Connect with us

Prathivaram

കാണേണ്ടതാണ്, കുറുമ്പാലക്കോട്ട

Published

|

Last Updated

മനസ്സിനെ കോരിത്തരിപ്പിക്കുന്ന പ്രകൃതി മനോഹാരിതയുടെ വ്യത്യസ്ത അനുഭവങ്ങള്‍ തേടിയുള്ള യാത്രയില്‍ ഒത്തിരി ഇഷ്ടപ്പെട്ടതായിരുന്നു കുറുമ്പാലക്കോട്ട മലയിലേക്കുള്ളത്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ അധ്യാപകരോടും കൂട്ടുകാരോടുമൊത്ത് ഒരു പഠനയാത്ര പോയിരുന്നു. വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാത്രമാണെന്നതിനാല്‍, ചിലപ്പോഴെല്ലാം നെല്ലിക്ക പറിക്കാന്‍ കൂട്ടുകാരുമായി കയറിയ ഓര്‍മകളുണ്ട്. പക്ഷേ, അപ്പോഴൊന്നും അതിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ സാധിച്ചിരുന്നില്ല.

മല കയറി വേഡ കോട്ടയിലേക്ക്..
സൂര്യോദയത്തിന്റെ വശ്യത ആസ്വദിക്കണം. അതാണ് ലക്ഷ്യം. പുലര്‍ച്ചെ 4.30ന് തന്നെ എഴുന്നേറ്റു. കൂടെ പെങ്ങളുടെ ഭര്‍ത്താവും കൂട്ടുകാരനും. മലയോടടുക്കുന്തോറും ബുള്ളറ്റുകളുടെ ശബ്ദം കൂടിക്കൂടി വന്നു. ദിനംപ്രതി മലയിലേക്കുള്ള സഞ്ചാരികള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. മലയുടെ താഴ്ഭാഗത്ത് നിന്ന് ഏകദേശം മൂന്ന് കിലോമീറ്ററുണ്ട് വ്യൂ പോയിന്റിലെത്താന്‍. ബൈക്കൊക്കെ അതിന്റെയടുത്ത് വരെ പോകും.

നടന്ന് ശീലമില്ലാത്തത് കൊണ്ടായിരിക്കാം, കിതക്കാനും തളരാനും അധികം സമയം വേണ്ടി വന്നില്ല. തണുത്ത ശരീരം വിയര്‍ക്കാന്‍ തുടങ്ങി. എങ്കിലും ഇടവഴികളിലെ പച്ചപ്പും പ്രകൃതിയും ആസ്വദിച്ച് ഞങ്ങള്‍ നടന്നു. ഒരു കാലത്ത് ഈ മല ഏതോ കുറുമ്പാലകന്റെ (രാജാവ്) കോട്ടയായിരുന്നു. സുരക്ഷിത സ്ഥലമായതിനാലാകാം വയനാടിന്റെ ഒത്ത നടുവിലുള്ള ഈ മല തന്നെ രാജാവ് തിരഞ്ഞെടുത്തത്. മുമ്പ് കോട്ടയുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ ശേഷിപ്പുകളൊന്നുമില്ല. വേഡ രാജവംശത്തിന്റെ അധീശത്വത്തിന്റെ ഓര്‍മ കൂടിയാണ് കുറുമ്പാലക്കോട്ട. വേഡ രാജകുമാരിയായ കുഞ്ഞിത്താലുവിന്റെ കുറുമ്പാലക്കോട്ടയില്‍ നിന്നുള്ള പുറപ്പാട് വര്‍ണിക്കുന്ന പാട്ടുകള്‍ രാജവംശത്തിന് കോട്ടയുമായുള്ള ബന്ധം വിവരിച്ചുതരും.

ആദ്യമൊക്കെ കൃത്യമായ വഴിയില്ലാത്തതിനാല്‍ കയറലും ഇറങ്ങലുമൊക്കെ പ്രയാസമായിരുന്നു. വടികള്‍ കൈയിലെടുത്ത് പുതുവഴിയുണ്ടാക്കി നടക്കുമ്പോള്‍ മുള്‍ച്ചെടികള്‍ കാലില്‍ തട്ടി മുറിവാകല്‍ പതിവായിരുന്നു. ഇന്ന് കൃത്യമായ വഴിയുള്ളതിനാല്‍ അത്തരം പ്രശ്‌നമൊന്നുമില്ല.

