Connect with us

Articles

പരമാധികാരിയുടെ നാണം

Published

|

Last Updated

സ്ത്രീ പ്രവേശനത്തിനുള്ള നിയന്ത്രണം സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ച് നീക്കിയതിന് ശേഷം, ശബരിമലയിലെ ആദ്യത്തെ മണ്ഡല – മകര വിളക്ക് സീസണ്‍ അവസാനിച്ചിരിക്കുന്നു. വിശ്വാസത്തിന്റെയും ആചാരത്തിന്റെയും ഭക്തിയുടെയും മറപിടിച്ച് കേരളത്തില്‍ ഹിന്ദു ഏകീകരണം സാധ്യമാക്കാന്‍ സംഘ്പരിവാരം ഏറെപണിപ്പെട്ടതും അത് സൃഷ്ടിച്ച സംഘര്‍ഷങ്ങളുമാണ് ഈ സീസണിനെ ശ്രദ്ധേയമാക്കുന്നത്. പത്തിനും അമ്പതിനുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം നിയന്ത്രിക്കുന്നത് ഭരണഘടന നിഷ്‌കര്‍ഷിക്കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും അയിത്താചരണത്തിന്റെ മറ്റൊരു രൂപമാണ് ഈ നിയന്ത്രണമെന്നും സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ച് വിധിച്ചതോടെ ഇന്ത്യന്‍ യൂണിയനിലെ പൗരന്‍മാര്‍ക്കെല്ലാം അതാണ് ബാധകം.

വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചതിന് പിറകെ, നാമജപഘോഷയാത്രയെന്ന പേരില്‍ തെരുവില്‍ സംഘടിപ്പിക്കപ്പെട്ട പ്രതിഷേധങ്ങളിലെ ജനപങ്കാളിത്തമാണ്, മുന്നില്‍ നില്‍ക്കുന്നത് “സുവര്‍ണാവസര”മാണെന്ന തിരിച്ചറിവിലേക്ക് സംഘ്പരിവാരത്തെ എത്തിച്ചത്. സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്ന ആദ്യത്തെ നിലപാട് തിരുത്തി ബി ജെ പി നേതാക്കളും ശബരിമലയില്‍ പ്രായഭേദമില്ലാതെ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന പരസ്യ പ്രഖ്യാപനം, മുന്‍കാല പ്രാബല്യത്തോടെ റദ്ദാക്കി രാഷ്ട്രീയ സ്വയം സേവക് സംഘും “സുവര്‍ണാവസരം” മുതലാക്കാന്‍ മുന്നിട്ടിറങ്ങി. ആചാരത്തിന്റെ മറപിടിച്ച്, നിലനിര്‍ത്താന്‍ ശ്രമിക്കുന്നത് സവര്‍ണാധികാരമാണെന്ന് തിരിച്ചറിഞ്ഞ സംഘടനകളും വ്യക്തികളും സംഘ പരിവാര അജന്‍ഡകള്‍ക്കെതിരെ രംഗത്തുവന്നതോടെ “സുവര്‍ണാവസരം” ദിവസങ്ങള്‍കൊണ്ട് ഇല്ലാതാകുന്നത് കേരളം കണ്ടു. കലാപം സൃഷ്ടിക്കുള്ള ശ്രമം കൂടി പാളിയതോടെ സംസ്ഥാനത്തെ സംഘ്പരിവാരത്തിന്റെ ആവനാഴിയൊഴിഞ്ഞു. പിന്നെ ആകെ പ്രതീക്ഷ പരമാധികാരിയിലായിരുന്നു. ആ ദേഹത്തിന്റെ വാചാടോപത്തില്‍ ആകെ ഇളകി മറിയുമെന്ന പ്രതീക്ഷ.

