ഐ എസ് തുരങ്കങ്ങളിലൂടെ…

കഴിഞ്ഞ വര്‍ഷം വസന്തകാലത്ത് അറബി ബി ബി സി സംഘം കുന്നിനുള്ളിലെ തണുത്ത, പൊടിപിടിച്ച തുരങ്കപാത അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ടു. ഫോട്ടോഗ്രാമെട്രി പോലെയുള്ള മികച്ച സാങ്കേതിക വിദ്യകളിലൂടെ അന്വേഷണ ഫലങ്ങള്‍ പകര്‍ത്തി നല്ല നിലവാരമുള്ള ചിത്രങ്ങളിലൂടെ പുറം ലോകത്തെത്തിക്കാന്‍ ശ്രമിച്ചു. ഇസ്ലാമിക് സ്റ്റേറ്റ് എങ്ങനെയാണ് ഒരു പുരാതന പള്ളി തകര്‍ത്തതെന്നും അതിലൂടെ 3000 വര്‍ഷം പഴക്കമുള്ള ചരിത്രശേഷിപ്പുകള്‍ വെളിപ്പെട്ടതിനെക്കുറിച്ചുമുള്ള ബി ബി സി സംഘത്തിന്റെ കണ്ടെത്തലുകളിലേക്ക്...
yaseenvalliyad @gmail.com
Posted on: January 20, 2019 7:37 pm | Last updated: January 21, 2019 at 11:31 am

വടക്കന്‍ ഇറാഖി നഗരമായ മൊസൂളിലാണ് നബി യൂനുസ് എന്ന കുന്ന് സ്ഥിതി ചെയ്യുന്നത്. നൂറ്റാണ്ടുകളായി ആരാധനാ കര്‍മങ്ങള്‍ നടക്കുന്ന പ്രദേശമാണ് നബി യൂനുസ്. യൂനുസ് നബിയുടെ അന്ത്യ വിശ്രമ സ്ഥലവും (മഖ്ബറ) അനുബന്ധമായി പള്ളിയുമുണ്ട്. 2014 ജൂലൈയില്‍ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐ എസ്) നബി യൂനുസ് തകര്‍ത്തു. ഇത് ആരാധനയുടെ ഇടമല്ലെന്നും മതവിദ്വേഷം വളര്‍ത്തുന്ന സ്ഥലമാണെന്നുമായിരുന്നു അവരുടെ വാദം. തകര്‍ത്തതിന്റെ ദൃശ്യങ്ങള്‍ ലോകത്താകെ പ്രചരിച്ചു. ഖുര്‍ആനെ തെറ്റായി വ്യാഖ്യാനിച്ച് തീവ്രമായി ഇടപെടുന്ന ഐ എസിന് ആരാധനാലയങ്ങളും വിശുദ്ധ പ്രദേശങ്ങളും അത്രകണ്ട് പ്രസക്തമല്ലെന്ന സന്ദേശം ഇതിലൂടെ വ്യക്തമായിരുന്നു.

പൈതൃകം മണ്‍കൂനയായ വിധം
പുരാതനകാലം മുതല്‍ ആരാധനാ കാര്യങ്ങള്‍ നടന്നുപോരുന്ന ഒരിടമാണ് നബി യൂനുസിന്റെ തകര്‍ച്ചയോടെ ഇല്ലാതെയായത്. അതേസമയം പള്ളിയുടെ അടിയിലെന്താണെന്നതിനെ കുറിച്ചുള്ള ആശ്ചര്യം നിറഞ്ഞ ചോദ്യങ്ങളിലേക്ക് കൂടി ഈ സംഭവം നയിച്ചു. കഴിഞ്ഞ വര്‍ഷം വസന്തകാലത്ത് അറബി ബി ബി സി സംഘം കുന്നിനുള്ളിലെ തണുത്ത, പൊടിപിടിച്ച തുരങ്കപാത അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ടു. ഫോട്ടോഗ്രാമെട്രി പോലെയുള്ള മികച്ച സാങ്കേതികവിദ്യകളിലൂടെ അന്വേഷണ ഫലങ്ങള്‍ പകര്‍ത്തി നല്ല നിലവാരമുള്ള ചിത്രങ്ങളിലൂടെ പുറംലോകത്തെത്തിക്കാന്‍ ശ്രമിച്ചു. നബി യൂനുസ് തകര്‍ത്തതിന് പിന്നിലെ നിഗൂഢതകളും ഉത്തരമില്ലാത്ത ചോദ്യങ്ങളും കണ്ടെത്താനുള്ള ശ്രമങ്ങള്‍ അവര്‍ നടത്തി.

