ബത്വാഇഹിലെ വെളിച്ചം

പ്രിയ പത്‌നിയെ ജോലികളില്‍ സഹായിക്കുകയും അവശ്യവസ്തുക്കള്‍ അങ്ങാടിയില്‍ പോയി വാങ്ങുകയും ചെയ്തിരുന്ന മഹാന് മനുഷ്യരോട് മാത്രമല്ല, ഇതര ജീവജാലങ്ങളോടും കാരുണ്യവും സ്‌നേഹവുമുണ്ടായിരുന്നു. പ്രവാചകരുടെ സ്വഭാവമഹിമകള്‍ അനുധാവനം ചെയ്ത മഹാനരെ കുറിച്ച് ശൈഖ് മക്കിയ്യുല്‍ വാസിത്വീ പറയുന്നതിങ്ങനെ: ഒരു രാത്രി മഹാന്റെ കൂടെ ഉമ്മുഅബീദ ഗ്രാമത്തില്‍ താമസിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. ആ രാത്രി മാത്രം പ്രവാചകരുടെ 40 സ്വഭാവങ്ങള്‍ അവരില്‍ നിന്നെനിക്ക് കാണാനായി...
ലേഖനം
Posted on: January 20, 2019 8:10 pm | Last updated: January 20, 2019 at 8:10 pm

മ്മുഅബീദ ഗ്രാമത്തില്‍ ഒരു പട്ടിക്ക് കുഷ്ഠ രോഗം ബാധിച്ച് തൊലിയുരിഞ്ഞ് ചലം പൊട്ടിയൊലിക്കുന്നുണ്ടായിരുന്നു. ദുര്‍ഗന്ധം സഹിക്കാനാവാത്തതിനാല്‍ ആളുകള്‍ അതിനെ ഗ്രാമത്തിന്റെ പുറത്ത് കൊണ്ടുപോയിട്ടു. ഇതറിഞ്ഞ് മനസ്സു വേദനിച്ച നൂറുകണക്കിന് പേരുടെ ഗുരുനാഥന്‍ അതിനെ കൂട്ടി മരുഭൂമിയിലേക്ക് തിരിച്ചു. പട്ടിക്ക് വെയിലും മഴയും കൊള്ളാതിരിക്കാന്‍ സ്വന്തം കൈകൊണ്ട് കൂടാരം ഒരുക്കി. നാല്‍പ്പത് ദിവസത്തെ ശുശ്രൂഷയിലൂടെ ആ ജീവിയുടെ രോഗം ഭേദമായി. തുടര്‍ന്ന് അതിനെ തുറന്നുവിട്ട് നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഗുരുനാഥന്റെ അടുത്ത ആളുകള്‍ അവരോട് ചോദിച്ചു. ഒരു പട്ടിക്ക് വേണ്ടി ഇത്രത്തോളം കഷ്ടപ്പെടേണ്ടതുണ്ടോ? ആ സമയത്തെ അവിടുത്തെ മറുപടി ഇങ്ങനെയായിരുന്നു: അന്ത്യനാളില്‍ വിചാരണാ സമയത്ത് അല്ലാഹുവില്‍ നിന്നും ഈ പട്ടിയുടെ പേരില്‍ ശിക്ഷിക്കപ്പെടുന്നതിനെ ഞാന്‍ ഭയക്കുന്നു (ഖിലാദത്തുല്‍ ജവാഹിര്‍).