അദ്ദേഹം വന്നു. മുഖത്ത് പഴയ തെളിച്ചമില്ല. വികാരമുണര്‍ത്തുന്ന വാഗ്‌ധോരണി കൈമേശം വന്നപോലെ. മൂന്ന് സംസ്ഥാനങ്ങളിലെ തോല്‍വി, തോല്‍പ്പിക്കാനുറച്ച് കൈകോര്‍ക്കുന്ന എതിര്‍പക്ഷം, ഓരോ ദിനവും കടുക്കുന്ന അഴിമതി ആരോപണം. 17 ആണ്ടിന് ശേഷം അധികാരം ഇല്ലാതാകാന്‍ പോകുകയാണോ എന്ന ശങ്ക. പരമാധികാരിയെ ഭയം പിടികൂടിത്തുടങ്ങിയോ എന്ന് ആരാധകരില്‍പ്പോലും തോന്നലുണ്ടാക്കും വിധത്തില്‍ ദുര്‍ബലമായ ശബ്ദം. ശബരിമലയില്‍ വിശ്വാസികളുടെ വികാരം സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന പ്രഖ്യാപനം പ്രതീക്ഷിച്ച പരിവാരം നിരാശരായി. പിണറായി വിജയന്‍ സര്‍ക്കാറിനെയും എല്‍ ഡി എഫിനെയും യു ഡി എഫിനെയും വിമര്‍ശിച്ച് മാത്രം പ്രസംഗം. സുപ്രീം കോടതി വിധി മറികടക്കാനും ആചാരം സംരക്ഷിക്കാനും എന്തെങ്കിലും ചെയ്യുമോ എന്ന് പറയാതെ മടക്കം.

ശബരിമലയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറിനുള്ള വിമര്‍ശനം ഇവ്വിധമായിരുന്നു. “”ശബരിമല പ്രശ്‌നത്തില്‍ കേരളത്തിലെ എല്‍ ഡി എഫ് സര്‍ക്കാറിന്റെ പ്രവൃത്തി, ഏറ്റവും നാണംകെട്ടതാണെന്ന് ചരിത്രം രേഖപ്പെടുത്തും. ഏതെങ്കിലും പാര്‍ട്ടിയോ സര്‍ക്കാറോ ചെയ്യുന്ന ഏറ്റവും നാണംകെട്ട പ്രവൃത്തി. ഇന്ത്യന്‍ ചരിത്രത്തോടോ സംസ്‌കാരത്തോടോ ആത്മീയതയോടോ കമ്മ്യൂണിസ്റ്റുകള്‍ക്ക് ആദരവില്ലെന്ന് നമുക്കറിയാം. പക്ഷേ ഇത്രയും വെറുപ്പ് അവര്‍ക്കുള്ളിലുണ്ടെന്ന് നമ്മള്‍ ഭാവനയില്‍പ്പോലും കണ്ടിരുന്നില്ല””

ഭരണഘടന വാഗ്ദാനം ചെയ്യുന്ന മൗലികാവശങ്ങളുടെ ലംഘനമാണ് സ്ത്രീ പ്രവേശനത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണമെന്ന് ചൂണ്ടിക്കാട്ടി അത് റദ്ദുചെയ്ത സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പ്രായഭേദമില്ലാതെ സ്ത്രീകള്‍ക്ക് പ്രവേശിക്കാന്‍ അവസരമുണ്ടാക്കുമെന്ന് പറയുകയും ഏതാനും പേര്‍ക്കെങ്കിലും ശബരിമല ദര്‍ശനത്തിന് സൗകര്യമുണ്ടാക്കുകയും ചെയ്ത എല്‍ ഡി എഫ് സര്‍ക്കാറിന്റെ പ്രവൃത്തിയാണ് ഏറ്റവും നാണംകെട്ടതെന്ന് ആ ദേഹം വിശേഷിപ്പിച്ചത്. പരമോന്നത കോടതിയിലെ ഭരണഘടനാ ബഞ്ചിന്റെ വിധി നടപ്പാക്കുന്നത് നാണംകെട്ട പ്രവൃത്തിയായി അദ്ദേഹത്തിന് തോന്നുന്നതില്‍ ചിലരെങ്കിലും അത്ഭുതം പ്രകടിപ്പിച്ചു. പരമോന്നത പദവിയിലിരിക്കെ ഇത്തരം പ്രസ്താവനകള്‍ നടത്തുന്ന ആ പദവിയുടെ തന്നെ വില കുറയ്ക്കുന്നതല്ലേ എന്ന് ആശ്ചര്യം കൂറിയവരും കുറവല്ല.

