പിടിക്കുന്ന മീനുകള്‍ക്ക് മിനിമം വളര്‍ച്ച നിര്‍ബന്ധം

Posted on: January 21, 2019 12:05 pm | Last updated: January 21, 2019 at 12:06 pm

 തിരൂര്‍: മത്സ്യ ലഭ്യതയിലെ ആശങ്കാപരമായ കുറവ് കണക്കിലെടുത്ത് നിയന്ത്രണങ്ങളും നിയമങ്ങളും കര്‍ശനമാക്കാനൊരുങ്ങി ഫിഷറീസ് വകുപ്പ്. വളര്‍ച്ചയെത്താത്ത മീനുകളെ പിടിക്കുന്നതും അനധികൃതമായ രീതിയില്‍ ലൈസന്‍സും രജിസ്‌ട്രേഷനും ഇല്ലാതെ മത്സ്യബന്ധനത്തിനിറങ്ങുന്നതും ഇനി മുതല്‍ കര്‍ശനമായി തടയാനാണ് കേരള മറൈന്‍ ഫിഷറീസ് വിഭാഗം തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ പിടിക്കുന്ന മത്സ്യത്തിന്റെ വളര്‍ച്ചയുടെ തോത് വ്യക്തമാക്കിയിട്ടുണ്ട്.
സുലഭമായി ലഭിക്കുന്ന മത്തിക്കും അധികൃതര്‍ അളവ് നിശ്ചയിച്ചിട്ടുണ്ട്. മിനിമം പത്ത് സെന്റീമീറ്ററെങ്കിലും നീളമില്ലാത്ത മത്തി പിടിക്കരുതെന്നാണ് നിര്‍ദേശം. കൂടാതെ ചൂര, കേര എന്നിവക്ക് പതിമൂന്ന് സെന്റീ മീറ്റര്‍ നീളം വേണം.

കറുത്ത ആവോലിയാകട്ടെ 17 സെന്റീ മീറ്ററും വെള്ള ആവോലിക്ക് 13 സെന്റീ മീറ്ററും നീളം വേണം. ഈയടുത്ത കാലത്തായി തീരെ വളര്‍ച്ചയെത്താത്ത മീനുകളെ പിടിച്ച് വ്യാപകമായ വില്‍പ്പന നടത്തിവരുന്നതായി അധികൃതരുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. പാരമ്പര്യ മത്സ്യത്തൊഴിലാളികള്‍ക്ക് പുറമേയുള്ള സംഘങ്ങളാണ് പലപ്പോഴും ഇത്തരം നിയമവിരുദ്ധ നീക്കങ്ങള്‍ക്ക് പിന്നിലെന്നാണ് സൂചന. പകല്‍സമയങ്ങളില്‍ പരിശോധന ഉണ്ടാകുമെന്ന ധാരണയുള്ളതിനാല്‍ അര്‍ധരാത്രിയാണ് ഈ സംഘങ്ങള്‍ രംഗത്തെത്തുക. കടല്‍ മത്സ്യങ്ങളിലെ ദൗര്‍ലഭ്യം മനസ്സിലായതോടെ നടത്തിയ അന്വേഷണത്തിലാണ് ഈ സംഭവം അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. പാരമ്പര്യ മത്സ്യത്തൊഴിലാളികളുടെയും നാട്ടുകാരുടെയും കൂടി സഹകരണത്തോടെ ഈ നിര്‍ദേശം നടപ്പാക്കാനാണ് അധികൃതര്‍ ആലോചിക്കുന്നത്.

കടലില്‍ ഫിഷറീസ് വകുപ്പ് പരിശോധന നടത്തി ഇത്തരം സംഘങ്ങള്‍ക്കെതിരെ വന്‍പിഴ ഈടാക്കാനാണ് ഉദ്ദേശിക്കുന്നത്. കൂടാതെ കരയിലും പരിശോധന ഉണ്ടാകും. മീന്‍ വില്‍പ്പന കേന്ദ്രങ്ങളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ നിയമവിരുദ്ധ സംഘത്തെ പിടികൂടാന്‍ അധികൃതര്‍ക്ക് പദ്ധതിയുണ്ട്. മത്സ്യ സമ്പത്ത് വേണ്ടവിധം ഉപയോഗപ്പെടുത്തി അനധികൃത നീക്കങ്ങളെ പരാജയപ്പെടുത്താന്‍ മത്സ്യത്തൊഴിലാളികളും സഹകരിക്കുമെന്ന പ്രതീക്ഷയിലാണ് ഫിഷറീസ് വകുപ്പ്.