സ്ഥലപരിമിതി ഒരു പ്രശ്‌നമല്ല; കൃഷി ചെയ്യാന്‍ സന്മനസ്സും ഐക്യവുമുണ്ടെങ്കില്‍

Posted on: January 21, 2019 11:33 am | Last updated: January 21, 2019 at 11:33 am
ചോക്കാട് പെടയന്താള്‍ ജി എല്‍ പി സ്‌കൂളിലെ പച്ചക്കറി വിളവെടുപ്പ്‌

കാളികാവ്: കൃഷി ചെയ്യാന്‍ സ്ഥലപരിമിതി ഒരു പ്രശ്‌നമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ചോക്കാട് പെടയന്താള്‍ ജി എല്‍ പി സ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും. കൃഷി ചെയ്യാനുള്ള സന്മനസ്സും ഐക്യവും ഉണ്ടായാല്‍ പച്ചക്കറിയും നെല്ലും നൂറ്‌മേനി വിളയിക്കാമെന്ന് തെളിയിച്ചിരിക്കുകയാണിവര്‍.
കുട്ടികളില്‍ കൃഷിയോട് താത്പര്യം വളര്‍ത്തുന്നതിനും വിഷമില്ലാത്ത പച്ചക്കറി ഉത്പാദിപ്പിക്കുന്നതിനുമാണ് സ്‌കൂള്‍ മൈതാനത്ത് ജൈവ പച്ചക്കറി തോട്ടം ഒരുക്കിയത്.
വെണ്ട, വഴുതന, പയര്‍, തക്കാളി, പച്ചമുളക്, കോളിഫ്‌ളവര്‍, പാവല്‍ എന്നിവയാണ് കുട്ടികളും അധ്യാപകരും പി ടി എ അംഗങ്ങളും ചേര്‍ന്ന് സ്‌കൂള്‍ വളപ്പില്‍ കൃഷി ചെയ്തത്. വിളവെടുക്കുന്ന പച്ചക്കറി ഇനങ്ങള്‍ സ്‌കൂള്‍ ഉച്ചഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയാണ് ചെയ്യാറ്. ജൈവ പച്ചക്കറിയുടെ വിളവെടുപ്പ് കാളികാവ് ബ്ലോക്ക് പഞ്ചായത്തംഗം പൈനാട്ടില്‍ അശ്‌റഫ് ഉദ്ഘാടനം ചെയ്തു. കൂടാതെ നെല്‍കൃഷിയുടെ വിവിധ ഘട്ടങ്ങള്‍ നിരീക്ഷിച്ച് പഠനം നടത്തുന്നതിനായി തയ്യാറാക്കിയ കരനെല്‍ കൃഷിയുടെ കള പറിക്കലും വളമിടലും അധ്യാപകരുടെ നേതൃത്വത്തില്‍ കുട്ടികള്‍ തന്നെയാണ് ചെയ്യുന്നത്. സസ്യങ്ങളുടെ വളര്‍ച്ചാ പരാഗണം പരസ്പര ആശ്രയത്തം എന്നിവ നേരില്‍കണ്ട് പഠനം നടത്തുന്നതിനായി നല്ലൊരു ഉദ്യാനവും സ്‌കൂളില്‍ സജ്ജമാക്കിയിട്ടുണ്ട്.
കുട്ടികള്‍ പിറന്നാള്‍ സമ്മാനമായി പൂച്ചെടികള്‍ സമര്‍പ്പിക്കുന്നതും ഈ ഉദ്യാനത്തെ കൂടുത ല്‍ സമ്പന്നമാക്കുന്നു. പ്രധാനധ്യാപിക ജെയ്‌നമ്മ തോമസ്, അധ്യാപകരായ വി സുന്ദരന്‍, ജസീ ര്‍ ഉദിരംപൊയില്‍, കെ ശ്രീജ കെ, ശൈലജ, സ്‌കൂള്‍ ലീഡര്‍ അന്‍സിന എന്നിവരും രക്ഷിതാക്കളും നേതൃത്വം നല്‍കുന്നു.