നിലവിളിക്കുന്നത് ദുരിതമനുഭവിക്കുന്നവര്‍, നൂറു ദിവസത്തിനുള്ളില്‍ അവര്‍ സ്വതന്ത്രരാവും; മോദിക്ക് ചുട്ട മറുപടിയേകി രാഹുല്‍

Posted on: January 20, 2019 10:32 pm | Last updated: January 21, 2019 at 9:55 am

ന്യൂഡല്‍ഹി: പ്രതിപക്ഷ കൂട്ടായ്മയെ പരിഹസിച്ചു പ്രസംഗിച്ച പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് ചുട്ട മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രതിപക്ഷ കക്ഷികളെല്ലാം ചേര്‍ന്ന് ‘രക്ഷിക്കൂ, രക്ഷിക്കൂ’വെന്ന് നിലവിളിക്കുകയാണെന്ന് പ്രതിപക്ഷ കക്ഷികള്‍ സംയുക്തമായി നടത്തിയ റാലിയെ പരാമര്‍ശിച്ച് പ്രധാന മന്ത്രി പറഞ്ഞിരുന്നു. ഇതിനാണ് ട്വിറ്ററിലൂടെ രാഹുല്‍ ശക്തമായി തിരിച്ചടിച്ചത്.

സഹായത്തിന് നിലവിളിക്കുന്നത് തൊഴില്‍ രഹിതരായ ദശലക്ഷക്കണക്കിന് യുവാക്കളും ദുരിതമനുഭവിച്ചു കൊണ്ടിരിക്കുന്ന കര്‍ഷകരും അടിച്ചമര്‍ത്തപ്പെട്ട ദളിതന്മാരും ആദിവാസികളുമടക്കമുള്ള ന്യൂനപക്ഷങ്ങളും വ്യാപാരം തകര്‍ന്ന ചെറുകിട കച്ചവടക്കാരുമെല്ലാമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ കുറിച്ചു. നിങ്ങളുടെ ദുര്‍ഭരണത്തില്‍ നിന്ന് മുക്താരാകാന്‍ വേണ്ടി അവര്‍ യാചിക്കുകയാണ്. നൂറു ദിവസത്തിനുള്ളില്‍ ആ സ്വാതന്ത്ര്യം അവര്‍ക്കു ലഭിക്കും- രാഹുല്‍ വ്യക്തമാക്കി.