അഞ്ച് മുറികള്‍, പാചകക്കാരി, ടിവി; ജയില്‍വാസം ശശികലക്ക് സുഖവാസകാലം

Posted on: January 21, 2019 12:25 pm | Last updated: January 21, 2019 at 12:25 pm

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട് ബെംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന അണ്ണാ ഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി വി കെ ശശികലക്ക് ജയിലില്‍ സുഖവാസമെന്ന് വിവരാവകാശ രേഖ. ശശികലക്കും സഹോദര ഭാര്യ ഇളവരശിക്കുമായി അഞ്ച് ജയില്‍ മുറികള്‍, പ്രത്യേക പാചകക്കാരി, സന്ദര്‍ശകര്‍ക്ക് സമയക്രമമില്ലാതെ അനുമതി തുടങ്ങിയ സൗകര്യങ്ങളാണ് ചട്ടവിരുദ്ധമായി ലഭിക്കുന്നത്. വിവരാവകാശ പ്രവര്‍ത്തകന്‍ നരസിംഹ മൂര്‍ത്തിക്കാണ് വിവരാവകാശ നിയമ പ്രകാരം മറുപടി ലഭിച്ചത്.

ജയിലിലെ നിയമങ്ങള്‍ മറികടന്ന് ശശികലക്ക് സൗകര്യങ്ങള്‍ ലഭിക്കുന്നത് ചൂണ്ടിക്കാട്ടി 2017 ജൂലൈയില്‍ ഡപ്യൂട്ടി ഐജി ഡി രൂപയാണ് ആദ്യം റിപ്പോര്‍ട്ട് നല്‍കിയത്. പിന്നാലെ ഇവരെ സ്ഥലം മാറ്റിയിരുന്നു. ഗുരുതര ചട്ട ലംഘനങ്ങള്‍ ജയിലില്‍ നടക്കുന്നതായി ചൂണ്ടിക്കാട്ടിയ ഡി രൂപ രണ്ട് കോടി രൂപ ഇതിനായി ജയില്‍ മേധാവികള്‍ കൈപ്പറ്റിയെന്നും ആരോപിച്ചിരുന്നു. രൂപയുടെ കണ്ടെത്തലുകള്‍ പരിശോധിച്ച വിനയ കുമാര്‍ കമ്മീഷനും ശശികലക്ക് വിഐപി പരിഗണന ലഭിക്കുന്നതായി സ്ഥിരീകരിച്ചിരുന്നു.