സംസ്ഥാനത്തെ ആദ്യ സ്റ്റുഡന്റ്‌സ് ട്രോമാകെയര്‍ യൂനിറ്റ് കല്‍പകഞ്ചേരിയില്‍ നിലവില്‍ വന്നു

Posted on: January 21, 2019 11:43 am | Last updated: January 21, 2019 at 11:43 am

കല്‍പകഞ്ചേരി: അച്ചടക്കമുള്ള വിദ്യാര്‍ഥി സമൂഹത്തെ വാര്‍ത്തെടുക്കാനും കൗമാരക്കാരെ സാമൂഹിക സുരക്ഷയുടെ കാവലാളുകളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ രൂപവത്കരിച്ച സ്റ്റുഡന്റ്‌സ് ട്രോമാ കെയറിന്റെ സംസ്ഥാനത്തെ ആദ്യ യൂനിറ്റ് ജില്ലയിലെ കല്‍പകഞ്ചേരി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിലവില്‍ വന്നു.
കല്‍പകഞ്ചേരി ജി വി എച്ച് എസ് സ്‌കൂളില്‍ വെച്ച് ഇന്നലെ നല്‍കിയ അവസാന ഘട്ട പരിശീലനത്തോടെയാണ് സ്റ്റുഡന്‍സ് ട്രോമാകെയര്‍ അംഗങ്ങള്‍ കര്‍മരംഗത്തിറങ്ങിയത്. ജില്ലയുടെ സൈന്യം എന്ന് വിശേഷിപ്പിക്കുന്ന ട്രോമാകെയര്‍ യൂനിറ്റ് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍കൊണ്ടും നിസ്വാര്‍ഥ സേവനം കൊണ്ടും ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. ജില്ലയിലെ ഏത് ഭാഗത്തും അപകടങ്ങളോ ദുരന്തങ്ങളോയുണ്ടായാല്‍ ഉടന്‍ അവിടെ ഓടിയെത്തി രക്ഷാ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുന്ന ഇവര്‍ പോലീസ് ഡിപാര്‍ട്ട്‌മെന്റുകള്‍ക്ക് ഏറെ സഹായകരമാണ്.

പ്രഥമശുശ്രൂഷ പരിശീലനം, റോഡ് സുരക്ഷാ നിയമങ്ങള്‍, പോലീസ് നിയമങ്ങള്‍, ലഹരി ബോധവത്കരണം, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ പരിശീലനം തുടങ്ങിയ വിഭാഗങ്ങളിലായി നാല് ഘട്ടങ്ങളിലെ ക്യാമ്പുകളില്‍ നിന്നാണ് ഇവര്‍ക്ക് പരിശീലനം ലഭിച്ചത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളുമടക്കം 54 വിദ്യാര്‍ഥികളാണ് ഈ യൂനിറ്റില്‍ അംഗങ്ങളായിട്ടുള്ളത്. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചാണ് മുഖ്യമായും ഇവര്‍ പ്രവര്‍ത്തിക്കുക. നാല് മാസമായി ഇവര്‍ പരിശീലനം ആരംഭിച്ചിട്ട്. യൂനിറ്റിലെ പെണ്‍കുട്ടികള്‍ക്കായി സ്വയം പ്രതിരോധിക്കാനുള്ള കായിക പരിശീലനവും നല്‍കിയിട്ടുണ്ട്. സിവില്‍ പോലീസ് ഓഫീസറായ കെ സി മിനിമോള്‍, ട്രോമകെയര്‍ ട്രൈനര്‍മാരായ നൂര്‍ജഹാന്‍ കരുവാരകുണ്ട്, ഷാനിയ വാഴക്കാട് എന്നിവരാണ് പരിശീലനം നല്‍കിയത്.

യൂനിറ്റ് പ്രഖ്യാപന ചടങ്ങ് ഡി ഡി ഇ. ഇ പി കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപകന്‍ രാജീവ് അധ്യക്ഷത വഹിച്ചു. കല്‍പകഞ്ചേരി എസ് ഐ. എസ് കെ പ്രിയന്‍, പി ടി എ വൈസ് പ്രസിഡന്റ് രാമചന്ദ്രന്‍ നെല്ലിക്കുന്ന് പ്രസംഗിച്ചു. മന്‍സൂര്‍ സ്വാഗതവും മുജീബ് തൃത്താല നന്ദിയും പറഞ്ഞു. കെ ഇസ്മാഈല്‍, പി നാസര്‍, മുഹമ്മദ് കെ, ബീന ടി, ഫാത്വിമ പി, ഹംസ സി കെ, എം ടി അബ്ദുല്‍ ഗഫാര്‍ നേതൃത്വം നല്‍കി.