“ഇതാ.. എത്തിട്ടോ…” കൂട്ടുകാരന്‍ പറയുമ്പോള്‍ ആവേശം അലതല്ലുന്നുണ്ടായിരുന്നു. ഹൈറേഞ്ചില്‍ ഒരുപാട് പേരുണ്ട്. സൂര്യോദയം കാണാനുള്ള കാത്തിരിപ്പ്. ഞങ്ങള്‍ മുമ്പില്‍ തന്നെ സ്ഥാനം പിടിച്ചു. താഴെ തട്ടുതട്ടായി മേഘപാളികള്‍. കുറുമ്പാലക്കോട്ടയുടെ ഏറ്റവും വലിയ സൗന്ദര്യമാണ് ഈ മേഘപാളികള്‍. ആകാശത്തെ തൊട്ടുനില്‍ക്കുന്ന പ്രതീതി. എത്ര കണ്ടാലും മതി വരാത്തതാണ് സൂര്യോദയം. പുലര്‍കാലത്ത് കണ്ണുകളെ വര്‍ണങ്ങള്‍ നിറഞ്ഞ കാഴ്ചയുടെ സുന്ദര ലോകത്തേക്ക് എത്തിക്കാന്‍ സൂര്യോദയങ്ങള്‍ക്ക് കഴിയും. ബീച്ചില്‍ നിന്ന് കാണുന്നതിനേക്കാള്‍ ഭംഗിയാണ് മലയുടെ മുകളില്‍ നിന്നുള്ള സൂര്യോദയ കാഴ്ച. അധികം കാത്തുനില്‍ക്കേണ്ടി വന്നില്ല, പകലോന്‍ പുഞ്ചിരിച്ച് കൊണ്ട് കണ്ണ് തുറന്നു. കൂടി നിന്നവരെല്ലാം ആര്‍പ്പുവിളിക്കുന്നുണ്ടായിരുന്നു. സൂര്യ വെട്ടം മേഘപടലങ്ങളെ മെല്ലെ അലിയിക്കാന്‍ തുടങ്ങി. സമാവറില്‍ നിറച്ച കാപ്പിയുമായി ഒരാള്‍ നില്‍ക്കുന്നു. ഏലക്കയുടെ മണമുള്ള കാപ്പി കുടിച്ച് അടുത്ത സ്ഥലത്തേക്ക്.

കാണാന്‍ കരടി ഗുഹയുമുണ്ട്
സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രം ഉറങ്ങുന്ന മണ്ണ് കൂടിയാണ് കുറുമ്പാലക്കോട്ട. രാജകൊട്ടാരം വിട്ട് പഴശ്ശി രാജ അഭയം തേടിയത് വയനാടന്‍ മലനിരകളിലായിരുന്നു. ടിപ്പു സുല്‍ത്താനും വയനാടിന്റെ വിവിധ സ്ഥലങ്ങളില്‍ താമസിച്ചിരുന്നുവെന്ന് പഴമക്കാര്‍ പറയുന്നു. അതില്‍ ഒന്നാണ് കുറുമ്പാലക്കോട്ടയിലെ കരടി ഗുഹ. അതിന്റെ മുകളില്‍ നിന്ന് നോക്കിയാല്‍ താഴെയുള്ള ചലനങ്ങളും ശത്രുക്കളുടെ ആഗമനവുമെല്ലാം കൃത്യമായി അറിയാം. പിന്നീട് ബ്രിട്ടീഷുകാര്‍ ഈ ഗുഹ കണ്ടുപിടിക്കുകയും ഗുഹാമുഖം വലിയ പാറ കൊണ്ട് അടക്കുകയും ചെയ്തു. കുരിശുമല എന്ന പേരുമുണ്ട് കുറുമ്പാലക്കോട്ടക്ക്. പെസഹ വ്യാഴാഴ്ചയും മറ്റു വിശേഷ ദിനങ്ങളിലും ക്രിസ്തുമത വിശ്വാസികള്‍ മല കയറാറുണ്ട്.

എല്ലാം കണ്ടു, ഇനി മലയിറക്കം
ഒന്നുകൂടി അടിഭാഗത്തേക്ക് നോക്കി. മേഘപാളികള്‍ നീങ്ങിയതോടെ ചെറിയ കുന്നുകളും വയല്‍പ്പാടങ്ങളും തെളിഞ്ഞുവന്നു. കാഴ്ചകള്‍ കണ്ട് കുത്തനെയുള്ള ഇറക്കം ശ്രദ്ധയോടെ ഇറങ്ങിത്തുടങ്ങി.

കല്പറ്റയില്‍- മാനന്തവാടി റോഡില്‍ കബ്ലക്കാട് ടൗണില്‍ നിന്ന് ഇടത്തോട്ട് സഞ്ചരിച്ചാല്‍ പള്ളിക്കുന്ന് എന്ന സ്ഥലത്തെത്തും. ഇവിടെയാണ് പള്ളിക്കുന്ന് ലൂര്‍ദ് മാതാ ദേവാലയം സ്ഥിതി ചെയ്യുന്നത്. 1908ല്‍ ഫാദര്‍ ജെഫ്‌റീനോ എന്ന ഫ്രഞ്ചുകാരനായ പുരോഹിതനാണ് ഈ ദേവാലയം സ്ഥാപിച്ചത്. ഈ പള്ളിയുടെ രസകരമായ പ്രത്യേകത, ക്ഷേത്രങ്ങള്‍ക്ക് സമാനമായ പല ആചാരങ്ങളും അനുഷ്ഠിക്കുന്നു എന്നതാണ്. അവിടെ നിന്ന് വിളമ്പുകണ്ടം- ഏച്ചോം റോഡില്‍ 3.5 കി മീ സഞ്ചരിച്ചാല്‍ കുറുമ്പാലക്കോട്ട മലയിലെത്താം.
.