ഇസ്‌ലാമിന്റെ ആധ്യാത്മിക, വൈജ്ഞാനിക മുന്നേറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ധാരാളം പ്രദേശങ്ങളുണ്ട്. വൈജ്ഞാനിക മേഖലയില്‍ പ്രശോഭിതമായിരുന്ന കൂഫ, ബഗ്ദാദ്, ബത്വാഇഹ് തുടങ്ങിയവ ഇവയില്‍ പ്രധാനപ്പെട്ടതാണ്. അവഗണിക്കാനാവാത്ത സ്ഥാനമാണ് ബത്വാഇഹിനുള്ളത്. ജ്ഞാനിയും ലോകമെങ്ങും പരന്നു കിടക്കുന്ന രിഫാഇയ്യ ത്വരീഖത്തിന്റെ സ്ഥാപകനുമായ ശൈഖ് അഹ്മദുല്‍ കബീര്‍ രിഫാഈ (റ) ഹിജ്‌റ 512 (എ ഡി 1118) മുഹര്‍റം മാസം ഭൂജാതനാകുന്നത് ബത്വാഇഹിലാണ്. മുകളില്‍ കൊടുത്ത സംഭവത്തിലെ ഗുരുനാഥന്‍ ശൈഖ് രിഫാഈ തങ്ങളാണ്. വിശ്രുത പണ്ഡിതനും ഖാരിഉമായ അബുല്‍ ഹസന്‍ (റ) ആണ് പിതാവ്. മാതാവ് ഉമ്മുല്‍ ഫള്ല്‍ ഫാത്വിമ അല്‍ അന്‍സ്വാരിയ്യ. പിതാവ് വഴി ഹുസൈനി (റ)ലേക്കും മാതാവ് വഴി ഹസനി (റ)ലേക്കും എത്തുന്ന അനുഗ്രഹീത പരമ്പരയില്‍ നബി തങ്ങളുടെ ഇരുപതാമത്തെ പൗത്രനായിട്ടാണ് ജനനം.

ഉമ്മു അബീദ ഗ്രാമത്തിലെ ഹസന്‍ എന്ന ഉള്‍പ്രദേശത്ത് ജനിച്ച മഹാനവര്‍കളില്‍ പ്രസവ സമയത്ത് തന്നെ അത്ഭുതങ്ങള്‍ കാണപ്പെട്ടിരുന്നു. ശൈഖ് അലിയ്യുസ്സൂരീ (റ) ഇമാമുദ്ദീന്‍ സിന്‍കിയില്‍ നിന്നും ഉദ്ധരിക്കുന്നതിങ്ങനെ: രിഫാഈ ശൈഖി(റ)ന്റെ ജനനം വലതുകൈ നെഞ്ചിനുതാഴെ വെച്ചും ഇടതുകൈ കൊണ്ട് പിന്‍ഭാഗം മറച്ചുമായിരുന്നു. ബന്ധുക്കള്‍ കൈ വേര്‍പ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വീണ്ടും യഥാസ്ഥാനത്ത് കുഞ്ഞ് തന്നെ വെക്കും. കൂട്ടുകാരോടൊത്ത് കളിതമാശകളില്‍ മുഴുകുന്ന ബാല്യകാലത്ത് ആധ്യാത്മികതയിലേക്ക് തിരിഞ്ഞ മഹാനവര്‍കള്‍, പണ്ഡിതന്മാരുടെ വിജ്ഞാന സദസ്സുകളുടെ സ്ഥിരം പങ്കാളിയായിരുന്നു.