ഐ എസ് തീവ്രവാദികള്‍ 2014 ജൂലൈ 24ന് പള്ളിയുടെ അകത്തും പുറത്തുമുള്ള ചുവരുകളില്‍ സ്‌ഫോടകവസ്തുക്കള്‍ സ്ഥാപിച്ചു. പള്ളിക്കകത്ത് ആരാധനാ കര്‍മങ്ങള്‍ നിര്‍വഹിച്ചവരോട് വിട്ടുപോകാന്‍ ഉത്തരവിട്ടു. 500 മീറ്റര്‍ ദൂരം (1640 അടി) മാറാന്‍ നാട്ടുകാരോടും നിര്‍ദേശിച്ചു. വളരെ ചുരുങ്ങിയ സമയം കൊണ്ട് നബി യൂനുസ് പള്ളി മണ്‍കൂമ്പാരമായി. ഐ എസ് തീവ്രവാദികള്‍ അവിടെയുണ്ടായിരുന്ന ക്രിസ്ത്യാനികളെ നാടുകടത്തി. ബഹുസ്വരമായ മൊസൂളിനെ ചരിത്രത്തിലാദ്യമായി ഏക മതത്തിന്റെ നഗരമാക്കാനുള്ള ശ്രമത്തിനാണ് അവിടെ തുടക്കം കുറിച്ചത്. മൊസൂളിലെ വിശുദ്ധയിടങ്ങളും സുപ്രധാന രേഖകളും തകര്‍ക്കുന്നതിലൂടെ അവര്‍ ആനന്ദം കണ്ടെത്തുന്നതിന്റെ ഭാഗമായിരുന്നു ഇതെല്ലാം.

പുരാതന നഗരമായ നീനവയുടെ അടുത്ത പ്രദേശമാണ് നേര്‍ഗല്‍ ഗേറ്റ്. അവിടെയുണ്ടായിരുന്ന ലമാസുവെന്ന പ്രതിമയും ഐ എസ് തീവ്രവാദികള്‍ തകര്‍ത്തു. അസീറിയന്‍ ഭരണകാലത്ത് കൊട്ടാരം കവാടത്തില്‍ കാവല്‍ നിന്നിരുന്ന ഒരു ഐതിഹ്യ ജീവിയായിരുന്നു ലമാസു. പ്രതിമയുടെ ചിരിക്കുന്ന സുന്ദരമായ മുഖം ജാക്ക്ഹാമര്‍ പോലെയുള്ള മാരകായുധങ്ങള്‍ ഉപയോഗിച്ച് അടിച്ചുതകര്‍ത്തു. നബി യൂനുസിന്റെ തകര്‍ച്ചയെ ഐ എസ് ന്യായീകരിക്കുകയും ആരാധനാലയത്തിലെ നിയമസാധുത സംബന്ധിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്തു. ക്രിസ്തീയ പുരോഹിതന്മാരുടെ ശവക്കല്ലറ ആണെന്ന് ഇസ്‌ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ വാദിച്ചു. മനുഷ്യന്റെ കാഴ്ചവട്ടത്തില്‍ നിന്ന് നൂറ്റാണ്ടുകളായി മറഞ്ഞിരുന്ന പലവസ്തുക്കളും ബി ബി സി സംഘം കണ്ടെത്തി.

