കണ്ണട

കഥ
Posted on: January 20, 2019 7:53 pm | Last updated: January 20, 2019 at 7:54 pm

‘മുത്തച്ഛനെന്താ ഇവിടെ തിരയുന്നത്..’
തന്റെ മുറിയിലെ മേശവലിപ്പില്‍ എന്തോ തിരക്കിട്ട് തിരയുന്ന മുത്തച്ഛനോട് അമ്മു ദേഷ്യത്തോടെ ചോദിച്ചു..
‘എന്റെ കണ്ണട കാണുന്നില്ല മോളേ.. ഇവിടെയെങ്ങാനും മറന്നു വെച്ചോ എന്നറിയാന്‍ നോക്കിയതാ..’
‘പിന്നേ.. എന്റെ മുറിയിലല്ലേ കണ്ണട.. മുത്തച്ഛന്റെ മുറിയില്‍ത്തന്നെ നല്ലോണം നോക്കൂ..’
‘അവിടെയൊക്കെ ഞാന്‍ നോക്കിയതാ മോളേ..’
‘മോനെ അപ്പൂ, മോന്‍ കണ്ടായിരുന്നോ മുത്തച്ഛന്റെ കണ്ണട?’
‘കണ്ടില്ല..’ അപ്പു മൊബൈലില്‍ നിന്ന് കണ്ണെടുക്കാതെ കനത്തില്‍ പറഞ്ഞു..
‘കിളവന്റെ കണ്ണട കിട്ടിയിട്ട് എനിക്ക് എന്തു കാര്യാ..’ ഉള്ളില്‍ തികട്ടിവന്ന പുച്ഛം പുറത്തേക്കെത്തിക്കാതെ അവന്‍ വിഴുങ്ങിക്കളഞ്ഞു..
വീണ്ടും വീണ്ടും തിരഞ്ഞിട്ടും കണ്ണട കിട്ടിയില്ല.. അയാള്‍ നേരെ അടുക്കളയിലേക്ക് ചെന്നു.
‘മോളെ നീ എന്റെ കണ്ണട കണ്ടോ?’
‘ഇല്ലച്ഛാ.. ഞാന്‍ കണ്ടില്ല.. അവിടെയെവിടെയെങ്കിലും കാണും.. അച്ഛനൊന്ന് തിരഞ്ഞു നോക്ക്.. എനിക്ക് ഒട്ടും നേരമില്ല.. കണ്ടില്ലേ.. ഇനിയും പാചകമൊന്നും കഴിഞ്ഞിട്ടില്ല..’
പത്രം വായിച്ചുകൊണ്ടിരിക്കുന്ന മരുമകനോട് ചോദിച്ചിട്ട് കാര്യമില്ല എന്നറിയാവുന്നതുകൊണ്ട് ആ ഭാഗത്തേക്ക് പോയതേയില്ല..
ഇനിയിപ്പോ കുഞ്ഞുമോളോട് ചോദിക്കാം.. അവള്‍ കളിക്കാന്‍ എടുത്തു കാണും..
കണ്ണും തിരുമ്മി എഴുന്നേറ്റ് വരികയായിരുന്ന അഞ്ച് വയസ്സുകാരി കുഞ്ഞുമോള്‍ മുത്തച്ഛനെ കണ്ട് വെളുക്കെ ചിരിച്ചു..
‘ചക്കര വാവ മുത്തച്ഛന്റെ കണ്ണട എടുത്തിരുന്നോ?’ മുത്തച്ഛന്‍ അവളെ ചേര്‍ത്തുപിടിച്ചു ചോദിച്ചു..
‘കണ്ണടയോ?.. അതിനു മുത്തച്ഛന് കണ്ണടയില്ലല്ലോ?’ കുഞ്ഞുമോള്‍ അത്ഭുതപ്പെട്ടു..
നിറഞ്ഞ കണ്ണുകളോടെ അയാള്‍ കുഞ്ഞുമോളെ വാരിയെടുത്തു കുഞ്ഞിക്കവിളില്‍ തുരുതുരാ ഉമ്മവെച്ചു.
.