ജീവജാലങ്ങള്‍ക്കെല്ലാം കാരുണ്യസ്പര്‍ശം
പ്രിയ പത്‌നിയെ ജോലികളില്‍ സഹായിക്കുകയും ആവശ്യവസ്തുക്കള്‍ അങ്ങാടിയില്‍ പോയി വാങ്ങുകയും ചെയ്തിരുന്ന മഹാന് മനുഷ്യരോട് മാത്രമല്ല, ഇതര ജീവജാലങ്ങളോടും കാരുണ്യവും സ്‌നേഹവുമുണ്ടായിരുന്നു. ഒരിക്കല്‍ ശിഷ്യന്‍ ചരടുകൊണ്ട് കാലുകള്‍ ബന്ധിച്ച നിലയില്‍ ഒരു കുരുവിയുമായി സദസ്സിലേക്ക് കയറിച്ചെന്നു. ഇതു കണ്ട മഹാനവര്‍കള്‍ കുരുവിയുടെ കെട്ടഴിച്ച് സ്വതന്ത്രമാക്കാന്‍ പറഞ്ഞപ്പോള്‍ ശിഷ്യന്‍ കൂട്ടാക്കിയില്ല. ഉസ്താദിന് വേണമെങ്കില്‍ അതിനെ വില കൊടുത്ത് വാങ്ങി മോചിപ്പിക്കാമെന്നായിരുന്നു മറുപടി. എത്ര വിലവരുമെന്ന് ശൈഖവര്‍കള്‍ അന്വേഷിച്ചു. ശിഷ്യന്റെ മറുപടി കൗതുകകരമായിരുന്നു. ‘എനിക്ക് സ്വര്‍ഗത്തില്‍ ഉസ്താദിന്റെ സന്തത സഹചാരിയാകുകയും സ്വിറാത് പാലം മുറിച്ച് കടക്കുകയും വേണം.’ ഇവയ്ക്കുള്ള ഉറപ്പുകൂടി കിട്ടണമെന്നാവശ്യപ്പെട്ടപ്പോള്‍ പക്ഷിയുടെ സ്വാതന്ത്ര്യത്തിന് മഹാനവര്‍കള്‍ സമ്മതം നല്‍കി. സഹനം, വിനയം, കാരുണ്യം, നിഷ്‌കളങ്കത തുടങ്ങിയ സ്വഭാവഗുണങ്ങള്‍ക്കുടമയായ മഹാനവര്‍കള്‍ മറ്റുള്ളവര്‍ക്ക് ഉദാത്ത മാതൃകയായിരുന്നു. പ്രവാചകരുടെ സ്വഭാവമഹിമകള്‍ അനുധാവനം ചെയ്ത മഹാനരെ കുറിച്ച് ശൈഖ് മക്കിയ്യുല്‍ വാസിത്വീ പറയുന്നതിങ്ങനെ: ഒരു രാത്രി മഹാന്റെ കൂടെ ഉമ്മുഅബീദ ഗ്രാമത്തില്‍ താമസിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. ആ രാത്രി മാത്രം പ്രവാചകരുടെ 40 സ്വഭാവങ്ങള്‍ അവരില്‍ നിന്നെനിക്ക് കാണാനായി (ഖിലാദതുല്‍ ജവാഹിര്‍).

അറിവന്വേഷണത്തിന്റെ പാതയില്‍
ചെറുപ്രായത്തിലെ ഉപ്പയുടെ വേര്‍പാടിന് ശേഷം കാര്യങ്ങള്‍ നോക്കിയിരുന്നത് ആദ്യഗുരുനാഥനായ ശൈഖ് മന്‍സൂര്‍ (റ) ആയിരുന്നു. നബി തങ്ങളില്‍ നിന്നും സ്വപ്‌നത്തിലൂടെയുള്ള നിര്‍ദേശമനുസരിച്ച് അവര്‍ മഹാനവര്‍കളെ ബസ്വറയിലെ വിശ്രുത ഖാരിഉം ജ്ഞാനിയുമായ ശൈഖ് അബ്ദുല്‍ ഫള്ല്‍ അലിയ്യുല്‍ ഖാരി അല്‍വാസ്വിതി (റ)യുടെ ദര്‍സില്‍ ചേര്‍ത്തു. കുറഞ്ഞ കാലത്തിനുള്ളില്‍ ഖുര്‍ആന്‍ മുഴുവന്‍ ഹൃദിസ്ഥമാക്കിയ അവര്‍ക്ക്, പാരായണശാസ്ത്രം, കര്‍മശാസ്ത്രം, തത്വശാസ്ത്രം തുടങ്ങിയ മിക്ക വിജ്ഞാന ശാഖകളിലും അവഗാഹമുണ്ടായിരുന്നു. ശൈഖ് അബ്ദുല്‍ മാലിക് അല്‍ ഖര്‍നൂബി, ശൈഖ് അബൂബക്കര്‍ അല്‍ വാസിത്വി എന്നിവര്‍ ഗുരുവര്യരില്‍ പ്രധാനപ്പെട്ടവരാണ്. തഫ്‌സീര്‍, ഹദീസ്, കര്‍മശാസ്ത്രം, തജ്‌വീദ് തുടങ്ങിയ വിജ്ഞാന ശാഖകളില്‍ പ്രാവീണ്യം നേടിയ മഹാനവര്‍കള്‍, പ്രധാന അധ്യാപകനായിരുന്ന ശൈഖ് അബ്ദുല്‍ ഫള്ല്‍ അലിയ്യുല്‍ ഖാരി(റ)ല്‍ നിന്നും ദര്‍സ് നടത്താനുള്ള അനുമതി ലഭിച്ച ശേഷം ഔപചാരിക വിദ്യാഭ്യാസ രംഗത്തുനിന്നും വിടപറഞ്ഞ് ആത്മീയതയുടെ ഔന്നിത്യങ്ങള്‍ കീഴക്കാനുള്ള വഴിയിലേക്ക് പ്രവേശിച്ചു. ഖിള്ര്‍ നബി(അ)യില്‍ നിന്ന് ആത്മീയജ്ഞാനം നുകര്‍ന്നതായി ചരിത്രഗ്രന്ഥങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. 12 വര്‍ഷത്തെ പഠനത്തിനുശേഷം ഇസ്‌ലാമിക പ്രബോധന രംഗത്തേക്കിറങ്ങാനായിരുന്നു ശൈഖവര്‍കളോടുള്ള ഖിള്ര്‍ നബി (അ)യുടെ നിര്‍ദേശം.