മണ്ണിനടിയിലെ കൊട്ടാരം
നബി യൂനുസ് കുന്നിലെ മണ്ണിനടിയില്‍ കാണപ്പെട്ട കൊട്ടാരം അസീറിയന്‍ രാജാക്കന്മാരുടെ വാസസ്ഥലവും പട്ടാളക്കാരുടെ ക്യാമ്പും ആയിരുന്നു. ഏകദേശം ബി സി ഏഴാം നൂറ്റാണ്ടോളം പഴക്കമുണ്ട്. 1850ല്‍ പുരാവസ്തു ഗവേഷകരായ ഓസ്റ്റണ്‍ ഹെന്റി ലയാര്‍ഡും അദ്ദേഹത്തിന്റെ മൊസൂള്‍ വംശജനായ സഹായി ഹോമുദ് റസാമും നബി യൂനുസിന്റെ അടിയില്‍ ഒരു കൊട്ടാരം ഉണ്ടായിരുന്നതിന്റെ രേഖകള്‍ കണ്ടെത്തി. ടൈഗ്രീസ് നദിയുടെ മറുകരയിലെ കൊയ്‌നിക്കില്‍ ഒരു കൊട്ടാരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതോടെ ലയാര്‍ഡും റസാമും നബി യൂനുസിലേക്ക് ശ്രദ്ധ തിരിച്ചു. സ്ഥലത്തിന്റെ പരിശുദ്ധി കണക്കിലെടുത്ത് കൂടുതല്‍ പഠനങ്ങള്‍ നടത്താനായില്ല. പവിത്രമായ ഒരു സ്ഥലമെന്ന നിലക്ക് അവിടെ പര്യവേക്ഷണം നടത്താനുള്ള എല്ലാ ശ്രമങ്ങളും വിലക്കപ്പെട്ടു. 1989- 90 കാലത്ത് ഇറാഖ് സര്‍ക്കാര്‍ ഖനനം നടത്തുന്നതിനിടെ നബി യൂനുസിനെ ബാധിക്കുമോയെന്ന ഭയത്തില്‍ കൂടുതല്‍ മുന്നോട്ടുപോയില്ല. മസ്ജിദിന്റെ പൗരാണിക നിര്‍മാണത്തെ ബാധിക്കുമോയെന്നായിരുന്നു കാരണം.

2017 ജനുവരിയില്‍ ഐ എസില്‍ നിന്ന് കിഴക്കന്‍ മൊസൂള്‍ പിടിച്ചെടുത്ത ശേഷം പള്ളിയുടെ അടിയില്‍ നിന്ന് ചില പ്രധാന തുമ്പുകള്‍ പുരാവസ്തു ഗവേഷകര്‍ക്ക് ലഭിച്ചു. മുമ്പ് രേഖപ്പെടുത്തിയതിനേക്കാളേറെ തുരങ്കങ്ങള്‍ കാണപ്പെട്ടു. അമ്പതിലധികം പുതിയ തുരങ്കങ്ങള്‍ കണ്ടെത്തി. കുറഞ്ഞ ദൂരമുള്ളതും 20 മീറ്ററിലധികമുള്ളതും അതിലുണ്ടായിരുന്നു. ഹെയ്ഡല്‍ബര്‍ഗ് യൂനിവേഴ്‌സിറ്റിയിലെ പ്രൊഫസറായ ഡോ. പീറ്റര്‍ എ മിഗ്ലസ് പ്രാഥമികമായ ചില ഗവേഷണങ്ങള്‍ തുരങ്കങ്ങളില്‍ നടത്തുകയും സ്വിസ് ചീസ് പോലെ അരിപ്പ രൂപത്തില്‍ പള്ളിയുടെ അടിഭാഗത്ത് രൂപപ്പെട്ടതായി കണ്ടെത്തുകയും ചെയ്തു. മിക്ക തുരങ്കങ്ങളും പിക്കാസ് ഉപയോഗിച്ച് കുഴിച്ചതായിരുന്നു. ചെറിയ മണ്‍കോരികള്‍ ഉപയോഗിച്ചതായും അടയാളം കണ്ടിരുന്നു. തുരങ്കത്തിന്റെ കൂടിയ ഉയരം 3.5 മീറ്ററും ചുരുങ്ങിയത് ഒരു മീറ്റര്‍ തികച്ചില്ലാത്തതുമായിരുന്നു.

