Connect with us

National

റിസോര്‍ട്ടിലെ ഏറ്റുമുട്ടല്‍: നിയമനടപടി സ്വീകരിക്കുമെന്ന് പരുക്കേറ്റ കോണ്‍ഗ്രസ് എംഎല്‍എയുടെ ഭാര്യ

Published

|

Last Updated

ബെംഗളൂരു: ഈഗില്‍ടണ്‍ റിസോര്‍ട്ടില്‍ വെച്ച് തന്റെ ഭര്‍ത്താവിനെ ആക്രമിച്ച ജെ എന്‍ ഗണേഷ് എംഎല്‍എക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മറ്റൊരു എംഎല്‍എയായ ആനന്ദ് സിംഗിന്റെ ഭാര്യ ലഷ്മി സിംഗ്. ഗണേഷ് തന്റെ ഭര്‍ത്താവിനെ ആക്രമിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ സത്യമാണെന്നും താനും മകളും നിശബ്ദത പാലിക്കില്ലെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, താന്‍ ആനന്ദ് സിംഗിനെ ആക്രമിച്ചിട്ടില്ലെന്നും ഇപ്പോള്‍ പ്രചരിക്കുന്നത് അസത്യങ്ങളാണെന്നും ജെ എന്‍ ഗണേശ് പറഞ്ഞു. ഞാന്‍ അദ്ദേഹത്തെ ഉപദ്രവിച്ചെങ്കില്‍, എന്റെ കുടുംബത്തോടൊപ്പം ഞാന്‍ അദ്ദേഹത്തോട് മാപ്പ് ചോദിക്കുമെന്നും ഗണേശ് കൂട്ടിച്ചേര്‍ത്തു.

കര്‍ണാടകയിലെ ഈഗിള്‍ടണ്‍ റിസോര്‍ട്ടില്‍ കഴിയുന്ന കോണ്‍ഗ്രസ് എം എല്‍ എമാര്‍ തമ്മില്‍ ഇന്നലെ പുലര്‍ച്ചെയോടെയാണ് കൈയാങ്കളിയും വാക്തര്‍ക്കവുമുണ്ടായത്. വിജയനഗര മണ്ഡലം എം എല്‍ എ ആനന്ദ് സിംഗിനെ മദ്യക്കുപ്പി കൊണ്ട് തലക്ക് അടിയേല്‍ക്കുകയായിരുന്നു. പരുക്കേറ്റ ഇദ്ദേഹത്തെ ശേഷാദ്രിപുരത്തെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജെ എന്‍ ഗണേഷ് മദ്യക്കുപ്പി കൊണ്ട് തലക്ക് അടിച്ചെന്നാണ് റിപ്പോര്‍ട്ട്. ഭീമാനായ്ക് എം എല്‍ എയും ഗണേഷിനോടൊപ്പമുണ്ടായിരുന്നു.
ബി ജെ പിയിലേക്ക് ചേക്കേറാനൊരുങ്ങി മുംബൈ റിസോര്‍ട്ടില്‍ കഴിഞ്ഞിരുന്ന ആറ് എം എല്‍ എമാരില്‍ രണ്ട് പേരാണ് ഭീമാനായ്ക്കും ജെ എന്‍ ഗണേഷും. ഇവര്‍ രണ്ട് ദിവസം മുമ്പെ തിരിച്ചെത്തിയിരുന്നു. ഇരുവരും ബി ജെ പിയിലേക്ക് പോകാന്‍ രഹസ്യ നീക്കം നടത്തിവരികയായിരുന്നു. ആനന്ദ് സിംഗാണ് ഈ വിവരം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെയും സിദ്ധരാമയ്യയെയും അറിയിച്ചത്. ഇതിന്റെ വൈരാഗ്യമാണ് ആനന്ദ് സിംഗിന് നേരെയുള്ള ആക്രമണത്തിന് കാരണമെന്ന് പറയപ്പെടുന്നു. കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്കിടയിലെ ഭിന്നതയാണ് സംഘട്ടനത്തില്‍ കലാശിച്ചതെന്ന് ആരോപിച്ച് ബി ജെ പി രംഗത്തെത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം വിധാന്‍സൗധയില്‍ നടന്ന കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തിന് ശേഷമാണ് എം എല്‍ എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയത്. യോഗത്തില്‍ നിന്ന് നാല് എം എല്‍ എമാര്‍ വിട്ടുനിന്നിരുന്നു. കോണ്‍ഗ്രസ് എം എല്‍ എമാരെ ബി ജെ പി ചാക്കിലാക്കാന്‍ ശ്രമിക്കുന്നത് ഒഴിവാക്കാനാണ് യോഗത്തില്‍ പങ്കെടുത്ത 75 എം എല്‍ എമാരെയും റിസോര്‍ട്ടിലെത്തിച്ചത്. യോഗത്തില്‍ പങ്കെടുക്കാത്ത നാല് പേര്‍ എം എല്‍ എ സ്ഥാനം രാജിവെച്ച് ബി ജെ പിയില്‍ ചേരുമെന്ന പ്രചാരണം ശക്തമായിട്ടുണ്ട്.

Latest