ഗുരുശ്രേഷ്ഠര്‍
അഹ്മദുല്‍ കബീര്‍ രിഫാഈ (റ) ആദ്യമായി ദര്‍സ് നടത്തിയിരുന്നത് വാസ്വിതിലായിരുന്നു. നീണ്ട 27 വര്‍ഷത്തെ വിജ്ഞാന സേവനത്തിനിടയില്‍ പതിനായിരക്കണക്കിന് ശിഷ്യന്മാരെയാണ് വാര്‍ത്തെടുത്തത്. പിന്നീട് അമ്മാവനും ഗുരുനാഥനുമായ ശൈഖ് മന്‍സൂറുല്‍ ബത്വഇഹി(റ)ന്റെ നിര്‍ദേശപ്രകാരം മാതൃഗ്രാമമായ ഉമ്മു അബീദയിലേക്ക് മടങ്ങി. ശേഷം അവിടെ മരണം വരേ തദ്‌രീസിലായി കാലം കഴിച്ചു കൂട്ടി. തന്റെ സമുദായത്തോട് പലസമയങ്ങളിലും സംവദിച്ചിരുന്നു. അവരുടെ ആവശ്യങ്ങള്‍ നിറവേറ്റികൊടുക്കുന്നതിലും സേവന പ്രവര്‍ത്തനത്തിലുമായി സമയം വിനിയോഗിച്ചു. ഈ സമയങ്ങളില്‍ അവിടുത്തെ പെരുമാറ്റത്തില്‍ ആകൃഷ്ടരായി ധാരാളം പേര്‍ ഇസ്‌ലാമിനെ അടുത്തറിയുകയും മുസ്‌ലിമാകുകയും ചെയ്തു. അധ്യാപനത്തിനിടെ സങ്കീര്‍ണമായ വിഷയങ്ങളിലെത്തിപ്പെട്ടാല്‍ സരളമായ രീതിയില്‍ മനസ്സിലാക്കി കൊടുത്തിരുന്നു. തന്റെ ഗവേഷണങ്ങളിലൂടെ കണ്ടെത്തിയ കാര്യങ്ങളും അതത് ഗ്രന്ഥങ്ങള്‍ പഠിപ്പിച്ചുകൊടുക്കുമ്പോള്‍ ശിഷ്യര്‍ക്ക് ശൈഖവര്‍കള്‍ പറഞ്ഞ് കൊടുത്തിരുന്നു. ശിഷ്യന്മാരോട് ഹൃദയപൂര്‍വമായ ആത്മബന്ധം പുലര്‍ത്തി. അവരിലെന്തെങ്കിലും പിഴവ് സംഭവിച്ചാല്‍ രഹസ്യമായി ഗുണദോഷിക്കുമായിരുന്നു. വിജ്ഞാനത്തിന്റെയും ജ്ഞാനികളുടെയും നഗരമായ വാസ്വിതില്‍ നിന്നും ഉമ്മുഅബീദയിലേക്ക് മാറിയപ്പോഴും അവരുടെ പ്രശസ്തിക്ക് കോട്ടം തട്ടിയിരുന്നില്ല. വാസ്വിതിലായിരുന്ന പോലെത്തന്നെ ഇവിടെയും ധാരാളം അനുചരര്‍ അവര്‍ക്കുണ്ടായിരുന്നു. വിജ്ഞാന രംഗത്തെ ആവഗാഹം മൂലം ‘കബീര്‍’ എന്ന് പേരിനൊടോപ്പം ജനങ്ങള്‍ കൂട്ടി വിളിക്കുമായിരുന്നു (റൂമുസുല്‍ ഫുഖറാഅ്).

