Connect with us

National

എം എല്‍ എയില്‍ നിന്ന് ആഡംബര്‍ കാര്‍ സമ്മാനമായി സ്വീകരിച്ചു; സിദ്ധരാമയ്യ വീണ്ടും വിവാദക്കുരുക്കില്‍

Published

|

Last Updated

ബംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യക്ക് പാര്‍ട്ടി എം എല്‍ എ ആഡംബര്‍ കാര്‍ സമ്മാനിച്ചതുമായി ബന്ധപ്പെട്ട് വിവാദം പുകയുന്നു. എം എല്‍ എ. ബൈരാതി സുരേഷ് മെഴ്‌സിഡസ് ബെന്‍സ് കാര്‍ സമ്മാനിച്ചുവെന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നത്.

അതേസമയം, ഈ വാര്‍ത്ത തെറ്റാണെന്നും സുരേഷിന്റെ കാര്‍ യാത്രാ ആവശ്യങ്ങള്‍ക്കായി വിട്ടുകൊടുത്തതാണെന്നും മന്ത്രി ഡി കെ ശിവകുമാര്‍ പറഞ്ഞു. യാത്രക്കു സുഹൃത്തുക്കളുടെ കാര്‍ വിട്ടുകൊടുക്കുന്നതു പോലെത്തന്നെയാണ് ഇതും. സിദ്ധരാമയ്യക്കു കാര്‍ സമ്മാനമായി നല്‍കിയതാണ് എന്നതിന് എന്തെങ്കിലും തെളിവുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു.

നേരത്തെയും സമ്മാനങ്ങള്‍ സ്വീകരിച്ചത് സംബന്ധിച്ച സിദ്ധരാമയ്യ വിവാദ കുരുക്കില്‍ അകപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണില്‍ അന്ന് മന്ത്രിയായിരുന്ന കെ ജി ജോര്‍ജ്ജ് സിദ്ധരാമയ്യക്ക് ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ കാറും ഒരു വര്‍ഷത്തേക്കുള്ള ഇന്ധന കൂപ്പണും സമ്മാനിച്ചതും ആരോപണങ്ങള്‍ക്ക് ഇടയാക്കി. ഇതേ തുടര്‍ന്ന്, ഇന്നോവ കാറില്‍ യാത്ര ചെയ്യുമ്പോള്‍ സിദ്ധരാമയ്യക്ക് അനുഭവപ്പെടുന്ന പ്രയാസങ്ങള്‍ പരിഗണിച്ച് താന്‍ കാര്‍ വിട്ടുനല്‍കിയതാണെന്ന ന്യായീകരണവുമായി ജോര്‍ജ്ജ് രംഗത്തെത്തി.

ഇതിനും മുമ്പ് 2016ല്‍ വജ്രം പതിച്ച വാച്ച് സിദ്ധരാമയ്യ സ്വീകരിച്ചതിനെ ചൊല്ലി വന്‍ കോലാഹലങ്ങളുയര്‍ന്നു. ബി ജെ പിയും ജനതാദളു (യു) മെല്ലാം കടുത്ത വിമര്‍ശനമുയര്‍ത്തിയതോടെ വാച്ചിനെ സംസ്ഥാന സ്വത്തായി പ്രഖ്യാപിച്ച് സ്പീക്കര്‍ക്കു കൈമാറി തടിയൂരുകയായിരുന്നു സിദ്ധരാമയ്യ ചെയ്തത്.

Latest