1992 ഡിസംബര്‍ ആറിന് കര്‍സേവ പ്രഖ്യാപിച്ച് പരിവാരം ആളെക്കൂട്ടിയപ്പോള്‍ പരമോന്നത നീതിപീഠത്തിന് ഒരുറപ്പ് കൊടുത്തിരുന്നു. ബാബ്‌രി മസ്ജിദിന് യാതൊരു തകരാറുമുണ്ടാക്കാതെയാകും കര്‍സേവ നടത്തുക എന്ന്. പി വി നരസിംഹ റാവുവിന്റെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ അധികാരത്തിലിരുന്ന സര്‍ക്കാറിനും നല്‍കിയിരുന്നു അത്തരമൊരു ഉറപ്പ്. ആ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ കര്‍സേവ അനുവദിക്കുകയാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിക്കുകയും ചെയ്തു. 1992 ഡിസംബര്‍ ആറിന് ബാബ്‌രി മസ്ജിദ് തകര്‍ക്കുമ്പോള്‍ കോടതിക്ക് നല്‍കിയ ഉറപ്പ്, സംഘ്പരിവാരത്തിന് പ്രതിബന്ധമായില്ല. അന്ന് ആനന്ദ നൃത്തമാടിയ ലാല്‍ കൃഷ്ണ അഡ്വാനിയുടെ തേരാളിയായിരുന്നു ഇന്നത്തെ പരമാധികാരി. മസ്ജിദ് തകര്‍ക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ പ്രതിസ്ഥാനത്തുള്ളവര്‍ പിന്നീട് എം പിയും മന്ത്രിയും ഉപ പ്രധാനമന്ത്രിയുമൊക്കെ ആയ രാജ്യത്ത്, സുപ്രീം കോടതി വിധി നടപ്പാക്കാനൊരു സര്‍ക്കാര്‍ ശ്രമിക്കുന്നത് നാണംകെട്ട പ്രവൃത്തിയായി മാത്രമേ കാണാനാകൂ. പ്രത്യേകിച്ച് ആ ദേഹത്തിന്.

മുഖ്യാധികാരിയായി ചുമതലയേറ്റ് മാസങ്ങള്‍ക്കകം, വംശഹത്യാ ശ്രമത്തിന് വഴിയൊരുക്കിയെന്ന ആരോപണം ഇപ്പോഴും നേരിടുന്നുണ്ട് ആ ദേഹം. ഭൂരിപക്ഷ വികാരമൊഴുകിപ്പോകാന്‍ അവസരമുണ്ടാക്കണമെന്ന് പോലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടുവെന്ന ആരോപണവും. കണ്‍ട്രോള്‍ റൂമുകളിലേക്ക് മന്ത്രിമാരെ നിയോഗിച്ച്, പോലീസിനെ നിഷ്‌ക്രിയമാക്കി നിര്‍ത്തി അക്രമികള്‍ക്ക് അഴിഞ്ഞാടാന്‍ അവസരമുണ്ടാക്കിയെന്നും. കൊലയും കൊള്ളയും ബലാത്സംഗവും ചെയ്തവരില്‍ ചിലര്‍ക്കെങ്കിലും സംരക്ഷണമൊരുക്കിയത് ആ ദേഹമാണെന്ന് ഒളി ക്യാമറയില്‍ പതിഞ്ഞതും സമകാലിക ചരിത്രം. പിന്നീട് അരങ്ങേറിയ ഏറ്റുമുട്ടല്‍ കൊലകളെക്കുറിച്ചുള്ള സംശയങ്ങള്‍ ഇപ്പോഴും സജീവമായി നില്‍ക്കുന്നു. അവ സകലതും വ്യാജമെന്ന ആരോപണം നിലനില്‍ക്കെ, മൂന്നെണ്ണമെങ്കിലും വ്യാജമായിരുന്നുവെന്ന് ഉറപ്പിക്കുന്നു സുപ്രീം കോടതി നിയോഗിച്ച അന്വേഷണ കമ്മിറ്റി. ഇവ്വിധം ക്രിയകളില്‍ നാണക്കേട് തോന്നിയിട്ടേയില്ല ഇതുവരെ. ഓടുന്ന കാറിനടിയില്‍പ്പെട്ട് പട്ടിക്കുഞ്ഞുങ്ങള്‍ മരിച്ചാല്‍ കാറിലെ യാത്രക്കാരന് നാണക്കേടുണ്ടാവേണ്ട കാര്യമില്ലല്ലോ!

