രാജ്യത്തിന്റെ പകുതിയോളം സമ്പത്ത് കൈയടക്കിവെച്ചിരിക്കുന്നത് ഒമ്പത് ശതകോടീശ്വരന്‍മാര്‍

Posted on: January 21, 2019 10:38 am | Last updated: January 21, 2019 at 2:59 pm

ദാവോസ്: ഇന്ത്യയിലെ ആകെ സമ്പത്ത് കൈയടക്കിവെച്ചിരിക്കുന്നത് ഏതാനും ചിലരുടെ കൈകളിലെന്ന് പഠന റിപ്പോര്‍ട്ട്. മൊത്തം ജനസംഖ്യയുടെ പകുതിയോളം പേരുടെ സമ്പത്തിന് സമാനമായ സമ്പത്താണ് ഒമ്പത് ശതകോടിശ്വരന്‍മാര്‍ കൈയടക്കിവെച്ചിരിക്കുന്നതെന്ന് അന്താരാഷ്ട്ര ഏജന്‍സിയായ ഓക്‌സ്‌ഫോമിന്റെ വാര്‍ഷിക പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയിലെ പത്ത് ശതമാനം വരുന്ന ജനങ്ങളുടെ കൈകളിലാണ് രാജ്യത്തെ 77.4 ശതമാനം സമ്പത്തുള്ളത്. ജനസംഖ്യയുടെ അറുപത് ശതമാനത്തോളം പേര്‍ക്ക് ലഭ്യമായിരിക്കുന്നത് ദേശീയ സമ്പത്തിന്റെ 4.8 ശതമാനം മാത്രമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 18 പുതിയ കോടീശ്വരന്‍മാര്‍ രാജ്യത്തുണ്ടായി. ഇതോടെ ഇന്ത്യയിലെ ശതകോടീശ്വരന്‍മാരുടെ എണ്ണം 119 ആയി. ഇവരുടെ കൈകളിലുള്ള മൊത്തം സമ്പത്ത് 28 ലക്ഷം കോടിയാണ്.

കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ഒരു ശതമാനം വരുന്ന അതിസമ്പന്നരുടെ സമ്പത്തില്‍ 36 ശതമാനം വര്‍ധനയുണ്ടായി. എന്നാല്‍ രാജ്യത്തെ ദരിദ്രരുടെ സമ്പത്ത് മൂന്ന് ശതമാനം മാത്രമാണ് വര്‍ധിച്ചത്. സമ്പത്തിന്റെ വിതരണത്തിലുള്ള അസന്തുലിതാവസ്ഥ ജനാധിപത്യ സംവിധാനത്തെ അട്ടിമറിക്കാന്‍ ഇടയുണ്ടെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ സര്‍ക്കാര്‍ വേണ്ടത്ര പണം ചിലവഴിക്കാത്തതും പല വന്‍കിട കമ്പനികളും വ്യക്തികളും നികുതി നല്‍കാത്തതും സാമ്പത്തിക അസന്തുലിതാവസ്ഥ വര്‍ധിപ്പിക്കാന്‍ ഇടയാക്കുന്നു. സ്ത്രീകളും കുട്ടികളുമാണ് ഈ അസന്തുലിതാവസ്ഥയുടെ വലിയ ഇരകളാകുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. വേള്‍ഡ് എക്കണോമിക് ഫോറം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.