Connect with us

Prathivaram

വികല വ്യാഖ്യാനങ്ങളുടെ പൊളിച്ചെഴുത്ത്

Published

|

Last Updated

ധുനിക മനുഷ്യന്‍ നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്ന വൈജ്ഞാനിക ലോകത്തിന്റെ ഉടമയാണ്. ധിഷണയും അറിവും അധ്വാനവും വിനിയോഗിച്ച് ശാസ്ത്ര സാങ്കേതിക രംഗത്ത് മനുഷ്യന്‍ കൈവരിക്കുന്ന അഭൂതപൂര്‍വ നേട്ടങ്ങള്‍ മനുഷ്യജീവിതത്തെ തന്നെ പുനര്‍നിര്‍വചിക്കുകയാണ്. പുരോഗതിയുടെ ഗിരിശൃംഗങ്ങള്‍ കീഴടക്കുമ്പോള്‍ മനുഷ്യന്‍ സര്‍വസനാതനധര്‍മങ്ങളും മതമൂല്യങ്ങളും പാടെ അവഗണിക്കുന്ന അവസ്ഥയാണുള്ളത്. ജീവിതത്തിന്റെ ദിശ നിര്‍ണയിക്കാനും വഴി കാട്ടാനും മതത്തിന്റെ ആവശ്യമില്ലെന്ന കാഴ്ചപ്പാടാണ് ആധുനിക ചിന്തകന്മാരിലേറെയും വച്ചു പുലര്‍ത്തുന്നത്. മാത്രമല്ല, പൂര്‍വോപരി മതനിരാസത്തെ യുക്തിയുടെ ലേബലില്‍ എടുത്തുകാണിക്കുകയും മതത്തിനെതിരെ കുയുക്തിയെ നിര്‍മിക്കുകയും ചെയ്യുന്നു. മതത്തെ മനുഷ്യനെ മയക്കുന്ന കറുപ്പായാണ് മാര്‍ക്‌സ് വിശദീകരിക്കുന്നത്. മനുഷ്യന് ഭൗതികലോകം വിലക്കുകയും ആകാശത്തെ ചൂണ്ടി, ആത്മാവിനെ ചൊല്ലി മാത്രം വ്യാകുലപ്പെടുകയും ചെയ്യുന്ന മതമായിരുന്നു മാര്‍ക്‌സിന് പരിചിതമായിരുന്നതെന്നതു കൊണ്ടാണ് അദ്ദേഹം ഇത്തരമൊരു നിരീക്ഷണം നടത്തുന്നത്. എന്നാല്‍, മതം നല്‍കുന്ന സാധ്യതയും സാധുതയും സംരക്ഷണവുമൊക്കെ മാര്‍ക്‌സ് മനസ്സിലാക്കിയതിനും വിശദീകരിച്ചതിനുമപ്പുറമാണെന്നതാണ് വാസ്തവം. ആത്യന്തികമായി തന്നെ മനുഷ്യന്റെ ജീവിതശൈലി ചിട്ടപ്പെടുത്തുന്നതിന് മതത്തെ ആശ്രയിക്കേണ്ടി വരുന്നുണ്ട്. പരിമിതമായ വിജ്ഞാനത്തിന്റെ അടിസ്ഥാനത്തില്‍ മനുഷ്യന്‍ രൂപപ്പെടുത്തുന്ന ഒരു ജീവിത രൂപരേഖയും കുറ്റമറ്റതാവില്ല. അതിലുപരി അവയൊന്നും മനുഷ്യന്റെ ജീവിതം ശോഭനമാക്കാനോ വിശ്വാസം വ്യവസ്ഥീകരിക്കുവാനോ പര്യാപ്തമാവുകയില്ലതാനും. അതുകൊണ്ട് തന്നെ സര്‍വാംഗീകൃതവും സമ്പൂര്‍ണവുമായൊരു തത്വസംഹിതക്ക് രൂപം നല്‍കാന്‍ മനുഷ്യര്‍ക്ക് കഴിയില്ല. എന്നിട്ടും മതത്തിനെതിരെ നാസ്തികര്‍ നിരന്തരം വാചാലരാകുന്നു. ഈ പശ്ചാത്തലത്തില്‍, ഇസ്‌ലാം മതത്തെയും അതിന്റെ മര്‍മത്തെയും യുക്തിവിചാരത്തെയും സരളമായി എന്നാല്‍ ഗഹനമായി അപഗ്രഥിക്കുന്ന ഇ എം എ ആരിഫ് ബുഖാരിയുടെ “മതം ഒരു ബൗദ്ധിക വായന” സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നുണ്ട്.