പ്രാഥമിക അന്വേഷണത്തില്‍ തീവ്രവാദികള്‍ തന്നെയാണ് പുതിയ തുരങ്കങ്ങള്‍ കുഴിച്ചതെന്ന് തെളിഞ്ഞു. കുഴിക്കുന്നതിനായി സാധാരണക്കാരെ ഐ എസ് വാടകയ്‌ക്കെടുത്തുവെന്ന് കിഴക്കന്‍ മൊസൂളിലെ ജനങ്ങള്‍ ബി ബി സിയോട് പറഞ്ഞു. അവിടെയുള്ള അസീറിയന്‍ ശേഷിപ്പുകള്‍ കൊള്ളയടിക്കുകയായിരുന്നു ഉദ്ദേശ്യം. എണ്ണ കഴിഞ്ഞാല്‍ പുരാവസ്തുക്കളുടെ വില്‍പ്പന പ്രധാന വരുമാനമാര്‍ഗമായി ഐ എസ് കണക്കാക്കിയിരുന്നു. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഓറിയന്റല്‍ ആന്‍ഡ് ആഫ്രിക്കന്‍ സ്റ്റഡീസിലെ റിസര്‍ച്ച് അസോസിയേറ്റ് ഡോ. ലാമിയ ഗൈലാനി വെര്‍ പറയുന്നു, ഇത് മൊസൂള്‍ മ്യൂസിയം പോലെയുണ്ടെന്ന്. 2015ല്‍ മ്യൂസിയത്തില്‍ നിന്ന് ഐ എസ് തീവ്രവാദികള്‍ കടത്തിയ പുരാതന വസ്തുക്കളുമായി സാമ്യമുള്ളതായി മനസ്സിലായി. വില്‍ക്കാനുള്ള ഉദ്ദേശ്യത്തോടെയാണ് നബി യൂനുസില്‍ നിന്ന് സാധനങ്ങളെല്ലാം മോഷ്ടിച്ചതെന്ന് വ്യക്തമായിരുന്നു. നബി യൂനുസിനടിയിലെ കുന്ന് വളരെ ശ്രദ്ധയോടെയാണ് അവര്‍ കൊള്ളയടിച്ചത്. തീവ്രവാദികള്‍ക്ക് കടക്കാനാവാത്ത പലതും അവിടെയുണ്ടായിരുന്നു. അത്തരം വലിയ സാധനങ്ങളില്‍ ചിലതെല്ലാം കൊട്ടാരത്തിലെ ചുവരില്‍ ഉറപ്പിക്കപ്പെട്ടതായിരുന്നു. അത് ഇളക്കിയെടുക്കുന്നത് തുരങ്കത്തിന്റെ ഘടനയെ തന്നെ ബാധിക്കുമെന്ന രീതിയിലായതിനാല്‍ മോഷണം സാധ്യമല്ലായിരുന്നു.

