കര്‍ണാടക: റിസോര്‍ട്ടില്‍ പാര്‍പ്പിച്ച കോണ്‍ഗ്രസ് എംഎല്‍എമാര്‍ തമ്മില്‍ ഏറ്റുമുട്ടല്‍; ഒരാള്‍ക്ക് പരുക്ക്

Posted on: January 20, 2019 5:19 pm | Last updated: January 20, 2019 at 10:33 pm

ബംഗളൂരു: ബിജെപിയുടെ ചാക്കിടുപ്പിടുത്തം ഭയന്ന് ബംഗളൂരുവിലെ ഈഗിള്‍ടണ്‍ റിസോര്‍ട്ടില്‍ പ്രവേശിപ്പിച്ച കോണ്‍ഗ്രസ് എംഎല്‍എമാര്‍ തമ്മില്‍ ഏറ്റുമുട്ടല്‍. ഒരു എംഎല്‍എക്ക് പരുക്കേറ്റു. ജെഎന്‍ ഗണേഷ്, ആനന്ദ് എന്നീ എംഎല്‍എമാര്‍ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. ഇതിനിടയില്‍ തലക്ക് കുപ്പി കൊണ്ട് അടിയേറ്റ ആനന്ദിന് പരുക്കേറ്റു. ഇദ്ദേഹത്തെ ബംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

റിസോര്‍ട്ടില്‍ പാര്‍ട്ടിക്കിടെയാണ് സംഭവം. ബിജെപി ചായ്‌വ് പ്രകടിപ്പിച്ച എംഎല്‍എമാരുമായി ബന്ധം പുലര്‍ത്തുന്നയാളാണ് ഗണേഷ്. ഇതുസംബന്ധിച്ച് ഗണേഷും ആനന്ദും തമ്മിലുണ്ടായ വാഗ്വാദമാണ് സംഘട്ടനത്തില്‍ കലാശിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വാഗ്വാദം മൂര്‍ച്ഛിച്ചപ്പോള്‍ കൈയിലിരുന്ന കുപ്പി കൊണ്ട് ഗണേഷ് ആനന്ദിന്റെ തലക്കടിച്ചു. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം.

അതേസമയം, ആരോപണം കോണഗ്രസ് നിഷേധിച്ചു. അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് പ്രചരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ഡികെ ശിവകുമാര്‍ പറഞ്ഞു. കോണ്‍ഗ്രസ് ഒറ്റക്കെട്ടാണെന്നും ആനന്ദും ഗണേഷും അടക്കം എംഎല്‍എമാര്‍ റിസോര്‍ട്ടില്‍ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.