പാരമ്പര്യ മതസ്രോതസ്സുകളെ സമകാലിക സാധ്യതകളിലേക്ക് വിനിമയം ചെയ്യാനും മതത്തിന്റെ ഉള്ളടക്കത്തെ സര്‍ഗാത്മകമാക്കാനും വികാസ സാധുത നല്‍കുന്ന പൂര്‍ണതയാണ് ഇസ്‌ലാമിനുള്ളതെന്നും സ്ഥാപിക്കുകയാണ് ഈ പുസ്തകം. ഇസ്‌ലാം സമ്പൂര്‍ണ ജീവിത പദ്ധതിയാണെന്ന് പറയാറുണ്ടെങ്കിലും ബൗദ്ധികമായി അതെങ്ങനെ പ്രയോഗവത്കരിക്കപ്പെടുന്നുവെന്ന് കൃത്യമായി വിവരിക്കുന്ന രചനകള്‍ മലയാളത്തില്‍ നന്നേ കുറവാണ്. ഇല്ലെന്നു തന്നെ വേണം പറയാന്‍. അത്തരമൊരു വിടവ് നികത്താന്‍ ഇത് പ്രാപ്തമാകുമെന്നത് തീര്‍ച്ചയാണ്. ഖുര്‍ആന്റെയും വ്യഖ്യാന ഗ്രന്ഥങ്ങളുടെയും വിശാലമായ ചട്ടക്കൂടില്‍ നിന്നും ഇസ്‌ലാമിന്റെ ആശയപരമായ സൗന്ദര്യത്തെ കണ്ടെടുക്കാനുള്ള ശ്രമം ദാര്‍ശനിക ചിന്തക്ക് പോഷണവും നിര്‍ണായക വഴിത്തിരിവും നല്‍കുന്നു. മതത്തിന് സൗന്ദര്യവും സൗഷ്ഠവവുമുണ്ട്. അത് കണ്ടെത്തുമ്പോള്‍ മാത്രമാണ് മതം അവാച്യമായ അനുഭൂതിയും അനുഭവവും വികാരവുമൊക്കെയായിത്തീരുന്നത്. ആചാരനിഷ്ഠകള്‍ക്കപ്പുറം മതത്തിന്റെ അടിത്തട്ടു കണ്ടെത്തേണ്ട കാലം കൂടി ആവശ്യപ്പെടുന്ന ശ്രമമാണ് രചയിതാവ് നിര്‍വഹിക്കുന്നത്. സങ്കീര്‍ണവും സംഘര്‍ഷഭരിതവുമായ വികലമത വ്യാഖ്യാനങ്ങളെ തെളിഞ്ഞ സമീപനത്തിലൂടെ ഇളക്കി പ്രതിഷ്ഠിക്കുന്നു. മതപരമായ തര്‍ക്ക വിഷയങ്ങളെ തര്‍ക്കശാസ്ത്ര രീതിയില്‍ സമീപിക്കുന്നതിലൂടെ അവയുടെ സാധ്യതാ സമര്‍ഥനം അനായാസമാക്കാന്‍ അദ്ദേഹം ശ്രമിക്കുന്നുണ്ട്.

