മെഡിക്കല്‍ കോളജ് ഹോസ്റ്റല്‍ ഇപ്പോഴും തറക്കല്ലില്‍

Posted on: January 21, 2019 11:46 am | Last updated: January 21, 2019 at 11:46 am

മഞ്ചേരി: 103 കോടി രൂപയുടെ വികസന പ്രവൃത്തികള്‍ ഇഴയുന്നു. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജില്‍ കഴിഞ്ഞ മാസം ആരോഗ്യ മന്ത്രി ശൈലജ ശിലാ സ്ഥാപന കര്‍മം നിര്‍വഹിച്ച ഹോസ്റ്റല്‍ കെട്ടിട സമുച്ചയത്തിന്റെ നിര്‍മാണം ആരംഭിക്കാനായില്ല. 2020ല്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് കരാര്‍.

എട്ട് നിലകളുള്ള പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍, അഞ്ച് നിലകളില്‍ കുട്ടികള്‍ക്കുള്ള ഹോസ്റ്റല്‍, ഡോക്ടര്‍മാരടക്കമുള്ള ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സുകള്‍, ഓഡിറ്റോറിയം മോര്‍ച്ചറി സ്റ്റോര്‍ കെട്ടിട സമുച്ഛയങ്ങള്‍ എന്നിവ നിര്‍മിക്കുന്നതിനാണ് മന്ത്രിയും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറും ജന പ്രതിനിധികളും ചേര്‍ന്ന് തറക്കല്ലിട്ടത്. കഴിഞ്ഞ ആഗസ്റ്റില്‍ ഭരണാനുമതിയും ഫെബ്രുവരിയില്‍ സാങ്കേതികാനുമതിയും ലഭിച്ചിരുന്നു. ടെണ്ടര്‍ നടപടികളും കരാറും പൂര്‍ത്തിയായി. കെട്ടിട നിര്‍മാണ സാമഗ്രികള്‍ സൈറ്റില്‍ എത്തിക്കുന്നതിന് ഇതേ വരെ വഴിയുണ്ടായിട്ടില്ല. കച്ചേരിപ്പടി-ചെങ്ങന ബൈപാസ് റോഡില്‍ നിന്നും കോളജ് സൈറ്റിലേക്ക് പുതിയ വഴിക്ക് വേണ്ടിയുള്ള കാത്തിരിപ്പ് തുടരുകയാണ്. അഞ്ചുവര്‍ഷം മുമ്പ് പറഞ്ഞു കേള്‍ക്കുന്ന വഴി ഇനിയും തുറന്നു കിട്ടിയില്ല. ഏഴ് ഏക്കര്‍ സ്ഥലം ഇതിനായി അക്വയര്‍ ചെയ്യുമെന്ന് മന്ത്രി സദസിന് മുമ്പാകെ പറയുകയും എം എല്‍ എയും നഗരസഭയും എല്ലാം ചേര്‍ന്ന് സ്ഥലം ഉടമകളോട് ഭൂമി വിട്ടു നല്‍കാന്‍ ആവശ്യമായ ഇടപെടല്‍ നടത്തണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചിരുന്നു. ഈ ഇടപെടല്‍ മന്ദഗതിയിലാണിപ്പോള്‍.

പാറപൊട്ടിക്കല്‍, പൈലിംഗ്, കോണ്‍ക്രീറ്റിംഗ് എന്നിവയുടെ യന്ത്രങ്ങള്‍, വണ്ണവും നീളവുമേറിയ കമ്പികള്‍ തുടങ്ങിയ സാമഗ്രികള്‍ സൈറ്റിലെത്തിയാലേ നിര്‍മാണം തുടങ്ങാന്‍ സാധിക്കുകയുള്ളു. കൊച്ചിയിലെ ഏജന്‍സിക്കാണ് കരാര്‍.