തിരുവല്ലയിലെ കീടനാശിനി ദുരന്തം

Posted on: January 21, 2019 8:30 am | Last updated: January 20, 2019 at 10:18 pm

വേണ്ടത്ര സൂക്ഷ്മതയില്ലാതെ കീടനാശിനി കൈകാര്യം ചെയ്തതിന്റെ അനന്തരഫലമാണ് തിരുവല്ലയിലെ രണ്ട് കര്‍ഷക തൊഴിലാളികളുടെ ദാരുണമരണം. വെള്ളിയാഴ്ച പെരിങ്ങര ഇരികര വയലില്‍ നെല്‍കൃഷിക്ക് കീടനാശിനി തളിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വേങ്ങലിലെ കര്‍ഷകത്തൊഴിലാളികളായ സനില്‍ കുമാര്‍, ജോണി എന്നിവരാണ് മരിച്ചത്. കീടനാശിനിയില്‍ നിന്നുണ്ടായ വിഷാംശമാണ് മരണ കാരണമെന്നാണ് നിഗമനം. മറ്റു മൂന്നു പേര്‍ ചങ്ങനാശ്ശേരി താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. അനുവദനീയമായതിലും കൂടുതല്‍ അളവിലായിരുന്നുവത്രെ കീടനാശിനി മിശ്രിതം ഇവര്‍ ഉപയോഗിച്ചിരുന്നത്. 20 മില്ലി ലിറ്റര്‍ ചേര്‍ക്കേണ്ടിടത്ത് 50 മില്ലി ലിറ്റര്‍ ചേര്‍ത്തിരുന്നു.

ജൈവ കൃഷി വ്യാപകമാക്കുന്നതിന്റെ ഭാഗമായി രാസകീടനാശിനികള്‍ ഒഴിവാക്കി ജൈവ കീടനാശിനികള്‍ ഉപയോഗിക്കാന്‍ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുകയും പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ഇന്നും നമ്മുടെ പാടശേഖരങ്ങളിലും പച്ചക്കറി, നാണ്യവിള തോട്ടങ്ങളിലും രാസകീടനാശിനി പ്രയോഗം സാര്‍വത്രികമാണ്. അതും യാതൊരു നിയന്ത്രണവുമില്ലാതെ. മിക്ക രാസകീടനാശിനികളും ദൂരവ്യാപകമായ അപകടങ്ങളുണ്ടാക്കാന്‍ സാധ്യതയുള്ളതും അതിമാരകവുമായതിനാല്‍ അവയുടെ ഉപയോഗത്തിനു കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിശ്ചിത അളവില്‍ മാത്രമേ ഉപയോഗിക്കാവൂ. തളിക്കുമ്പോള്‍ കൈയുറ ധരിക്കുകയും മൂക്കും വായും നന്നായി പൊതിയുകയോ, മാസ്‌ക് ഉപയോഗിക്കുകയോ ചെയ്യണം. അതിരാവിലെ കാറ്റ് കുറഞ്ഞ സമയത്തായിരിക്കണം പ്രയോഗം. കാറ്റിനെതിരെ തളിക്കുകയോ തൂവുകയോ ചെയ്യരുത്. തളിക്കുന്നതിനിടെ ആഹാരം കഴിക്കുകയോ പുകവലിക്കുകയോ അരുത്. ദേഹത്ത് വീണാല്‍ ഉടനെ നന്നായി കഴുകി വൃത്തിയാക്കണം തുടങ്ങിയ നിര്‍ദേശങ്ങളൊന്നും പക്ഷേ പലരും പാലിക്കാറില്ല.

കാസര്‍ക്കോട്ടെ കശുവണ്ടി തോട്ടങ്ങളിലെ എന്‍ഡോസള്‍ഫാന്‍ പ്രയോഗം അടുത്ത തലമുറയെ പോലും വേട്ടയാടിക്കൊണ്ടിരിക്കയാണ്. എന്നിട്ടും സംസ്ഥാനത്തെ ഹൈറേഞ്ചുകളിലെയും നാണ്യവിള തോട്ടങ്ങലിലെയും മാരകമായ കീടനാശിനി പ്രയോഗം എല്ലാ നിയന്ത്രണങ്ങളെയും കാറ്റില്‍ പറത്തി തുടര്‍ന്നു കൊണ്ടിരിക്കുന്നു. എന്‍ഡോസള്‍ഫാന്‍ സംസ്ഥാനത്ത് നിരോധിച്ചിട്ടുണ്ടെങ്കിലും വിഷവീര്യത്തിലും പാര്‍ശ്വഫലങ്ങളിലും അതിനെ കടത്തിവെട്ടുന്ന ഇനങ്ങളാണ് പലയിടത്തും പ്രയോഗിച്ചുവരുന്നത്. ഇത് ഇഞ്ചിഞ്ചായി മനുഷ്യരെയും ജീവജാലങ്ങളെയും കൊന്നൊടുക്കുന്നു. തോട്ടം തൊഴിലാളികള്‍ക്കിടയില്‍ അര്‍ബുദശ്വാസകോശ രോഗങ്ങള്‍ വ്യാപകമാകുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു.