പരമസത്തയോട് മനുഷ്യ സത്തക്കുള്ള അഭേദ്യമായ സ്‌നേഹത്തിലാണ് മതത്തിന്റെ സൗഷ്ഠവമെന്നും ആചാരനിഷ്ഠകളും നിയമാവലികളും സ്‌നേഹപൂര്‍ണമായ ഒരു ഭൂമികയില്‍ നിന്നാണ് നോക്കിക്കാണേണ്ടതെന്നും പുസ്തകം പറയുന്നു. ജൈവപരം എന്നതിന് പുറമെ ആശയപരമായ ഒരസ്തിത്വം കൂടി അനുഭവിക്കുന്ന ഒരേയൊരു ജീവി എന്ന നിലയ്ക്കാണ്, രചയിതാവ് നര വര്‍ഗ ജന്തുവായ മനുഷ്യനെയും (ഹോമോസാപിയന്‍സ്) അവന്റെ വ്യവഹാരങ്ങളെയും അവതരിപ്പിക്കുന്നതെന്ന് അവതാരികയില്‍ യശ്ശഃശരീരനായ പ്രൊഫ. അഹ്മദ് കുട്ടി ശിവപുരം എടുത്തു പറയുന്നുണ്ട്. ശാസ്ത്രം മനുഷ്യനെ വിശദീകരിച്ചതു പോലെ കേവല ഭൗതിക പദാര്‍ഥമല്ല മനുഷ്യന്‍. ഭൗതികവും അഭൗതികവുമായ ഘടകങ്ങള്‍ കൂടിച്ചേര്‍ന്നതാണ്. ആരാധനകള്‍ മനുഷ്യരുടെ ആശ്രിതത്വത്തിന്റെയും നിസ്സഹായതയുടെയും സ്രഷ്ടാവിനോടുള്ള പ്രതിബദ്ധതയുടെയും പ്രതിഫലനങ്ങളാണെന്ന് വരികളില്‍ വായിക്കാനാവുന്നു.

ആദര്‍ശ ജീവിതത്തിന്റെ സമ്പൂര്‍ണത ഇലാഹീ ഏകത്വത്തിലാണെങ്കില്‍ കര്‍മ ജീവിതത്തിന്റെ സൗകുമാര്യത ഭക്തിയിലായിരിക്കും. അതനുഭവിക്കാന്‍ സ്രഷ്ടാവിന്റെ ലാവണ്യാത്മക ഗുണവിശേഷങ്ങളായ കരുണ, ആര്‍ദ്രത, അനുതാപം, ഉദാരത തുടങ്ങിയ കാര്യങ്ങളെ പ്രവര്‍ത്തിപഥത്തില്‍ കൊണ്ടുവരിക വഴി സാധിക്കും. സൃഷ്ടിയെ സ്രഷ്ടാവില്‍ നിന്നും അകറ്റി നിര്‍ത്തി ഭയാശങ്കകളുടെ ബന്ധമാണവര്‍ തമ്മില്‍ വേണ്ടതെന്ന ക്ലീഷേ ആഖ്യാനങ്ങളെ തിരസ്‌കരിച്ച് സ്രഷ്ടാവിന് മനുഷ്യ സത്തയുമായുള്ള അപരിമേയ പാരസ്പര്യത്തെ ഉയര്‍ത്തിക്കൊണ്ട് വരുന്നതിലൂടെ അവര്‍ തമ്മിലുള്ള ഇഴയടുപ്പത്തെ വിശദീകരിക്കുന്നു. സമൂഹത്തെ വര്‍ഗങ്ങളായി കാണുന്ന പ്രത്യയശാസ്ത്രങ്ങളുടെ സംബോധനയേക്കാള്‍ “ഓ.. ജനങ്ങളേ..” എന്ന മാനവിക വിളിയാളമാണ് ഖുര്‍ആനെ സാര്‍വലൗകികമാക്കുന്നതെന്ന് നിഷ്പക്ഷ വായനക്കാരന് ഇതില്‍ നിന്ന് മനസ്സിലാക്കാം. പ്രാരംഭ സൂക്തമായ ഫാതിഹയില്‍ നിന്ന് തുടങ്ങുന്ന വൈജ്ഞാനിക ലോകത്തിലേക്കും ജീവിത യാഥാര്‍ഥ്യത്തിലേക്കും വെളിച്ചം വീശുന്ന ആയത്തുകളുടെ ആന്തരാര്‍ഥങ്ങളെ പുസ്തകം അനാവരണം ചെയ്യുന്നുണ്ട്. ജീവിതത്തിന്റെ സമസ്ത മേഖലകളിലും വിശ്വാസി കൈക്കൊള്ളേണ്ട മത നൈതികത (ഞലഹശഴശീൗ െഋവേശര)െ എവ്വിധമാണെന്ന കാര്യം വിഷയീഭവിക്കുന്നുണ്ട്. അതിഭൗതികതയുടെയും തീവ്ര ആത്മീയതയുടെയും കരണീയമല്ലാത്ത പ്രത്യയശാസ്ത്രങ്ങളെ നിരാകരിക്കാനുള്ള ആഹ്വാനത്തെ ഫാതിഹയുടെ അവസാന ആയത്തില്‍ നിന്നും കണ്ടെടുക്കുന്നുണ്ട്.