മൂന്ന് വനിതകള്‍
നബി യൂനുസിലെ ഇരുണ്ട തുരങ്കങ്ങളിലേക്ക് 2018 മാര്‍ച്ചില്‍ ബി ബി സിയുടെ മാധ്യമപ്രവര്‍ത്തകര്‍ ഇറങ്ങി നോക്കിയപ്പോള്‍ പുരാവസ്തു ഗവേഷകര്‍ മുമ്പ് കണ്ടെത്തിയ പലതും നഷ്ടപ്പെട്ടിരുന്നു. ഏകദേശം മുപ്പത് ചുണ്ണാമ്പുകല്ലുകള്‍ അവിടെയുണ്ടായിരുന്നു. അസീറിയന്‍ രാജാക്കന്മാരായ എസര്‍ഹദോന്റെയും അശുര്‍ബാനിപാളിന്റെയും പേര് കൊത്തിവെക്കപ്പെട്ടതായിരുന്നു മിക്കവയും. സെന്ന കരീബെന്ന രാജാവിന്റെ പേരുകൊത്തിയ കട്ടകളും അതിലുണ്ടായിരുന്നു. ചുണ്ണാമ്പുകല്ലുകള്‍ക്കൊപ്പം ചെറിയ ഭരണികളും മോഷ്ടിക്കപ്പെട്ടു. എന്നാല്‍ ആശ്ചര്യപ്പെടുത്തുന്ന കാര്യം ഒരു കൂട്ടം സ്ത്രീകളുടെ ശേഷിപ്പുകള്‍ കണ്ടെത്തിയതായിരുന്നു. ഉത്തരങ്ങളെക്കാള്‍ അതൊരുപാട് ചോദ്യങ്ങള്‍ക്ക് വഴിവച്ചു. ഓക്‌സ്‌ഫോര്‍ഡിലെ ആഷ്‌മോലിന്‍ മ്യൂസിയത്തിലെ ആര്‍ട്ട് ആന്‍ഡ് ആര്‍ക്കിയോളജി വിഭാഗത്തിലെ ഡോ. പോള്‍ കോളിന്‍സ് ഈ ചിത്രങ്ങള്‍ മുമ്പൊന്നും കാണാത്തവയായി വിശ്വസിക്കുന്നു. ഇതിനു സമാനമായ ഒന്നും മറ്റെവിടെയും ഇല്ലെന്നും അദ്ദേഹം പറയുന്നു. അതുവരെ അസീറിയന്‍ കൊട്ടാരങ്ങളില്‍ നിന്ന് കിട്ടിയ പ്രതിബിംബങ്ങള്‍ എല്ലാം ആണുങ്ങളുടെതായിരുന്നു. വേട്ടക്ക് ശേഷം കുത്തിക്കൊന്ന സിംഹത്തെയും വഹിച്ച് രാജാവും സൈന്യവും കൊട്ടാരത്തിലേക്കു വരുന്ന ചിത്രങ്ങള്‍ അതിലുണ്ടായിരുന്നു. ചിത്രീകരിക്കപ്പെട്ട സ്ത്രീകള്‍ യുദ്ധത്തില്‍ ഇരയാക്കപ്പെട്ട, തടവിലാക്കപ്പെട്ട രൂപത്തിലാണ് കാണപ്പെട്ടത്. മുദ്രകളില്‍ നിന്നും ലോഹപ്പണികളില്‍ നിന്നും രാജകീയ വിജയങ്ങളിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കുന്ന കൂടുതല്‍ അസീറിയന്‍ ചിത്രങ്ങള്‍ രാജകൊട്ടാരത്തില്‍ നിന്ന് ലഭിച്ചില്ലെന്ന് ഡോ. കോളിന്‍സ് പറയുന്നു. ചിത്രങ്ങള്‍ മതവുമായി ബന്ധപ്പെട്ടതാണ്, അതാണിവിടെ ഉദ്ദേശിച്ചിട്ടുള്ളത്. രാജാവുമായി ബന്ധമുള്ള ദേവന്മാരെ പ്രദര്‍ശിപ്പിക്കുക വിരളമാണുതാനും.