ഇതുപോലെയാണോ കേരളത്തില്‍? സുപ്രീം കോടതിയുടെ വിധിയുണ്ടെന്ന പേരില്‍ ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ ശ്രമിക്കുകയെന്നത്, രുധിരയജ്ഞങ്ങളേക്കാളൊക്കെ നികൃഷ്ടം തന്നെ. അത് ചരിത്രത്തില്‍ ഏറ്റവും നാണംകെട്ടതായി രേഖപ്പെടുത്തപ്പെടുമെന്നതില്‍ തര്‍ക്കം വേണ്ട. പരമാധികാരി പറയുക കൂടി ചെയ്തതിനാല്‍, പിന്നെ അപ്പീലില്ല. അല്ലെങ്കിലും പരമാധികാരി പറയുന്നതനുസരിച്ചാണ് ഇക്കാലം ചരിത്രമുണ്ടാകുന്നത് തന്നെ. തിരുവായ്ക്ക് എതിര്‍വായില്ല. ഉണ്ടാകാന്‍ പാടില്ല. അഥവാ ഉണ്ടായാല്‍ അത് വസ്തുതയാവില്ല. രാഷ്ട്രപിതാവിന്റെ മുഴുവന്‍ നാമം മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെന്നായിരുന്നു ഇക്കാലമത്രയും ധരിച്ചിരുന്നത്. മോഹന്‍ലാല്‍ കരംചന്ദ് ഗാന്ധിയെന്ന്, നാട്ടുകാരന്‍ കൂടിയായ ആ ദേഹം മൂന്നുവട്ടം തിരുത്തി. രാഷ്ട്രപിതാവിന്റെ നാമം പോലും തെറ്റായി രേഖപ്പെടുത്തിയെന്ന നാണക്കേടില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ ആ ദേഹത്തിനായി. അങ്ങനെ പലരും പലതുമായി എന്തൊക്കെ നാണക്കോടുകളാണ് ഒഴിവാക്കപ്പെട്ടത്.

ഇന്ത്യന്‍ ചരിത്രത്തോടോ സംസ്‌കാരത്തോടോ ആത്മീയതയോടോ ബഹുമാനമില്ലാത്തവരാണ് രാഷ്ട്രപിതാവിന്റെ പേരു പോലും തെറ്റായി പറഞ്ഞും എഴുതിയും ശീലിച്ചത്. ആ ബഹുമാനക്കുറവ് ഇനിയും വെച്ചുപൊറുപ്പിക്കാനാകില്ലെന്നാണ് തിരുവായ് മൊഴി. എതിര്‍ വായില്ല. ഉണ്ടാകാന്‍ പാടില്ല. വേദങ്ങളില്‍ പറഞ്ഞ പലതും ആധുനിക ശാസ്ത്രത്തിന്റേ കണ്ടെത്തലുകളായി പിന്നീട് രേഖപ്പെടുത്തപ്പെട്ടു. ഇന്ത്യന്‍ ചരിത്രത്തോടും സംസ്‌കാരത്തോടും ആത്മീതയതോടും ബഹുമാനമില്ലാത്തവരുടെ കൈക്രിയകള്‍. അതൊക്കെ തിരുത്തണം. അതിനാണ് വേദങ്ങളെ അടിസ്ഥാനമാക്കി പാഠ്യപദ്ധതി തയ്യാറാക്കുന്നത്. അതുമാത്രം മതിയാകില്ല. സമകാലിക ചരിത്രവും തിരുത്തണം. ഉപഭോക്താക്കള്‍ക്ക് അര്‍ഹതപ്പെട്ട സബ്‌സിഡി നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കുന്ന സമ്പ്രദായം ആരംഭിച്ചത് ആ ദേഹം പരമാധികാര സ്ഥാനത്തെത്തിയ ശേഷമാണ്. അതങ്ങനെയാണെന്ന് പല വേദികളിലും അവകാശപ്പെട്ടു. എങ്കിലും സര്‍ക്കാര്‍ രേഖകളില്‍ 2013ല്‍ ആരംഭിച്ചുവെന്ന് എഴുത്ത്. പ്രകൃതിക്ഷോഭം മൂലം വിള നാശമുണ്ടായാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലോകത്താദ്യമായി ആരംഭിച്ചത് ആ ദേഹത്തിന്റെ ഭരണകാലത്ത്. ഇതും പല വേദികളില്‍ വിശദീകരിച്ചു. 2003ല്‍ തന്നെ ഇത്തരം ഇന്‍ഷുറന്‍സ് ആരംഭിച്ചുവെന്ന് സര്‍ക്കാര്‍ രേഖകളില്‍ എഴുത്ത്. അതടക്കം ഇതിനകം തന്റേതെന്ന് അവകാശപ്പെട്ടതൊക്കെ തന്റേതാക്കും വിധത്തില്‍ തിരുത്തണം. അതാണ് ചരിത്രം സൃഷ്ടിക്കുന്നവരുടെ, അതിനെ ബഹുമാനിക്കുന്നവരുടെ ഉത്തരവാദിത്തം.

