ദുബൈയില്‍ പ്രവാസി സമൂഹത്തെ മുഖ്യമന്ത്രി അഭിസംബോധന ചെയ്യും

Posted on: January 20, 2019 7:18 pm | Last updated: January 20, 2019 at 7:18 pm

ദുബൈ: അടുത്ത മാസം 15, 16 തിയതികളില്‍ ദുബൈയില്‍ നടക്കുന്ന ലോക കേരള സഭയുടെ ആദ്യ മേഖലാ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യും. 15ന് വൈകുന്നേരം ഏഴിന് ഇത്തിസലാത്ത് മൈതാനിയിലാണ് പരിപാടി. സമ്മേളനത്തില്‍ മുഖ്യമന്ത്രിക്ക് പുറമേ നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ചീഫ് സെക്രട്ടറി ടോം ജോസ്, പ്രവാസികാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ ഇളങ്കോവന്‍, പ്രവാസി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി ടി കുഞ്ഞുമുഹമ്മദ്, നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ കെ വരദരാജന്‍, നോര്‍ക്ക റൂട്ട്‌സ് സി ഇ ഒ കെ ഹരികൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ പങ്കെടുക്കും.

ഗള്‍ഫ് മേഖലയിലെ ലോക കേരള സഭാംഗങ്ങളാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. 2020 ജനുവരി ആദ്യം നിയമസഭാ സമുച്ചയത്തില്‍ നടത്താന്‍ പോകുന്ന വിപുലമായ രണ്ടാം ലോക കേരള സഭക്ക് മുന്നോടിയായാണ് ദുബൈയില്‍ ലോക കേരള സഭ മേഖലാ സമ്മേളനം നടക്കുക. ഇതിന്റെ ഭാഗമായി കേരളത്തനിമയും പാരമ്പര്യവും നിലനിര്‍ത്തുന്ന കലാപരിപാടികളും സംഘടിപ്പിക്കും.