അസീറിയന്‍ കലയുമായി ബന്ധപ്പെട്ടവര്‍ അതിന് മുഖമുണ്ടെന്നു പറയുന്നു. ന്യൂയോര്‍ക്കിലെ സെന്റ് ജോണ്‍സ് യൂനിവേഴ്‌സിറ്റിയിലെ അസി. പ്രൊഫസറും പുരാതന പൗരസ്ത്യ കലകളില്‍ വിദഗ്ധനുമായ ഡോ. അമി ഗന്‍സല്‍ ഇത് തീര്‍ത്തും ആശ്ചര്യപ്പെടുത്തുന്നുവെന്നും ആദ്യമായിട്ടാണ് കാണുന്നതെന്നും പറയുന്നു. ഈ ചിത്രങ്ങള്‍ ദേവതകളാണെന്ന് പലരും വിശ്വസിക്കുന്നുണ്ടെങ്കിലും ഡോ. ഗന്‍സല്‍ വിശ്വസിക്കുന്നത് വ്യത്യസ്തമായിട്ടാണ്. കൊമ്പുകളുടെയും കിരീടങ്ങളുടെയും അഭാവമുള്ളതിനാലും അസീറിയന്‍ കലയില്‍ ദേവതകള്‍ക്ക് കല്‍പ്പിച്ചു നല്‍കുന്ന പ്രത്യേക ചിഹ്നങ്ങളില്ലാത്തതിനാലും സാധാരണ സ്ത്രീകളാണെന്ന് അവയെല്ലാമെന്ന വ്യത്യസ്തമായ ആശയമാണ് അദ്ദേഹം പങ്കുവെക്കുന്നത്. രാജകുടുംബത്തില്‍പ്പെട്ട സമൂഹത്തില്‍ വളരെ സ്വാധീനമുള്ള അവര്‍ ദൈവത്തിന് വഴിപാട് കഴിക്കുന്നതും ആചാരങ്ങളില്‍ ഇടപെടുന്നതുമാണ് ചിത്രങ്ങളിലുള്ളതെന്നും വിശ്വസിക്കുന്നു. ഇത് രസകരമാണെന്ന് നിറഞ്ഞതാണെന്ന് ഡോ. ഗന്‍സല്‍ ബി ബി സിയോട് പറഞ്ഞു. അസീറിയന്‍ സമൂഹത്തിലും മതത്തിലും സ്ത്രീകള്‍ക്കുള്ള പ്രാധാന്യത്തെ കുറിക്കുന്ന ചിത്രങ്ങള്‍ അതുല്യമായ ഒന്നാണെന്നും ഡോ. ഗന്‍സല്‍ പറയുന്നു.

ഇതുവരെ ഈ ചിത്രീകരണങ്ങള്‍ സംബന്ധിച്ച് വ്യക്തമായ പഠനങ്ങള്‍ നടന്നിട്ടില്ല. ആയതിനാല്‍ തുരങ്കങ്ങളില്‍ നിന്ന് ലഭിച്ചതിനെ സംബന്ധിച്ച് വ്യക്തമായ നിഗമനത്തിലെത്തുകയും സാധ്യമല്ല. ചില ശേഷിപ്പുകളും രേഖകളും തലകീഴായി കാണപ്പെട്ടതിനാല്‍ ചിലപ്പോള്‍ മറ്റെവിടെ നിന്നെങ്കിലും എടുത്തതാവാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. അതേസമയം, ബി ബി സി സംഘം പകര്‍ത്തിയ ചിത്രങ്ങള്‍ ചരിത്രരേഖകളെ സംബന്ധിച്ച് ഒരുപാട് വിവരങ്ങള്‍ പങ്കുവെക്കുന്നുണ്ട്. തുടച്ചുനീക്കാന്‍ ശ്രമിച്ചിട്ടും നബി യൂനുസിന്റെ കഥകള്‍ എക്കാലത്തും നിലനില്‍ക്കുമെന്നതിന്റെ ഉദാഹരണങ്ങളാണ് അവസാനമായി ലഭിച്ച ശേഷിപ്പുകളിലൂടെ ഓര്‍മപ്പെടുത്തുന്നത്.

—————————-

നമക് ഖോഷ്‌നവ്. സ്വത. വിവ. യാസീന്‍ ഫവാസ്
.