പ്രഭാഷണ രംഗത്തും ഗ്രന്ഥ രചനാ മേഖലയിലും ശൈഖ് ശോഭിച്ചു. തഫ്‌സീര്‍, ഹദീസ്, കര്‍മശാസ്ത്രം, തര്‍ക്ക ശാസ്ത്രം, സാഹിത്യം തുടങ്ങിയ വിജ്ഞാന മേഖലകളില്‍ ശൈഖവര്‍കള്‍ ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ശൈഖ് ഫഖീറുല്ലാഹ് രിഫാഈ (റ) പറയുന്നതിങ്ങനെ: മഹാനവര്‍കള്‍ 662ഓളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. അല്‍ ബഹ്ജ, അത്ത്വരീഖു ഇലല്ലാഹ്, തഫ്‌സീറു സൂറതുല്‍ ഖദ്ര്‍, അല്‍ ഹിക്മതു രിഫാഇയ്യ തുടങ്ങിയവ ഇന്ന് ശേഷിക്കുന്ന ഗ്രന്ഥങ്ങളില്‍ ചിലത് മാത്രം.

റമസാനില്‍ പാല്‍ കുടിക്കാത്ത കുഞ്ഞ്
രിഫാഈ ശൈഖവര്‍കളുടെ അത്ഭുതപ്രവൃത്തി(കറാമത്)കള്‍ക്ക് അനുചരന്മാരും സാധാരണ ജനങ്ങളും ദൃക്സാക്ഷിയായിട്ടുണ്ട്. ഉമ്മയുടെ ഗര്‍ഭപാത്രത്തിലായിരുന്നത് മുതല്‍ കാണിച്ച അത്ഭുതങ്ങള്‍ വിയോഗാനന്തരവും തുടരുന്നു. അപൂര്‍വം ചിലരില്‍ കാണപ്പെട്ട തൊട്ടിലില്‍ വെച്ച് സംസാരിക്കല്‍, തസ്ബീഹ് ചൊല്ലല്‍ തുടങ്ങിയ കറാമത്തുകള്‍ മഹാനവര്‍കളില്‍ കാണപ്പെട്ടിരുന്നു. മഹാനവര്‍കള്‍ ജനിച്ച വര്‍ഷം റമസാന്‍ പിറന്നതോടെ പെട്ടെന്ന് മുലപ്പാല്‍ കുടിക്കാതായി.

ഒരിക്കല്‍ ഒരു സദസ്സിലിരിക്കുന്ന സമയത്ത് നബി തങ്ങളുടെ വിളിക്ക് മറുപടിയായി അനുചരരോട് കൂടെ ഹജ്ജിന് പോവുകയും ശേഷം മദീനയിലേക്ക് തിരിക്കുകയും ചെയ്തു. ഹുജ്‌റത്തു ശരീഫയിലെത്തിയ മഹാനവര്‍കള്‍ നബി(സ)യോട് സലാം ചൊല്ലി. ഉടനെ തന്നെ വഅലൈകുമുസലാം യാ വലദീ എന്ന് മറുപടി ലഭിച്ചു. തുടര്‍ന്ന് അവിടെ വെച്ച് മഹാനവര്‍കള്‍ ഒരു കവിത ആലപിച്ചു. ഇതവസാനിച്ചപ്പോഴേക്കും തിരു ഹുജ്‌റയില്‍ നിന്നും നബി(സ്വ)യുടെ പരിശുദ്ധ കരം പുറത്തേക്ക് നീണ്ടുവന്നു. ആ കരത്തിന്റെ ധവളിമ കാരണം മസ്ജിദുന്നബവിയും പരിസരവും പ്രകാശപൂരിതമായി. ശൈഖ് രിഫാഈ(റ) ആ വലതു കൈ മതിവരോളും ചുംബിച്ചു. ശേഷം അവിടുത്തെ കൈപിടിച്ചു ബൈഅത്തു ചെയ്തു. തുടര്‍ന്ന് ആത്മീയോപദേശങ്ങള്‍ തിരുനബി(സ്വ) അവര്‍ക്ക് പറഞ്ഞ് കൊടുത്തു. ഈ സംഭവത്തിന് ഒരു ലക്ഷത്തോളം വരുന്ന അവിടുത്തെ അനുചരന്മാര്‍ ദൃക്‌സാക്ഷികളായിരുന്നതായി ചരിത്രം രേഖപ്പെടുത്തുന്നു. ഈ സംഭവം അവരുടെ മഹത്തായ കറാമത്തായി ഇമാം സുയൂത്വി (റ), മുഹമ്മദ് ആലൂസി (റ), ശൈഖ് അബ്ദുല്‍ഖാദിര്‍ ത്വിബിരി (റ) തുടങ്ങിയവര്‍ തങ്ങളുടെ ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിവെക്കുന്നുണ്ട്.

