ഭിന്നശേഷിക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് സര്‍ക്കാര്‍ പരിഗണന നല്‍കും

Posted on: January 21, 2019 11:09 am | Last updated: January 21, 2019 at 11:10 am
വടകര ബ്ലോക്ക് പഞ്ചായത്തിലെ ഭിന്നശേഷിക്കാരുടെ പുനരധിവാസ മാര്‍ഗനിര്‍ദേശ ക്യാമ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു

വടകര: ശാരീരികമായി വെല്ലുവിളി നേരിടുന്ന ഭിന്നശേഷിക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. വടകര ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ബുദ്ധിപരമായി വെല്ലുവിളി നേരിടുന്നവരുടെ പുനരധിവാസ മാര്‍ഗനിര്‍ദേശ ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുച്ചക്രവാഹനങ്ങള്‍ക്ക് ലൈസന്‍സ് ലഭിക്കാന്‍ ദിവസങ്ങളോളം ഓഫീസുകള്‍ കയറി ഇറങ്ങുന്നത് ഇല്ലാതാക്കുമെന്നും റോഡ് നിയമങ്ങളും മറ്റും പരിശീലിപ്പിക്കാന്‍ ഭിന്നശേഷിക്കാര്‍ക്ക് സംവിധാനം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. മാനസികമായും ശാരീരികമായും ബുദ്ധിമുട്ട് നേരിടുന്നവര്‍ക്ക് വേണ്ടിയുളള സി എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ സ്‌റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയുടെ സഹായത്തോടെ വടകര ബ്‌ളോക്ക് പഞ്ചായത്തിലെ നാല് പഞ്ചായത്ത് കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
സി കെ നാണു എം എല്‍ എ അധ്യക്ഷനായി. പാറക്കല്‍ അബ്ദുല്ല എം എല്‍ എ, രമേശന്‍ പാലേരി മുഖ്യാതിഥികളായിരുന്നു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് കോട്ടയില്‍ രാധാക്യഷ്ണന്‍, ചോറോട് പഞ്ചായത്ത് പ്രസിഡന്റ് കെ കെ നളിനി, ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ് പി വി കവിത, ശ്യാമള ക്യഷ്ണാര്‍പ്പിതം, ടി കെ രാജന്‍, ബേബി ബാലമ്പ്രത്ത്, ആയിഷ ടീച്ചര്‍, ആലോളളതില്‍ ആയിഷ, ജിമ്മി കെ ജോസ്, എ സുരേഷ് കുമാര്‍ സംസാരിച്ചു. പരിപാടിയില്‍ മുന്നൂറോളം വെല്ലുവിളി നേരിടുന്ന കുട്ടികളും അവരുടെ രക്ഷിതാക്കളും പങ്കെടുത്തു.