കൃഷി ഓഫീസറുടെ നിര്‍ദേശം തേടിയ ശേഷമായിരിക്കണം കീടനാശിനി പ്രയോഗിക്കേണ്ടത്. കൃഷിസാങ്കേതിക ഉദ്യോഗസ്ഥന്റെ കുറിപ്പടിയുടെ അടിസ്ഥാനത്തിലല്ലാതെ കച്ചവടക്കാര്‍ കീടനാശിനികള്‍ വിതരണം ചെയ്യന്നതും ചട്ടവിരുദ്ധമാണ്. മിക്ക കര്‍ഷകര്‍ക്കും ഇതേക്കുറിച്ചു അറിയില്ല. അവര്‍ കച്ചവടക്കാരോടാണ് ഉപദേശവും നിര്‍ദേശവും തേടുന്നത്. നിയമവിധേയമായതിനൊപ്പം നിരോധിക്കപ്പെട്ട കീടനാശികള്‍ വില്‍പന നടത്തുന്ന കച്ചവടക്കാരില്‍ നിന്ന് ശരിയായ നിര്‍ദേശം ലഭിക്കാന്‍ പ്രയാസവുമാണ്. എന്‍ഡോസള്‍ഫാന്‍, ഫ്യുറഡാന്‍, ഫോറേറ്റ്, മോണോഫോട്ടോഫോസ്, പ്രൊഫണോഫോസ് തുടങ്ങി നേരത്തെ വ്യാപകമായി ഉപയോഗിച്ചുവന്നിരുന്ന കീടനാശിനികള്‍ മാരകമായ അതിന്റെ പാര്‍ശ്വഫലങ്ങള്‍ കണക്കിലെടുത്ത് സംസ്ഥാനത്ത് നിരോധിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും അത് വില്‍ക്കുന്ന കടകളുണ്ട്. അംഗീകൃത കീടനാശിനികളെ അപേക്ഷിച്ച് വിലകുറവായതിനാലാണ് കച്ചവടക്കാര്‍ അധികൃതരുടെ കണ്ണു വെട്ടിച്ചു അനധികൃത മരുന്നുകള്‍ വില്‍പന നടത്തുന്നത്. മാത്രമല്ല, നിരോധിത കീടനാശിനികള്‍ വില്‍ക്കുന്ന വന്‍ ലോബി തന്നെ പ്രവര്‍ത്തുക്കുന്നുണ്ട് സംസ്ഥാനത്ത്. സര്‍ക്കാര്‍ സവിധാനങ്ങളെ വിലക്കെടുത്താണ് ഇവര്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് വിവരം.

അംഗീകാരമില്ലാതെയോ ചട്ടവിരുദ്ധമായോ ലൈസന്‍സിലെ വ്യവസ്ഥകള്‍ക്കെതിരായോ പ്രവര്‍ത്തിക്കുന്ന വില്‍പന കേന്ദ്രങ്ങളില്‍ പരിശോധന നടത്തുന്നതിനു കീടനാശിനി ഉത്പന്നങ്ങളും അനുബന്ധ രേഖകളും കസ്റ്റഡിയില്‍ എടുക്കുന്നതിനും ഇന്‍സെക്ടിസൈഡ് ഇന്‍സെപ്ക്ടര്‍മാര്‍ക്ക് അധികാരം ഉണ്ട്. ചട്ടലംഘനം നടത്തുന്നവരെ സസ്‌പെന്റ് ചെയ്യുകയുമാകാം. ഇതടിസ്ഥാനത്തില്‍ പരിശോധന നടത്തി നടപടി സ്വീകരിക്കുന്നതില്‍ കടുത്ത അനാസ്ഥയാണ് അനുഭവപ്പെടുന്നത്. എന്തെങ്കിലും ദുരന്തങ്ങളുണ്ടാകുമ്പോഴേ അധികൃതര്‍ രംഗത്തു വരാറുള്ളൂ. ഇപ്പോള്‍ തിരുവല്ല പെരിങ്ങരയിലെ ദുരന്തത്തിന് പിന്നാലെ സംസ്ഥാനത്തെ മുഴുവന്‍ വളം, കീടനാശിനി ഡിപ്പോകളിലും വില്‍പന കേന്ദ്രങ്ങളിലും പരിശോധന നടത്തി കര്‍ശന നടപടി സ്വീകരിക്കാനും അമിത കീടനാശിനി പ്രയോഗത്തിനെതിരെ ബോധവത്കരണം നടത്താനും കൃഷി മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരുവല്ല ദുരന്തം ജനസ്മരണയില്‍ നിന്ന് മായുന്നതോടെ ഇത്തരം നടപടികള്‍ നിലച്ചു പോകരുത്. പരിശോധനകള്‍ക്കും നിയമനടപടികള്‍ക്കും തുടര്‍ച്ച വേണം. അതോടൊപ്പം നിരോധിത കീടനാശിനികള്‍ ഉപയോഗിക്കുന്ന കര്‍ഷകര്‍ക്ക് സൗജന്യ വൈദ്യുതി ഉള്‍പ്പെടെ കൃഷിവകുപ്പിന്റെ ആനുകൂല്യങ്ങള്‍ നിഷേധിക്കാനുള്ള തീരുമാനം നടപ്പാക്കുകയും ചെയ്യണം. എങ്കിലേ ചട്ടം ലംഘിച്ചുള്ള വില്‍പനകളും കീടനാശിനി പ്രയോഗങ്ങളും നിയന്ത്രിക്കപ്പെടുകയുള്ളൂ.