മതത്തിന്റെ കാതലായ ആധ്യാത്മികതയെയും അനുബന്ധ വിഷയങ്ങളെയും കേവല ഭൗതിക വിദ്യാര്‍ഥിയെ പോലും തൃപ്തിപ്പെടുത്തുന്ന ബൗദ്ധിക മികവില്‍ പുനര്‍വായിക്കുന്നുണ്ട് പുസ്തകം. അതിന് പ്രാധാനമായും അവലംബമാക്കുന്നത് ഇമാം ഗസ്സാലി(റ)യുടെ ദാര്‍ശനിക വീക്ഷണങ്ങളെയാണ്. ഒരു കാലത്ത് കേരളീയ പരിസരത്തെ സംവാദ വേദികളെ കലുഷിതമാക്കിയ ഇസ്തിഗാസ, തവസ്സുല്‍ തുടങ്ങിയ ഡിസിപ്ലിനുകള്‍ക്ക് കാലോചിതവും കരണീയവുമായ തീര്‍പ്പ് നല്‍കാന്‍ പുസ്തകത്തിന് കഴിയുന്നുണ്ട്. കൂടാതെ അയുക്തിയുടെ മേലാപ്പില്‍ നെഗളിക്കുന്ന പരിഷ്‌കരണ പ്രവണതകളുടെ മുനയൊടിക്കുകയും ഒരു വലിയ സമൂഹത്തിന് മുന്നില്‍ ഇന്നും ഗോപ്യമായി കിടക്കുന്ന ഇസ്‌ലാമിന്റെ മനോജ്ഞിമയെ പുനഃസ്ഥാപിക്കുകയും ചെയ്യുന്നു.

