പ്രതിദിനം ബാക്കിയാകുന്നത് ഒരു ലക്ഷം ലിറ്റര്‍ പാല്‍

Posted on: January 21, 2019 10:00 am | Last updated: January 20, 2019 at 11:45 pm

കോഴിക്കോട്: സ്വകാര്യ പാല്‍ ഏജന്‍സികളുടെ കടന്നുകയറ്റത്തില്‍ മില്‍മ കിതക്കുന്നു. മില്‍മയെ തളക്കാന്‍ 130 ഓളം പേരുകളില്‍ സ്വകാര്യ ഏജന്‍സികള്‍ വ്യാപകമായതോടെ പ്രതിദിനം ഒരു ലക്ഷം ലിറ്റര്‍ പാല്‍ മില്‍മക്ക് ബാക്കിയാണ്.
ദിനേന 13 ലക്ഷം ലിറ്റര്‍ പാലാണ് കേരളത്തിലെ കര്‍ഷകരില്‍ നിന്ന് കേരള കോ- ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്റെ കീഴിലുള്ള സംവിധാനം വഴി സംഭരിക്കുന്നത്. കേരളത്തില്‍ ഏകദേശം 16 ദശലക്ഷം ലിറ്റര്‍ പാലിന് ആവശ്യക്കാരുമുണ്ട്. എന്നാല്‍, 12 ലക്ഷം ലിറ്റര്‍ മാത്രമാണ് മില്‍മക്കിപ്പോള്‍ വില്‍ക്കാനാകുന്നത്. ബാക്കിയുള്ള നാല് ലക്ഷം ലിറ്ററിന്റെ വില്‍പ്പന നടത്തുന്നത് സ്വകാര്യ ഏജന്‍സികളാണ്. കേരളത്തിലെ പാലിന് പുറമെ, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്ന് ഗുണമേന്‍മയുള്ള പാല്‍ എത്തിച്ചായിരുന്നു മില്‍മ നേരത്തെ കേരളത്തിന്റ മുഴുവന്‍ പാല്‍ ആവശ്യവും നിറവേറ്റിയിരുന്നത്. എന്നാല്‍, ഇപ്പോള്‍ സ്വകാര്യ ഏജന്‍സികള്‍ തമിഴ്‌നാട്ടിലെ സ്വകാര്യ ഫാമുകളില്‍ നിന്ന് പാല്‍ എത്തിച്ചാണ് കച്ചവടം നടത്തുന്നത്.

എറണാകുളം ഭാഗങ്ങളിലാണ് സ്വകാര്യ ഏജന്‍സികളുടെ കടന്നുകയറ്റം കൂടുതലായുള്ളത്. അറുപതിലധികം ഏജന്‍സികള്‍ ഇവിടെയുണ്ടെന്നാണ് കണക്ക്. മലബാര്‍, തിരുവനന്തപുരം ഭാഗത്തും കുറവൊന്നുമില്ല. യഥാക്രമം 40 ഉം 30ഉം ഏജന്‍സികള്‍ ഈ ഭാഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.
മലബാര്‍ റീജ്യനലിലാണ് മില്‍മ കൂടുതല്‍ പാല്‍ ഉത്പാദിപ്പിക്കുന്നതും വില്‍ക്കുന്നതും. പ്രതിദിനം 6.5 ലക്ഷം ലിറ്റര്‍ പാലാണ് ഇവിടുത്തെ സംഭരണം. അഞ്ച് ലക്ഷം ലിറ്റര്‍ ഈ ഭാഗത്ത് വിറ്റഴിയും. മൂന്ന് ലക്ഷം ലിറ്റര്‍ സംഭരിക്കുന്ന എറണാകുളത്തിന് ഏകദേശം അത്രതന്നെ വില്‍പ്പനക്കും വേണം. തിരുവനന്തപുരം റീജ്യന് 4.5 ലക്ഷം ലിറ്റര്‍ പാല്‍ ആവശ്യമുണ്ട്. നാല് ലക്ഷമാണിവിടത്തെ സംഭരണം. സാധാരണ ഗതിയില്‍ മലബാറില്‍ ബാക്കി വരുന്ന പാല്‍ വിറ്റഴിക്കല്‍ തിരുവനന്തപുരത്താണെന്നിരിക്കെ മലബാറില്‍ നിന്നുള്ള അര ലക്ഷം ലിറ്റര്‍ കൊണ്ടി ഇവിടുത്തെ പ്രശ്‌നം പരിഹരിക്കപ്പെടുന്നുണ്ട്. ബാക്കി വരുന്ന ഒരു ലക്ഷം പൊടിയും മറ്റും നിര്‍മിക്കാനാണുപയോഗിക്കുന്നത്. ഇത് മില്‍മക്ക് അത്ര ലാഭകരമല്ല.

