Connect with us

Gulf

ഏഴ് പ്രധാന മേഖലകളില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ യു എ ഇ-സഊദി ധാരണ

Published

|

Last Updated

ദുബൈ: സംയുക്ത ക്രിപ്‌റ്റോ കറന്‍സി (പണത്തിനു പകരമായി കൈമാറ്റം ചെയ്യാന്‍ പറ്റുന്ന മൂല്യമുള്ള കൃത്രിമമായ ഇലക്ട്രോണിക് നാണയം) ഉള്‍പെടെ ഏഴ് സുപ്രധാന മേഖലകളില്‍ പരസ്പരം ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ യു എ ഇ-സഊദി ധാരണ. ഇരു രാജ്യങ്ങള്‍ക്കുമിടയിലും ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കാനുള്ള നടപടികളില്‍ ധാരണയാകാനും തീരുമാനമായി. അബുദാബിയില്‍ ചേര്‍ന്ന സഊദി-ഇമാറാത്തി കോര്‍ഡിനേഷന്‍ കൗണ്‍സിലിന്റെ എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗത്തിലാണ് സുപ്രധാന മേഖലകളില്‍ സഹകരിക്കാനുള്ള തീരുമാനം.
യു എ ഇയുടെ ഭാഗത്ത് നിന്ന് ക്യാബിനറ്റ് അഫയേഴ്‌സ്-ഭാവി കാര്യ മന്ത്രി മുഹമ്മദ് അബ്ദുല്ല അല്‍ ഗര്‍ഗാവിയും സഊദി ഭാഗത്ത് നിന്ന് സാമ്പത്തിക-ആസൂത്രണ വകുപ്പ് മന്ത്രി മുഹമ്മദ് ബിന്‍ മസ്‌യദ് അല്‍തവാജിരിയുടെയും നേതൃത്വത്തിലായിരുന്നു ചര്‍ച്ച.

സര്‍വീസ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ്‌സ്, വിനോദസഞ്ചാരം, വ്യോമയാനം, സംരംഭകത്വം, കസ്റ്റംസ് ആന്‍ഡ് സെക്യൂരിറ്റി തുടങ്ങിയവയിലാണ് പരസ്പരം ചേര്‍ന്നു പ്രവര്‍ത്തിക്കുക. സംയുക്ത പദ്ധതികളുടെ നടത്തിപ്പ് ഉറപ്പുവരുത്തുകയാണ് സഊദി-ഇമാറാത്തി കോര്‍ഡിനേഷന്‍ കൗണ്‍സിലിന്റെ ചുമതല.
യോഗ തീരുമാനപ്രകാരം ഇരു രാജ്യാതിര്‍ത്തികളിലെയും കസ്റ്റംസ് പ്രവര്‍ത്തനങ്ങളും ചരക്കുനീക്കവും സുഗമമാകും. സഊദിയില്‍ നിന്ന് 41ഉം യു എ ഇയില്‍ നിന്ന് 40ഉം തിരഞ്ഞെടുത്ത കമ്പനികള്‍ക്ക് തങ്ങളുടെ ചരക്കുനീക്കം സുഗമമാക്കാനാകും. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം ദൃഢമാക്കാന്‍ ഇത് സഹായിക്കും.

പ്രതിസന്ധി ഘട്ടങ്ങളിലും പ്രകൃതി ദുരന്ത സമയങ്ങളിലും ഒന്നിച്ച് പ്രവര്‍ത്തിക്കുന്നതിന് ഇരുരാജ്യങ്ങളിലെയും ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് സംയുക്ത പരിശീലനം നല്‍കും.
വ്യോമയാന യാത്രകളില്‍ നിശ്ചയദാര്‍ഢ്യക്കാരായ ആളുകളുടെ സൗകര്യത്തിന് ഇരുരാജ്യങ്ങളിലെയും വിമാനത്താവളങ്ങളില്‍ കൂടുതല്‍ സംവിധാനങ്ങള്‍ ഒരുക്കും.
ഏഴ് മുതല്‍ 18 വരെ പ്രായമുള്ള കുട്ടികള്‍ക്ക് തങ്ങളുടെ സമ്പാദ്യം ഭാവിയിലേക്ക് എങ്ങനെ ഉചിതമായി കൈകാര്യം ചെയ്യാമെന്നത് സംബന്ധിച്ച് ഇരു രാജ്യങ്ങളും സംയുക്തമായി പഠനം നല്‍കും. സംരംഭകരാകാനും വാണിജ്യലോകത്തെ കൂടുതല്‍ അറിവുകള്‍ നുകരാനും കുട്ടികളെ പ്രാപ്തരാക്കും.
വ്യോമ ഗതാഗതത്തില്‍ സുരക്ഷ വര്‍ധിപ്പിക്കുകയും വ്യോമയാന അപകടങ്ങളില്‍ സംയുക്ത അന്വേഷണം നടത്താനും യോഗത്തില്‍ തീരുമാനമായി.

Latest