയത്.

കഴിഞ്ഞ ദിവസം രാവിലെയാണ് വേങ്ങലിലെ കര്‍ഷകത്തൊഴിലാളികളായ കഴുപ്പില്‍ കോളനിയിലെ സനില്‍ കുമാര്‍, ജോണി എന്നിവര്‍ കീടനാശിനി പ്രയോഗത്തെ തുടര്‍ന്ന് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച പാടത്ത് കീടനാശിനി അടിക്കുന്നതിനിടെ അഞ്ച് തൊഴിലാളികളെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതില്‍ രണ്ട് പേരാണ് മരിച്ചത്. മറ്റ് മൂന്ന് പേര്‍ ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെയും നില ഗുരുതരമാണ്.

വിതരണം ഇനി കൃഷി ഓഫീസറുടെ
ശിപാര്‍ശപ്രകാരം മാത്രം

കൊച്ചി: കീടനാശിനികള്‍ കൃഷി ഓഫീസറുടെ ശിപാര്‍ശപ്രകാരം മാത്രം നല്‍കാനുള്ള നടപടിയൊരുങ്ങുന്നു. കീടനാശിനി എന്തിനാണെന്നും എത്രയളവില്‍ വേണമെന്നും ഏത് കൃഷിക്ക് വേണമെന്നതുമടക്കമുള്ള വിവരങ്ങള്‍ ബന്ധപ്പെട്ട കൃഷി ഓഫീസര്‍ക്ക് നല്‍കി കൃഷി ഓഫീസര്‍ നല്‍കുന്ന ശിപാര്‍ശപ്രകാരം മാത്രം കള- കീടനാശിനികള്‍ നല്‍കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്താനാണ് കൃഷി വകുപ്പ് ഒരുങ്ങുന്നത്.
ഈ മാസം അവസാനത്തോടെ ഇത് നടപ്പാക്കാനാണ് ആലോചിക്കുന്നത്. ഇതിനു മുന്നോടിയായി കര്‍ഷകര്‍ക്ക് വിപുലമായ ബോധവത്കരണം നടത്താന്‍ കൃഷി വകുപ്പ് ഉത്തരവിറക്കി. ഇന്നു മുതല്‍ ഈ മാസം 31 വരെ നീണ്ടുനില്‍ക്കുന്ന ബോധവത്കരണ ക്യാമ്പയിനുകളാണ് ഡിപ്പോ കേന്ദ്രീകരിച്ചും പഞ്ചായത്ത്- ബ്ലോക്ക് ജില്ലാതലത്തിലും നടത്തുക.
കീടനാശിനികള്‍ ഏതുവിളയ്ക്ക്, ഏത് കീടത്തിന് ഏതളവില്‍, കാത്തിരിപ്പു കാലം എന്നിവയെല്ലാം രേഖപ്പെടുത്തിയ ബോര്‍ഡുകള്‍ ഡിപ്പോക്ക് മുന്നില്‍ ഈ മാസം 31നകം പ്രദര്‍ശിപ്പിക്കണമെന്നതുള്‍പ്പടെയുള്ള നിര്‍ദേശം കൃഷി വകുപ്പ് ഇതിനകം നല്‍കിയിട്ടുണ്ട്. എല്ലാ ജില്ലകളിലെയും കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍മാരെ ജില്ലാതല ലൈസന്‍സിംഗ് ഓഫീസര്‍മാരായി നിയമിച്ചിട്ടുണ്ട്.
കീടനാശിനി ഉത്പാദന, വിതരണ ലൈസന്‍സും കീടനിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ലൈസന്‍സും അനുവദിക്കുന്നത് സ്റ്റേറ്റ് ലൈസന്‍സിംഗ് ഓഫീസറാണ്. കീടനാശിനി ചില്ലറ വില്‍പ്പനശാലക്ക് ലൈസന്‍സ് നല്‍കുന്നത് അതാതു ജില്ലകളിലെ ലൈസന്‍സിംഗ് ഓഫീസര്‍മാരാണ്.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

Latest