ചുരുക്കത്തില്‍, സ്രഷ്ടാവ്, സൃഷ്ടി, മതം, പ്രവാചകന്‍ തുടങ്ങിയ ഇസ്‌ലാമിന്റെ അടിസ്ഥാനാശയങ്ങളെ പുതിയ കാലത്തെ സാഹചര്യത്തില്‍ ബുദ്ധിപരമായി മനസ്സിലാക്കാനും മതത്തിന്റെ ചുവടുപിടിച്ച് മുളച്ച് പൊന്തുന്ന ദുരാശയങ്ങളെ യുക്തിഭദ്രമായി പ്രതിരോധിക്കാനും മതവിശ്വാസികളെ പ്രാപ്തമാക്കാന്‍ ഈ ഗ്രന്ഥത്തിന് കഴിയുന്നുണ്ടെന്ന് നിസ്സംശയം പറയാം. തീവ്രവാദവും ഭീകരവാദവും ഇസ്‌ലാമിന്റെ പേരില്‍ കൊട്ടിഘോഷിക്കുമ്പോള്‍ മതം വിഭാവനം ചെയ്യുന്ന സൗന്ദര്യാത്മക ജീവിതത്തെ എങ്ങനെ വെളിച്ചത്ത് കൊണ്ടുവരാമെന്നതിലേക്കും അത്തരത്തിലൊരു വീക്ഷണകോണിലൂടെ മതത്തെ ആഖ്യാനിക്കേണ്ടതിന്റെ ആവശ്യകതയിലേക്കും കൂടി ഗ്രന്ഥം ഊന്നുന്നുണ്ട്. റഹ്മാന്‍, റഹീം എന്നീ ഇലാഹീ വിശേഷണങ്ങള്‍ നമ്മുടെ ജീവിതത്തിന്റെ പാതയെന്താണെന്നതിന്റെ വ്യക്തമായ ചിത്രം നല്‍കുന്നു. സമാധാനവും സന്തോഷവുമുള്ള ഒരു സമൂഹം സൃഷ്ടിക്കാനാണ് ഇസ്‌ലാം താത്പര്യപ്പെടുന്നത്. വിശ്വാസപരമായ അച്ചടക്കത്തിന്റെ പേരില്‍ പ്രവാചകര്‍ (സ) പറഞ്ഞതും ചെയ്തതും വിലക്കിയതുമായ പ്രമാണങ്ങളുടെ പ്രസക്തി സാമാന്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം അതിന് പ്രധാനമാണ്. മൃഗീയതയുടെയും ഭൗതികതയുടെയും ഇരുളറയില്‍ നിന്ന് വെളിച്ചത്തിലേക്കുള്ള ലോകത്തിന്റെ ഏകമാര്‍ഗം വിശ്വാസവും അതിനെ വ്യവസ്ഥാപിതമാക്കുന്ന സംഹിതയുമാണ്. എന്നാല്‍, വിശ്വാസബന്ധിത കാര്യങ്ങളെ ആവിഷ്‌കരിക്കുന്നതില്‍ കാലദേശ അവസ്ഥാന്തരങ്ങളെ പരിഗണിക്കാതിരിക്കുക വഴി വലിയ അബദ്ധമാണ് പിണയുക. ഫാഷിസം തേര്‍വാഴ്ച നടത്തുന്ന ഇന്ത്യ പോലൊരു രാജ്യത്ത് ഇസ്‌ലാമിനെതിരില്‍ ഉയര്‍ത്തിക്കൊണ്ടു വന്ന ആശയങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും ഒരു പരിധി വരെ ആക്കം കൂട്ടുന്നതില്‍ നമ്മുടെ തന്നെ മതാഖ്യാനങ്ങള്‍ക്ക് പങ്കുണ്ടെന്ന വസ്തുത പുസ്തകം വായിച്ച് തീരുമ്പോള്‍ ബോധ്യമാകുന്നു.

ദാര്‍ശനിക പരിസരത്ത് നിന്നുള്ള ആഖ്യാനമാണെങ്കില്‍ കൂടിയും “മതം ഒരു ബൗദ്ധിക വായന”യില്‍ സുഗ്രാഹ്യവും അയത്‌നലളിതവുമായ ശൈലിയാണ് ഗ്രന്ഥകാരന്‍ സ്വീകരിച്ചത്. വിശ്വസ സൗന്ദര്യത്തെ അനാവരണം ചെയ്യുന്ന കൃതിയെന്ന നിലയില്‍ ചാരുതയൊട്ടും ചോരാത്ത രീതീയിലാണ് അറബിയിലെ പല സംജ്ഞാ പ്രയോഗങ്ങളും മൊഴി മാറ്റുന്നത്. അമാന പബ്ലിക്കേഷന്‍ പ്രസിദ്ധീകരിച്ച പുതിയ പതിപ്പിന് നൂറ് രൂപയാണ് വില.
.

ashikmuhammed180 @gmail.com