വിയോഗം
ലക്ഷോപലക്ഷങ്ങള്‍ക്ക് അത്താണിയും ജ്ഞാനികളുടെ നേതാവുമായ ശൈഖ് അഹ്മദുല്‍ കബീര്‍ രിഫാഈ(റ) ഹിജ്‌റ 578 ജമാദുല്‍ ആഖിര്‍ 12ന് ളുഹ്റിന്റെ സമയത്ത് തന്റെ റബ്ബിന്റെ വിളിക്കുത്തരം നല്‍കി ഈ ലോകത്തോട് വിടപറഞ്ഞു. നീണ്ട ആറ് പതിറ്റാണ്ടോളം ഇസ്ലാമിക ലോകത്തിന് തുല്യതയില്ലാത്ത സംഭാവനകളര്‍പ്പിച്ച മഹാനവര്‍കള്‍ മരണം മുന്‍കൂട്ടി അറിയുകയും പ്രവചിക്കുകയും ചെയ്തിരുന്നു.

ശൈഖ് ജൗഹറുല്‍ യമാനി(റ) പറയുന്നു: രോഗമൊന്നുമില്ലാത്ത സമയത്തുതന്നെ തന്റെ മരണം പ്രവചിച്ചിരുന്നു. രോഗം കലശലായപ്പോള്‍ ശൈഖ് രിഫാഈ(റ) വുളു എടുത്ത് രണ്ട് റക്അത്ത് നിസ്‌കരിച്ച ശേഷം ശഹാദത്ത് കലിമ ചൊല്ലി വഫാത്തായി. വഫാത്തിന് ശേഷം ഞങ്ങള്‍ക്ക് മുന്‍പരിചയം പോലുമില്ലാത്ത ഏഴ് ശുഭ്ര വസ്ത്രധാരികളെ ഞങ്ങള്‍ കണ്ടു. അവര്‍ ശൈഖവര്‍കളുടെ തിരുശരീരം കുളിപ്പിക്കുവാനും കഫന്‍ ചെയ്ത് വഹിക്കുവാനും വളരെ ഭയഭക്തിയോടെയും ബഹുമാനത്തോടെയും നേതൃത്വം നല്‍കി. ജനാസ നിസ്‌കാരം കഴിഞ്ഞതോടെ അവര്‍ അപ്രത്യക്ഷരായി. ഇതിനിടയില്‍ മുമ്പൊന്നും കാണാത്ത വിധം പച്ചനിറമുള്ള പക്ഷികള്‍ നാല് ഭാഗത്തുനിന്നും അവിടുത്തെ ബര്‍ക്കത്തെടുക്കാന്‍ വലയും ചെയ്തിരുന്നു. ഇതു കണ്ട് ജനങ്ങള്‍ അത്ഭുതപ്പെട്ടു. ഈ സംഭവത്തിന് സാക്ഷികളായ എഴുന്നൂറോളം ജൂതന്മാരും ആയിരത്തോളം ക്രിസ്ത്യാനികളും ഇസ്ലാം പുല്‍കി.
.