പഴയ ആവേശമോ വികാരമോ ഇല്ലെന്നിരിക്കിലും അധികാരത്തിന് പുറത്താകുമോ എന്ന ഭയം തീണ്ടിയിട്ടുണ്ടെങ്കിലും പരമാധികാരി പുതിയ ചരിത്രം സൃഷ്ടിക്കുകയാണെന്നതില്‍ ശങ്ക വേണ്ട. സുപ്രീം കോടതി വിധി നടപ്പാക്കാന്‍ ശ്രമിച്ചത്, ഏറ്റവും നാണംകെട്ട പ്രവൃത്തിയായി രേഖപ്പെടുത്തപ്പെടുമെന്ന് പറയുന്നത് പുതിയ ചരിത്രത്തിന്റെ പിറവിയാണ്. സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ചിന്റെ ഉത്തരവിനെപ്പോലും (അന്ധ) വിശ്വാസത്തിന്റെയും (അന) ആചാരത്തിന്റെയും മറ പിടിച്ച് എതിര്‍ക്കാന്‍ തങ്ങള്‍ക്ക് മടിയുണ്ടാവില്ലെന്ന് ഭരണഘടനാ സ്ഥാനത്തിരിക്കെ പ്രഖ്യാപിക്കുമ്പോള്‍ അത് പുതിയ ചരിത്രമാണ്. ഹിതകരമല്ലാത്ത കോടതി വിധികള്‍ പാലിക്കാന്‍ തങ്ങള്‍ക്ക് ബാധ്യതയില്ലെന്ന് ഭരണനേതൃത്വം തുറന്ന് പറയുകയും അത് നടപ്പാക്കാന്‍ ശ്രമിക്കുന്ന മറ്റൊരു ഭരണഘടനാ സ്ഥാപനത്തെ തള്ളിപ്പറയുകയും ചെയ്യുമ്പോള്‍ അതും പുതിയ ചരിത്രമാണ്.

സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയതോ ആചാരം അനാചാരമായി മാറിയതോ ഒന്നും ഇവിടെ പ്രസക്തമല്ല. വിധി നടപ്പാക്കുക എന്ന നാണം കെട്ട പ്രവൃത്തി ചെയ്ത സര്‍ക്കാറിനെതിരെ യുദ്ധം തുടരാം. ഹൈന്ദവ ഏകീകരണത്തിനുള്ള ഉപാധിയായി “ആചാര സംരക്ഷണ”ത്തെ ഉപയോഗിക്കാം. അതിന്റെ പേരില്‍ സംഘര്‍ഷമുണ്ടാക്കാം, കലാപമായി വളര്‍ത്താം. സുവര്‍ണാവസരം ഇനിയുമുണ്ടാക്കാമെന്ന സന്ദേശം നല്‍കുകയാണ് ആ ദേഹം. മസ്ജിദ് തകര്‍ത്ത് വര്‍ഗീയ ധ്രുവീകരണമുണ്ടാക്കി അധികാരത്തിലേക്കുള്ള പാത തുറന്നത് പോലെ, വംശഹത്യാ ശ്രമത്തിലൂടെ ഭീതി വളര്‍ത്തി അധികാരത്തുടര്‍ച്ച ഉറപ്പാക്കി, പരമാധികാരം കൈയടക്കിയതുപോലെ.

………………….

രാജീവ് ശങ്കരന്‍

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest