രാമക്ഷേത്രം നിര്‍മിക്കുമെന്ന് വാഗ്ദാനം ചെയ്താല്‍ കോണ്‍ഗ്രസിനെ പിന്തുണക്കാം: വി എച്ച് പി

Posted on: January 20, 2019 7:22 pm | Last updated: January 20, 2019 at 7:22 pm

ലക്‌നൗ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണക്കാമെന്ന് വിശ്വഹിന്ദു പരിഷത്. പക്ഷെ ഒരുപാധിയുണ്ട്. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്യണം. വി എച്ച് പി എക്‌സിക്യൂട്ടീവ് വൈസ് പ്രസി. അലോക് കുമാര്‍ ആണ് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ ഇക്കാര്യം മുന്നോട്ടു വച്ചത്. പ്രയാഗ്‌രാജില്‍ കുംഭമേളയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.

തങ്ങള്‍ക്കു മുന്നില്‍ അടച്ചിരിക്കുന്ന വാതിലുകള്‍ തുറക്കാന്‍ തയാറാവുകയും അധികാരത്തില്‍ വന്നാല്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന് പ്രകടനപത്രികയില്‍ പറയുകയും ചെയ്താല്‍ കോണ്‍ഗ്രസിനെ പിന്തുണക്കുന്ന കാര്യം ആലോചിക്കാം. അലോക് കുമാര്‍ പറഞ്ഞു.

എന്നാല്‍, ഈ വാര്‍ത്ത പുറത്തുവന്നതോടെ അലോക് കുമാര്‍ മലക്കം മറിഞ്ഞു. തന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണ്. രാമക്ഷേത്ര നിര്‍മാണത്തിനായി പാര്‍ലിമെന്റില്‍ നിയമം രൂപവത്കരിക്കാന്‍ പിന്തുണക്കണമെന്ന ആവശ്യവുമായി പാര്‍ട്ടികളെ സമീപിച്ചിരുന്നു. അങ്ങനെ ചെയ്യുന്നവരോട് നന്ദിയുണ്ടാകും. എന്നാല്‍, ഏതെങ്കിലും പാര്‍ട്ടിയെ പിന്തുണക്കുമെന്ന് അതിന് അര്‍ഥമില്ല. അങ്ങനെ ചെയ്യാന്‍ ഉദ്ദേശിക്കുന്നുമില്ല.