Connect with us

Malappuram

അപൂര്‍വ നാണയ ശേഖരവുമായി ഉനൈസ്

Published

|

Last Updated

നാണയ ശേഖരവുമായി മുഹമ്മദ് ഉനൈസ്

വിവിധ രാജ്യങ്ങളുടെ നാണയങ്ങളും സ്റ്റാമ്പുകളും ശേഖരിച്ച് ചരിത്രത്തിന്റ കാവലാളാകുകയാണ് 24കാരനായ മുഹമ്മദ് ഉനൈസ്. 15 വര്‍ഷത്തോളമായി വൈവിധ്യമാര്‍ന്ന സ്റ്റാമ്പുകളും നാണയങ്ങളും പത്രത്താളുകളിലെ പ്രധാനപ്പെട്ട വാര്‍ത്തകളുമെല്ലാം സൂക്ഷിക്കുകയാണ് ഈ യുവാവ്. കാഞ്ഞിരം സ്‌കൂളില്‍ പഠിക്കുമ്പോള്‍ മൂന്നാം ക്ലാസിലെ അധ്യാപികയുടെ പ്രചോദനത്തില്‍നിന്ന് തുടങ്ങിയതാണ് നാണയ ശേഖരണം.

ഇപ്പോള്‍ സുഡാന്‍, നേപ്പാള്‍, കാനഡ തുടങ്ങി 63ഓളം രാഷ്ട്രങ്ങളുടെ നാണയവും അപൂര്‍വ സ്റ്റാമ്പുകളും കൈവശമുണ്ട്. സമകാലീന വിഷയങ്ങളില്‍ പ്രധാനപ്പെട്ട സംഭവങ്ങളെയും തന്റെ ശേഖരണത്തില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. സ്‌പോര്‍ട്‌സ്, കല, സാഹിത്യം, രാഷ്ട്രീയം, സംസ്‌കാരം, പ്രകൃതി, ചരിത്രം എന്നി മേഖലകളിലെ പ്രധാനസംഭവ വികാസങ്ങളെല്ലാം ഉനൈസിന്റെ സൂക്ഷിപ്പിലുണ്ട്. 2012ല്‍ പ്ലസ്ടുവിന് പഠിക്കുമ്പോള്‍ സംസ്ഥാന സ്‌കൂള്‍ പ്രവൃത്തി പരിചയ മേളയില്‍ എ ഗ്രേഡ് ലഭിച്ചിരുന്നു.

രണ്ട് വര്‍ഷം പ്രവാസിയായിരുന്നെങ്കിലും ഒഴിവു സമയങ്ങളില്‍ യു എ ഇയുടെ ചരിത്ര പ്രാധാന്യമുള്ള നാണയം ശേഖരിക്കുന്ന തിരക്കിലായിരുന്നു. ഇവിടെ നിന്നുള്ള 30ഓളം നാണയങ്ങളുമുണ്ട് ശേഖരത്തില്‍. ഇന്ത്യന്‍ നാണയത്തിലെ ഒരണ, രണ്ടണ, നയാ പൈസ, ഒരു പൈസ, മൂന്ന് പൈസ തുടങ്ങിയവയുമുണ്ട്.

ബഹിരാകാശത്തേക്ക് നാസ അയച്ച ചിത്രങ്ങളും ഐ എസ് ആര്‍ ഒയുടെ ബൃഹത്തായ പദ്ധതികളായ മംഗള്‍യാന്‍, ചന്ദ്രയാന്‍ തുടങ്ങിയവയും ഉള്‍പ്പെടുന്നുണ്ട്. കഴിഞ്ഞ നാല് ഒളിമ്പിക്‌സിലെ മുഴുവന്‍ കായിക വിശേഷങ്ങളും വാര്‍ത്തകളുമുണ്ട് ഉനൈസിന്റെ ശേഖരത്തില്‍.
മലാല യൂസുഫ് സായിയുടെ ജീവിതത്തെ ആസ്പദമാക്കി പുസ്തകം തയ്യാറാക്കിയിട്ടുണ്ട്. വെടിയേല്‍ക്കുന്നത് മുതല്‍ സമാധാന നൊബേല്‍ പുരസ്‌കാരം കിട്ടുന്നത് വരെയുള്ള സംഭവവികാസങ്ങളെല്ലാം ഇതില്‍ പ്രതിപാദിക്കുന്നുണ്ട്. ഇപ്പോള്‍ എച്ച് ഐ ഒ ഒളവട്ടൂരില്‍ ടി ടി സി രണ്ടാംവര്‍ഷ വിദ്യാര്‍ഥിയാണ് ഉനൈസ്. പുല്‍പ്പറ്റ തൃപ്പനച്ചി കാഞ്ഞിരത്തിങ്ങലെ ഈശ്വരത്തില്‍ ബശീര്‍-ഖൈറുന്നീസ ദമ്പതികളുടെ മകനാണ്.

 

കമറുദ്ദീന്‍ എളങ്കൂര്‍
മലപ്പുറം