മില്‍മ മെലിയുമ്പോള്‍ അതിന്റെ ദോഷം കര്‍ഷകര്‍ക്കാണെന്നതാണ് മറ്റൊരു വസ്തുത. കര്‍ഷകര്‍ക്ക് നിലവില്‍ ലിറ്ററിന് 35.40 രൂപയാണ് മില്‍മ നല്‍കിക്കൊണ്ടിരിക്കുന്നത്. കൂടാതെ കാലിത്തീറ്റ വാങ്ങുന്നതിനും മറ്റും സഹായവും മില്‍മയുടെ ലാഭത്തിനനുസരിച്ച് ഇന്‍സന്റീവും നല്‍കാറുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി നല്‍കുന്ന ഇന്‍സന്റീവില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. കേരളത്തിലേതിനു പുറമെ, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്ന് പാല്‍ വാങ്ങി വില്‍പ്പന നടത്തിക്കിട്ടുന്ന ലാഭവും കൂടി നേരത്തെ, കര്‍ഷകരുടെ അക്കൗണ്ടിലേക്ക് ഇന്‍സന്റീവായി നല്‍കിയിരുന്നു. ഇപ്പോള്‍ ഇവിടെ നിന്ന് സംഭരിക്കുന്ന പാലില്‍ നിന്ന് തന്നെ ഒരു ലക്ഷം ലിറ്റര്‍ അധികം ലാഭകരമല്ലാത്ത പൊടി നിര്‍മാണത്തിനും മറ്റും ഉപയോഗിക്കേണ്ടി വരുമ്പോഴാണ് മില്‍മ കിതച്ചു പോകുന്നത്.

2017 ഫെബ്രുവരി മുതല്‍ മില്‍മ ലിറ്ററിന് നാല് രൂപ കൂട്ടിയതോടെയാണ് സ്വകാര്യ ഏജന്‍സികളുടെ കടന്നു കയറ്റം വര്‍ധിച്ചത്. തമിഴ്‌നാട് വഴിയാണ് സ്വകാര്യ ഏജന്‍സികള്‍ കൂടുതലായും പാല്‍ കേരളത്തിലേക്കെത്തിക്കുന്നത്. മില്‍മ കേരളത്തില്‍ നിന്ന് 36 രൂപ നാല്‍പത് പൈസ കൊടുത്ത് പാല്‍ വാങ്ങുമ്പോള്‍ തന്നെ സ്വകാര്യ ഏജന്‍സികള്‍ക്ക് 21 മുതല്‍ 24 രൂപക്കുള്ളില്‍ തമിഴ്‌നാട്ടിലെ സ്വകാര്യ ഫാമുകളില്‍ നിന്ന് പാക്കറ്റ് ചെയ്ത പാല്‍ കിട്ടാനുണ്ട്. ഇത് മില്‍മയുടെ അതേ വിലക്കോ അല്ലെങ്കില്‍ അതിനേക്കാള്‍ കുറഞ്ഞ വിലക്കോ വില്‍ക്കാനും കഴിയുന്നു. ഹോട്ടല്‍, കൂള്‍ബാര്‍ ഉടമകള്‍ക്ക് കൂടുതല്‍ കമ്മീഷന്‍ കൊടുത്ത് മാര്‍ക്കറ്റിംഗ് കൊഴുപ്പിക്കാനും സ്വകാര്യ ഏജന്‍സികള്‍ രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം, സ്വകാര്യ ഏജന്‍സികള്‍ വില്‍പ്പന നടത്തുന്ന പാലിന്റെ ഗുണനിലവാരം പരിശോധിക്കാനുള്ള സംവിധാനം സംസ്ഥാനത്ത് കാര്യക്ഷമമല്ലെന്ന ആരോപണവുമുണ്ട്.