ഇടുക്കി എസ്റ്റേറ്റ് ഇരട്ടക്കൊലപാതകം: പ്രതിയുടെ ചിത്രം പുറത്തുവിട്ട അഞ്ച് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

Posted on: January 20, 2019 11:06 pm | Last updated: January 21, 2019 at 10:40 am

തൊടുപുഴ: ചിന്നക്കനാലിനു സമീപം നടുപ്പാറ റിഥം ഓഫ് മൈ മൈന്റ് റിസോര്‍ട്ടിലെ ഇരട്ടക്കൊലപാതകക്കേസില്‍ അന്വേഷണ സംഘത്തിലെ അഞ്ച് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. എഎസ്‌ഐമാരായ ഉലഹന്നാന്‍, സജി എം പോള്‍, സിവില്‍ പോലീസ് ഓഫീസര്‍ ഓമനക്കുട്ടന്‍, ഡ്രൈവര്‍മാരായ അനീഷ്, രമേശ് എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. രാജാക്കാട് എസ്‌ഐ പിഡി അനുമോനെതിരെ വകുപ്പ്തല നടപടിക്കും ശിപാര്‍ശ ചെയ്തിട്ടുണ്ട്. ഇടുക്കി ജില്ലാ പോലീസ് മേധാവി കെ ബി വേണുഗോപാലാണ് ഇവര്‍ക്കെതിരെ നടപടിയെടുത്തത്. പ്രതിയുടെ ചിത്രവും അന്വേഷണ വിവരങ്ങളും മാധ്യമങ്ങള്‍ക്കു നല്‍കിയെന്ന് ആരോപിച്ചാണു നടപടി.

കേസില്‍ വ്യാഴാഴ്ചയാണു മുഖ്യപ്രതിയായ ബോബിനെ അന്വേഷണ സംഘം മധുരയിലെ തിയേറ്ററില്‍നിന്നും പിടികൂടിയത്. പ്രതിയെ പിടികൂടിയ ശേഷം പോലീസ് ഉദ്യോഗസ്ഥര്‍ പ്രതിക്കൊപ്പം നിന്നെടുത്ത ഫോട്ടോ ഉന്നത ഉദ്യോഗസ്ഥരുടെ അറിവില്ലാതെ പുറത്തുവിട്ടിരുന്നു.
പ്രതിക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും മുതിര്‍ന്ന ഉദ്യോഗസ്ഥരെ പോലും അറിയിക്കാതെ വാട്‌സ്ആപ്പില്‍ പ്രചരിപ്പിച്ചെന്നാണ് ആരോപണം. സാധാരണ ഗതിയില്‍ പ്രമാദമായ കേസുകളുടെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കേണ്ടത് ജില്ലാ പോലീസ് മേധാവിയാണെന്ന് ഡിജിപിയുടെ സര്‍ക്കുലറുള്ളതാണ്. ഇത് ലംഘിച്ച് ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാകുന്നതിനു മുന്‍പ് വിവരങ്ങള്‍ നല്‍കുകയായിരുന്നു.

പണത്തിനുവേണ്ടി തോട്ടത്തിലെ ഏലക്കാ സ്‌റ്റോറില്‍നിന്ന് ഏലക്കാ മോഷ്ടിച്ചുകൊണ്ടുപോകാനുള്ള ശ്രമത്തിനിടെ ഏലത്തോട്ടം ഉടമ കോട്ടയം മാങ്ങാനം കൊച്ചാക്കെന്‍ (കൈതയില്‍) ജേക്കബ് വര്‍ഗീസ്(രാജേഷ് 40), തൊഴിലാളി ചിന്നക്കനാല്‍ പവര്‍ഹൗസ് സ്വദേശി മുത്തയ്യ(55) എന്നിവരാണ് കൊല്ലപ്പെട്ടത്.